ദുബൈ: ഇന്ത്യക്കും യു.എ.ഇക്കുമിടയിൽ വൻതുകയുടെ ഇടപാടുകൾക്ക് സ്പെഷൽ റുപീ വെസ്ട്രോ അക്കൗണ്ട്(എസ്.ആർ.വി.എ) ഉപയോഗിക്കാൻ അനുമതി നൽകുമെന്ന റിസർവ് ബാങ്കിന്റെ പ്രഖ്യാപനം വാണിജ്യ മേഖലക്ക് വലിയ നേട്ടമാകുമെന്ന് വിലയിരുത്തൽ. രൂപയുടെ വിനിമയമൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ബാധിക്കാതെ വേഗത്തിൽ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുമെന്നതാണ് ഇത്തരം അക്കൗണ്ടുകളുടെ നേട്ടം. ഈമാസം അഞ്ചിനാണ് എസ്.ആർ.വി.എ അക്കൗണ്ടുകൾ ഇന്ത്യയിലെ റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ കാറ്റഗറി വൺ അംഗീകൃത ഡീലർ ബാങ്കുകൾക്കാണ് കറസ്പോണ്ടന്റ് ബന്ധമുള്ള വിദേശബാങ്കുകളുമായി ഇത്തരം അക്കൗണ്ട് തുറക്കാൻ അനുമതി ലഭിക്കുക. ഇതിന് റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി ആവശ്യമില്ല. ഇരുരാജ്യങ്ങൾക്കുമിടയിൽ കോടികളുടെ ഇടപാട് നടത്തേണ്ടിവരുന്ന സ്ഥാപനങ്ങൾക്കും വ്യവസായികൾക്കും ഈ സംവിധാനം വലിയ അനുഗ്രഹമായി മാറുമെന്നാണ് കണക്കുകൂട്ടുന്നത്. ഒപ്പം, ഇന്ത്യക്കും യു.എ.ഇക്കുമിടയിലെ വാണിജ്യം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാനും ഇത് വഴിതുറക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.