ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ
ഷാർജ: സുരക്ഷിതത്വത്തിൽ വളരെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഷാർജ എമിറേറ്റ്. താമസക്കാർക്ക് എമിറേറ്റിലെ സുരക്ഷയിൽ പൂർണ തൃപ്തിയാണെന്നാണ് പൊലീസ് വൃത്തങ്ങൾ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. 99.7ശതമാനം താമസക്കാർക്കും മേഖലയിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സുപ്രധാന നേട്ടത്തെ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ പ്രശംസിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മാതൃകാപരമായ നേതൃത്വത്തെയും വ്യക്തമായ കാഴ്ചപ്പാടിനെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തെ സുരക്ഷിതമായി നിലനിർത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഏകീകൃതമായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങൾ പാലിക്കുന്നതിലും പൊലീസുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലും താമസക്കാർ കാണിക്കുന്ന താൽപര്യം സുരക്ഷ നിലനിർത്തുന്നതിലും ഷാർജയെ ഉയർന്ന നിലവാരമുള്ള ജീവിതം ആസ്വദിക്കുന്ന സ്ഥലമാക്കി മാറ്റുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതിസന്ധികളെ നേരിടുന്നതിൽ ഷാർജ പൊലീസിന്റെ കഴിവും സന്നദ്ധതയും എല്ലാ സുരക്ഷ സൂചകങ്ങളും വ്യക്തമാക്കുന്നുണ്ടെന്നും ക്രിമിനൽ സെക്യൂരിറ്റി ആൻഡ് ബോഡേഴ്സ് ഡയറക്ടർ ജനറൽ ബ്രി. ജനറൽ ഉമർ അഹ്മദ് ബുൽസൗദ് കൂട്ടിച്ചേർത്തു.
സമീപകാലത്തെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഷാർജ പൊലീസിലുള്ള സമൂഹത്തിന്റെ വിശ്വാസം 97ശതമാനമണ്. അതോടൊപ്പം 99.7ശതമാനം താമസക്കാർക്കും പകൽ സമയത്ത് സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. രാത്രിയിൽ വീട്ടിലും പൊതുസ്ഥലങ്ങളിലും സുരക്ഷിതത്വം അനുഭവപ്പെടുന്നവർ 99.3ശതമാനമാണ്. അതേസമയം രാത്രിയിൽ ഒറ്റക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് തോന്നുന്നത് 98.6 ശതമാനം പേർക്കാണ്. പൊലീസ് സ്റ്റേഷനുകളിലെ വിശ്വാസം 96.7ശതമാനമാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.