അബൂദബി: പന്ത്രണ്ടാമത് ശൈഖ് സായിദ് പുസ്തക പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു. സിറിയൻ നോവലിസ്റ്റും മാധ്യമപ്രവർത്തകുനുമായ ഖലീൽ സ്വെയ്ലേഹിെൻറ നോവൽ ‘ഇഖ്തിബാർ അൽ നദാം’ സാഹിത്യ പുരസ്കാരം നേടി. യു.എ.ഇ എഴുത്തുകാരി ഹെസ്സ ആൽ മുഹൈരിക്കാണ് ബാലസാഹിത്യ പുരസ്കാരം. ഇവരുടെ അൽ ദിനോറഫ് പുസ്തകമാണ് പുരസ്കാരത്തിന് അർഹമായത്. യുവ എഴുത്തുകാരുടെ വിഭാഗത്തിൽ ഇൗജിപ്തുകാരനായ അഹ്മദ് അൽ ഖർമലവിയുടെ ‘അംതാർ സൈഫിയ്യ’ നോവൽ തെരഞ്ഞെടുക്കപ്പെട്ടു.
തുനീഷ്യയിലെ നെജി ഇലൂനിലിക്കാണ് വിവർത്തന വിഭാഗത്തിൽ അവാർഡ്. ജർമൻ എഴുത്തുകാരനായ തിയോഡർ ഡബ്ല്യു. അഡോർണോയുടെ ‘അസ്തേറ്റിഷ തിയറി’ അറബിയിൽ ‘നതാറയ്യ അസ്തീഖിയ’ എന്ന പേരിൽ ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിച്ചതിനാണ് അംഗീകാരം. മൊറോക്കൻ ചിന്തകൻ മുഹമ്മദ് മിഷ്ബലിെൻറ ‘ഫീ ബലഗത് അൽ ഹജ്ജാജ്: നഹ്വ ഹജ്ജാജിയ ഇതഹ്ലീൽ അൽ ഖിതാബ്’ നിരൂപണ പുരസ്കാരം കരസ്ഥമാക്കി. ‘അറബ് സംസ്കാരവും ഇതര ഭാഷകളും’ വിഭാഗത്തിൽ ജർമൻ ഗവേഷനായ ഡാഗ് നികോളസ് ഹസ്സെക്കാണ് അവാർഡ്. ഇദ്ദേഹത്തിെൻറ ‘സക്സസ് ആൻഡ് സപ്രഷൻ: അറബിക് സയൻസസ് ആൻഡ് ഫിലോസഫി ഇൻ ദ റിനൈസൻസ്’ പുസ്തകമാണ് അംഗീകാരം നേടിയത്.
പുരസ്കാര ജേതാക്കൾക്ക് ഏഴര ലക്ഷം ദിർഹം വീതം സമ്മാനിക്കും. ഇത്തവണ 700 പുസ്തകങ്ങളാണ് പുരസ്കാരത്തിന് നാമനിർദേശം ചെയ്തത്. നാമനിർദേശം ലഭിച്ച കൃതികളിൽനിന്ന് സൂക്ഷ്മ പരിശോധന നടത്തിയാണ് പുരസ്കാര ജേതാക്കളെ നിർണയിച്ചതെന്ന് പ്രഖ്യാപനവേളയിൽ ശൈഖ് സായിദ് പുസ്തക പുരസ്കാര സെക്രട്ടറി ജനറൽ ഡോ. അലി ബിൻ തമീം പറഞ്ഞു. യോഗ്യരായ വിവിധകർത്താക്കളുടെ പാനൽ മൂന്ന് മാസം മൂല്യനിർണയം നടത്തുകയും ശാസ്ത്ര കമ്മിറ്റി ഇത് അവലോകനം നടത്തുകയും ശേഷം പുരസ്കാര ട്രസ്റ്റ് ബോർഡ് ജേതാക്കളെ അംഗീകരിക്കുകയുമായിരുന്നു. പുരസ്കാരം നേടിയവരെ അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ ജനറൽ സൈഫ് സഇൗദ് ഗോബാഷ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.