882 കോടി ദിർഹമിന്റെ കള്ളപ്പണം വെളുപ്പിക്കൽ; നാല് അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലകൾ തകർത്ത് ഷാർജ പൊലീസ്
ഷാർജ: സൈബർ ആക്രമണം, ഡിജിറ്റൽ വാലറ്റുകളിൽനിന്ന് പണം മോഷ്ടിക്കൽ, ഓൺലൈൻ തട്ടിപ്പ്, ഭീഷണിപ്പെടുത്തി പണം തട്ടൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട നാല് അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലകളെ തകർത്ത് ഷാർജ പൊലീസ്. എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമായ ‘ഓപറേഷൻ എൻഡ് ഓഫ് ദ ബാറ്റിൽ’ എന്ന പേരിൽ നടത്തിയ നടപടിയിൽ 12 രാജ്യങ്ങളിൽ നിന്നുള്ള 33 പ്രതികളെ പിടികൂടി. അന്താരാഷ്ട്രതലത്തിലുള്ള സംഘടിത സൈബർ കുറ്റകൃത്യങ്ങളുടെ തലവന്മാരും ഇതിൽ ഉൾപ്പെടുന്നു. ഇവരുമായി ബന്ധപ്പെട്ട് ഏകദേശം 8,82 കോടി ദിർഹമിന്റെ കള്ളപ്പണ ഇടപാടുകൾ നടന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പിടിച്ചെടുത്തത് 20 കോടി ദിർഹമിലധികം
യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തിയ ഓപറേഷനിൽ 20 കോടി ദിർഹമിലധികം പിടിച്ചെടുത്തു. 3,000ത്തിലധികം ഡിജിറ്റൽ വാലറ്റുകളാണ് പരിശോധിച്ചത്. ലോകമെമ്പാടുമുള്ള 30-ലധികം കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും, 6,500 കോടി ദിർഹമിലധികം മൂല്യമുള്ള ആസ്തികൾ സംരക്ഷിക്കാനും ഈ ഓപറഷേനിലൂടെ സാധിച്ചു.
പണം, ആഡംബര കാറുകൾ, വിലകൂടിയ വാച്ചുകൾ, ആഭരണങ്ങൾ, വില്ലകൾ, ഭൂമി എന്നിവയുൾപ്പെടെയുള്ള ആസ്തികളാണ് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കുകയോ മരവിപ്പിക്കുകയോ ചെയ്തത്.
ഓരോന്നിനും പ്രത്യേക ചുമതലകളുള്ള നാല് ശൃംഖലകളായാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ആദ്യ സംഘം കമ്പ്യൂട്ടർ സംവിധാനങ്ങൾ ഹാക്ക് ചെയ്ത് വിവരങ്ങൾ മോഷ്ടിച്ചു. രണ്ടാമത്തെ സംഘം വെർച്വൽ ആസ്തികൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിന് നേതൃത്വം നൽകി. മൂന്നാമത്തെ സംഘം ഓൺലൈൻ തട്ടിപ്പിലൂടെയും ഡിജിറ്റൽ വാലറ്റുകളിൽനിന്ന് പണം മോഷ്ടിച്ചും പണം സമ്പാദിച്ചു. നാലാമത്തെ സംഘം ഇരകളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് ഡിജിറ്റൽ വാലറ്റുകളുടെ രഹസ്യവിവരങ്ങളും പാസ്കോഡുകളും കൈക്കലാക്കുകയായിരുന്നു.
ലക്ഷ്യം ക്രിപ്റ്റോകറൻസി ഉടമകൾ
സമ്പന്നരായ ക്രിപ്റ്റോകറൻസി ഉടമകളെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും തട്ടിപ്പ്. വ്യാജ സന്ദേശങ്ങളും വെബ്സൈറ്റുകളും ഉപയോഗിച്ചുള്ള ഫിഷിങ് തട്ടിപ്പുകൾക്ക് പുറമേ, ഇരകളുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കുകയും ചെയ്തിരുന്നു. തട്ടിപ്പുകൾ കൂടുതൽ ഫലപ്രദമാക്കാൻ എഐ സാങ്കേതികവിദ്യകളും ഉപയോഗിച്ചു. മോഷ്ടിച്ച പണം ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ വാലറ്റുകൾ, അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകൾ, ഇടനില കമ്പനികൾ എന്നിവയിലൂടെ കൈമാറ്റം ചെയ്തശേഷം ക്രിപ്റ്റോ ആസ്തികൾ, റിയൽ എസ്റ്റേറ്റ്, ആഡംബര കാറുകൾ, വാച്ചുകൾ, ആഭരണങ്ങൾ എന്നിവയിൽ നിക്ഷേപിച്ചതായാണ് കണ്ടെത്തൽ.
