ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി

ഷാർജക്ക് അഴകുചാർത്താൻ ശൈഖ് സുൽത്താ​െൻറ നിർദേശം

ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജയിലും ഉപനഗരങ്ങളിലും വികസനപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി.

അൽ ഹീറ ബീച്ചിൽ വിനോദ സൗകര്യങ്ങൾ വർധിപ്പിക്കാനും വ്യായാമ സംവിധാനങ്ങൾ കൂട്ടാനും നിർദേശിച്ചതായി ഷാർജ ഇൻവെസ്​റ്റ്​മെൻറ്​ ആൻഡ് ഡെവലപ്‌മെൻറ്​ അതോറിറ്റിയുടെ (ശുറൂഖ്) എക്​സിക്യൂട്ടിവ് ചെയർമാൻ മാർവാൻ അൽ സർക്കൽ പറഞ്ഞു. റോഡ്​സ്​ ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി ഏകോപനം നടത്തിയായിരിക്കും വികസനം.

ഖോർഫക്കാൻ ബീച്ച് വികസനപദ്ധതിയുടെ രണ്ടാം ഘട്ടം പ്രദേശത്ത് നിലവിലുള്ള മരങ്ങൾ നിലനിർത്തിക്കൊണ്ട് പൂർത്തിയാക്കും. അൽ ലുലുയ്യാ ബീച്ച് വികസനം ഖോർഫക്കൻ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് ആരംഭിക്കുമെന്നും മർവാൻ പറഞ്ഞു. കൽബ വാട്ടർഫ്രണ്ടി​െൻറ നിർമാണവും വേഗത്തിലാണ്. കിഴക്കൻ തീരത്തെ ഏറ്റവും വലിയ ഷോപ്പിങ്​ കേന്ദ്രമാണിത്. കൽബ സിറ്റിയിൽ 700 മീറ്ററിലധികം നീളത്തിൽ കടകൾ, റെസ്​റ്റാറൻറുകൾ, കളിസ്ഥലം എന്നിവ ഉൾപ്പെടുത്തി വൻ വികസനപദ്ധതിയാണ് പൂർത്തിയാകുന്നത്.മലീഹ മരുഭൂമിയുടെ മധ്യത്തിൽ മനോഹരമായ ആകാശക്കാഴ്​ചകൾ സമ്മാനിക്കുന്ന മൂൺ റിട്രീറ്റ് തുറക്കുന്നതിനുള്ള ഒരുക്കങ്ങളും വേഗത്തിലാണ്.

വാട്ടർഫ്രണ്ടിന് തൊട്ടടുത്തായി കൽബ തടാകത്തിൽ 80 മുറികൾ ഉൾക്കൊള്ളുന്ന ഒരു ഹോട്ടലും നിർമിക്കും, ഖോർഫക്കാനിൽ രണ്ട് ഹോട്ടലുകൾ കൂടി നിർമിക്കും. ഒന്ന് സുവൈഫ മലയിലും മറ്റൊന്ന് ബീച്ചിലുമാണിത്. ഇതിൽ ഒരു വാട്ടർ പാർക്കും ഷോപ്പിങ് മാളും ഉൾപ്പെടുന്നു. അൽ റഹ്​മാനിയ ഉപനഗരത്തിൽ ഷാർജ സുസ്ഥിര നഗരത്തി​െൻറ നിർമാണം പുരോഗമിക്കുകയാണ്. വർഷാവസാനത്തോടെ റെസിഡൻഷ്യൽ യൂനിറ്റുകൾ കൈമാറും. മറിയം ദ്വീപിലെ ആദ്യഘട്ട റെസിഡൻഷ്യൽ യൂനിറ്റുകളും ഇതേ കാലയളവിൽ കൈമാറും. അൽ ബദായർ റിട്രീറ്റ് നിരവധി വലിയ ടെൻറുകളും തുറന്ന നീന്തൽക്കുളവും ചേർത്ത് വിപുലീകരിക്കുമെന്ന് മർവാൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.