ഷാര്‍ജ: ഷാര്‍ജക്കാര്‍ ഏറെ കാലമായി കാത്തിരുന്ന നടപ്പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. അല്‍ ഇത്തിഹാദ് റോഡ്, കിങ് ഫൈസല്‍ റോഡ് എന്നിവിടങ്ങളിലാണ് നടപ്പാലങ്ങളുടെ നിര്‍മാണം നടക്കുന്നത്. ആറുമാസത്തിനകം പാലങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കരാര്‍. കരാര്‍ നല്‍കി രണ്ട് മാസം പിന്നിട്ടിട്ടുണ്ട്.
ജനവാസ മേഖലയിലാണ് രണ്ട് പാലങ്ങളും നിര്‍മിക്കുന്നത്. അത് കൊണ്ട് തന്നെ രാത്രി കാല പൈലിങ് ജോലികള്‍ക്ക് വിലക്കുണ്ട്. പകല്‍ പൈലിങ് ജോലികളാകട്ടെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസവുമുണ്ട്. നടുവില്‍ തൂണില്ലാതെയാണ് പാലങ്ങള്‍ പൂര്‍ത്തിയാക്കുക.
അത് കൊണ്ട് തന്നെ പൈലിങ് ജോലികള്‍ പൂര്‍ത്തിയായാല്‍ പാലങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്. അല്‍ ഇത്തിഹാദ് റോഡിലെ അന്‍സാര്‍ മാളിനും അല്‍താവൂന്‍ ജുമാമസ്ജിദിനും ഇടയിലാണ് ഒരു പാലം. നിരന്തരമായി റോഡപകടങ്ങള്‍ സംഭവിക്കുന്ന മേഖലയാണിത്.
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ നിരവധി പേരാണ് ഇവിടെ മരിച്ചിട്ടുള്ളത്. ഇത്തരം അപകടങ്ങള്‍ ഒഴിവാകുന്നതിനോടൊപ്പം തന്നെ അല്‍താവൂന്‍, അല്‍ നഹ്ദ ജില്ലകള്‍ക്ക് പുത്തനുണര്‍വ്വും പാലം പ്രധാനം ചെയ്യും. കോര്‍ണീഷ്, എക്സ്പോസെന്‍റര്‍, അല്‍ ഖസബ തുടങ്ങിയ വിനോദ മേഖലകള്‍ അല്‍താവൂനിലാണ്. അല്‍ നഹ്ദയിലാകട്ടെ ഷാര്‍ജയിലെ വന്‍കിട കച്ചവട കേന്ദ്രങ്ങളും ഭക്ഷണ ശാലകളും പ്രവര്‍ത്തിക്കുന്നു. രണ്ട് ജില്ലകളും ദുബൈയോട് ചേര്‍ന്നാണ് കിടക്കുന്നത്. എല്‍ നഹ്ദയില്‍ നിന്ന് ദുബൈ അല്‍ നഹ്ദയിലേക്കും അല്‍താവൂനില്‍ നിന്ന് ദുബൈ മംസാര്‍ ബീച്ചിലേക്കും നടന്നത്തൊം. കിങ് ഫൈസല്‍ റോഡില്‍ നിന്ന് ജമാല്‍ അബ്ദുല്‍ നാസര്‍ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് നടപ്പാലം.
ഷാര്‍ജയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലകളായ അബുഷഹാര, അല്‍ മജാസ് ജില്ലകളുടെ അതിര്‍ത്തികള്‍ക്കിടയിലൂടെയാണ് കിങ് ഫൈസല്‍ റോഡ് കടന്ന് പോകുന്നത്. റോഡ് സംരക്ഷണത്തിന് ഇരുമ്പ് വേലികള്‍ തീര്‍ത്തതോടെ അല്‍ മജാസിലെ വിവിധ ഉദ്യാനങ്ങളിലേക്കും മറ്റുമുള്ള നടത്തത്തിന് അബുഷഹാര ഭാഗത്തുള്ളവര്‍ക്ക് പ്രയാസം നേരിട്ടിരുന്നു. നിരന്തരമായുണ്ടാകുന്ന റോഡപകടങ്ങള്‍ ഇല്ലാതാക്കാനാണ് റോഡുകള്‍ക്ക് മധ്യത്തില്‍ വേലികള്‍ തീര്‍ത്തത്. നടപ്പാലങ്ങള്‍ വരുന്നതോടെ വാഹനങ്ങള്‍ ഇരമ്പുന്ന റോഡിനെ ഭയക്കാതെ നടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.