ഡിജിറ്റൽ ആസ്തികൾ കൈവശമുള്ളവരെ തട്ടിക്കൊണ്ടുപോയി അവരുടെ വാലറ്റുകളിലേക്ക് പ്രവേശനം നേടാനുള്ള പദ്ധതിയും പൊലീസ് തകർത്തു. വലിയ തുകകളുള്ള ഡിജിറ്റൽ വാലറ്റ് കൈവശമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ഒരാളെക്കുറിച്ചുള്ള അന്വേഷണമാണ് അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലകളിലേക്കുള്ള വഴിത്തിരിവായത്. വിദേശ പൗരന്മാരുമായി ചേർന്ന് ഡിജിറ്റൽ ആസ്തികളുടെ ഉടമകളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് പ്രതിയെ പിടികൂടിയതായും പൊലീസ് അറിയിച്ചു.
പരിശോധിച്ചത് 10,000ത്തിലധികം രേഖകൾ
അന്വേഷണത്തിന്റെ ഭാഗമായി 10,000ത്തിലധികം രേഖകളും റിപ്പോർട്ടുകളും പരിശോധിച്ചു. 142 ചോദ്യംചെയ്യൽ നടപടികൾ സ്വീകരിച്ചു. 385 തീരുമാനങ്ങളും 478 ജുഡീഷ്യൽ ഉത്തരവുകളും പുറപ്പെടുവിച്ചു. 103 ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചു. സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് 109 അപേക്ഷകളും അന്താരാഷ്ട്ര സഹകരണത്തിനായി എട്ട് അപേക്ഷകളും നടപടികളും കൈകാര്യം ചെയ്തു. പിടിച്ചെടുത്ത ആസ്തികളിൽ 17 ആഡംബര കാറുകൾ, 29 വിലകൂടിയ വാച്ചുകൾ, ആഭരണങ്ങൾ, ഒരു ആഡംബര വില്ല, നിർമാണത്തിലിരിക്കുന്ന രണ്ട് വില്ലകൾ, രണ്ട് താമസ പ്ലോട്ടുകൾ എന്നിവ ഉൾപ്പെടുന്നു. കള്ളനോട്ടുകളും ലഹരിവസ്തുക്കളും വ്യാജനിർമാണ ഉപകരണങ്ങളും കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.
ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്. ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ, അസിസ്റ്റന്റ് ചീഫ് പ്രൊസിക്യൂട്ടർ മുഹമ്മദ് അബ്ദുൽഹാദി അൽ ഹമ്മാദി, ക്രിമിനൽ സുരക്ഷാ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ ഉമർ അഹമ്മദ് ബു അൽ സൂദ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഖലീഫ യൂസുഫ് ബൽഹായ് എന്നിവർ വാർത്താസമ്മേളനത്തിൽ വിശദവിവരങ്ങൾ പങ്കുവെച്ചു. എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ സംവിധാനങ്ങളും എട്ട് മണിക്കൂറിലൊരിക്കൽ മാറുന്ന സുരക്ഷാ കോഡുകളും ഉപയോഗിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. വിദേശത്തുണ്ടായിരുന്ന പ്രധാന പ്രതികളെയും പിടികൂടി യു.എ.ഇയിലെത്തിച്ചതായി പൊലീസ് വ്യക്തമാക്കി.
സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും അതിർത്തികൾ കടന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ യു.എ.ഇയിലെയും വിദേശത്തെയും അന്വേഷണ ഏജൻസികൾ തമ്മിലുള്ള സഹകരണം നിർണായകമായെന്ന് അധികൃതർ പറഞ്ഞു. ഡിജിറ്റൽ തെളിവുകൾ, സാമ്പത്തിക ഇടപാടുകൾ, വാലറ്റുകളുടെ വിവരങ്ങൾ, പ്രതികളുടെ ആശയവിനിമയങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് കുറ്റകൃത്യ ശൃംഖലകളെ തിരിച്ചറിഞ്ഞത്. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങൾ നടത്തുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കുമെന്നും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക താൽപര്യങ്ങളും ആസ്തികളും സംരക്ഷിക്കുന്നത് തുടരുമെന്നും ഷാർജ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.