ഷാർജ പൊലീസ് ആരംഭിച്ച ആഡംബര വാഹന ഡ്രൈവിങ് പരിശീലന സംരംഭം
ഷാർജ: ആഡംബര വാഹനമോടിക്കുന്നവർക്ക് പ്രത്യേക ഡ്രൈവിങ് പരിശീലന സേവനങ്ങൾക്ക് തുടക്കമിട്ട് ഷാർജ പൊലീസ്. ഷാർജ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി കൈകോർത്താണ് പുതിയ സേവനം നടപ്പാക്കുന്നത്. പ്രീമിയം മോഡൽ വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഉയർന്ന നിലവാരത്തിലും മികവുറ്റതുമായ ഡ്രൈവിങ് പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
വിവിധ മേഖലകളുമായുള്ള സഹകരണം ശക്തിപ്പെടുത്തി സമൂഹത്തിലെ അംഗങ്ങൾക്ക് മികവുറ്റ സേവനങ്ങൾ ലഭ്യമാക്കുകയെന്ന ഷാർജ പൊലീസിന്റെ നയത്തിന്റെ ഭാഗമാണ് പുതിയ സംരംഭമെന്ന് ഷാർജ പൊലീസിന്റെ വെഹിക്ൾ ആൻഡ് ഡ്രൈവർ ലൈസൻസിങ് ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് അൽ കായ് പറഞ്ഞു.
ആഡംബര വാഹനമോടിക്കുന്നവർക്ക് ഏറ്റവും സമഗ്രമായ ഡ്രൈവിങ് പരിശീലനമാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നൽകുകയെന്ന് ഷാർജ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ താരിഖ് അബ്ദുൽ റഹ്യാൻ അൽ സാലിഹ് പറഞ്ഞു.
ആഡംബര വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഏറ്റവും പുതിയ പരിശീലന രീതികൾ ഇതിൽ ഉൾപ്പെടുന്നു. മികച്ച ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം പരിഷ്കരിച്ച പരിശീലന അന്തരീക്ഷത്തിൽ ഡ്രൈവ് ചെയ്യുമ്പോൾ ഡ്രൈവർമാർക്ക് ആത്മവിശ്വാസം വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.