വിസ്മയം തീർത്ത് ഷാർജ ഡെസേർട്ട് പാർക്ക്

അറേബ്യൻ ഉപദ്വീപിലെ ഏകദേശം 100ഓളം ഇനം മൃഗങ്ങളെ കാണാനും, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളെക്കുറിച്ച് കൂടുതലറിയാനും, ഖുർആനിൽ പരാമർശിച്ച 100ലധികം ചെടികൾ കാണാനും ഷാർജയിലെ ഡെസേർട്ട് പാർക്ക് സന്ദർശിക്കാം. ഇവിടെ ശീതീകരിച്ച മുറിയിലൊരുക്കിയിട്ടുള്ള അറേബ്യൻ വൈൽഡ് ലൈഫ് ഇൻഡോർ സൂവിൽ വേനൽ ചൂടറിയാതെ മൃഗങ്ങളെ കാണാനാകും. യു.എ.ഇ ദേശീയ മൃഗമായ അറേബ്യൻ ഓറിക്സ്, അറേബ്യൻ പുള്ളിപ്പുലി എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങൾ ഇവിടെയുണ്ട്. അണലി, ഓന്ത് തുടങ്ങിയവയും അറേബ്യൻ പാമ്പുകളെയും കാണാം. ഇതിനുപുറമെ, ഒട്ടക ചിലന്തികൾ, തേളുകൾ തുടങ്ങിയ പ്രാണികളും ഇവിടെയുണ്ട്. ഹൗബാര ബസ്റ്റാർഡ്, ഫ്ലമിംഗോസ്, ഇന്ത്യൻ റോളർ ബേർഡ്സ്, റോക്ക് ഹൈറാക്സ്, നിരവധി പക്ഷികൾ തുടങ്ങിയവയെയും മനോഹരമായൊരുക്കിയ ബേർഡ് ഐവറിയിൽ കാണാം. എപ്പോഴും നിറഞ്ഞൊഴുകുന്ന വാദിയുമൊക്കെയായി മരുഭൂമിയിൽ മികച്ചൊരിടം തന്നെയാണ് ഇവക്കായി സജ്ജീകരിച്ചിട്ടുള്ളത്.


 ചിൽഡ്രൻസ് ഫാമും, മ്യൂസിയവും, ഖുർആനിൽ പരാമർശിച്ച 100 ലധികം ചെടികളൊരുക്കിയ ഇസ്ലാമിക് ബൊട്ടാണിക്കൽ ഗാർഡനുമൊക്കെയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ. കുട്ടികളെ വളർത്തുമൃഗങ്ങളുമായി അടുക്കാൻ സഹായിക്കുന്ന വൈൽഡ് ലൈഫ് സെൻററിൽ ആടുകളെയും, താറാവിനെയും, വളർത്തു പക്ഷികളെയും, മീനുകളെയും ഒക്കെ കാണാനാകും. മൃഗശാല വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിരവധി ആളുകളാണ് ഇവിടെയുള്ള മൃഗങ്ങളെ കാണാനായെത്തുന്നത്. ഷാർജ ഇന്‍റർനാഷണൽ എയർപോർട്ടിൽനിന്ന് 26 കിലോമീറ്റർ അകലെയുള്ള അൽ ദൈദ് റോഡിലാണ് അറേബ്യൻ വൈൽഡ് ലൈഫ് സെന്റർ സ്ഥിതിചെയ്യുന്നത്.

രാത്രിയിൽ ഇറങ്ങി നടക്കുന്ന വന്യജീവികളെയും ഇവിടെ കാണാം. നൈറ്റ് ഹൗസ് എന്ന് പേരിട്ടിരിക്കുന്ന ഒരിടം തന്നെ ഇവക്കായി ഒരുക്കിയിട്ടുണ്ട്. മുള്ളൻപന്നികൾ, കുറുക്കൻ, മംഗൂസ്, പന്ത്രണ്ട് തരം എലി ഇനങ്ങൾ എന്നിവ നൈറ്റ് ഹൗസിൽ പ്രദർശിപ്പിക്കുന്നുണ്ട്. ബാബൂണുകൾ, കഴുതപ്പുലികൾ, ചെന്നായ്ക്കൾ, ചീറ്റ, അറേബ്യൻ പുള്ളിപ്പുലി എന്നിവരുമായുള്ള ഏറ്റുമുട്ടലാണ് ഇവിടുത്തെ മറ്റൊരാകർഷണം. വ്യത്യസ്ഥ ഇനം മൃഗങ്ങളെയും കണ്ട്, ജീവികൾക്കിടയിലേക്കിറങ്ങിച്ചെന്ന് അവയെ കൂടുതൽ അടുത്തറിയാൻ സഹായിക്കുന്നതാണ് ഇവിടുത്തെ ചിൽഡ്രൻസ് ഫാം. മുഴുവനായി എയർ കണ്ടീഷൻ ചെയ്തൊരുക്കിയ സൂ വേനൽകാലത്ത് കുടുംബവുമൊത്ത് സന്ദർശിക്കാൻ പറ്റിയൊരിടമാണ്. 12 വയസ്സിന് മുകളിലുള്ളവർക്ക് 15 ദിർഹമാണ് എൻട്രി ഫീ. 12 വയസ്സിനെ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

Tags:    
News Summary - Sharjah Desert Park is amazing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.