അബൂദബി: കുട്ടികളില്‍ കൂടിവരുന്ന സ്ക്രീന്‍ ഉപയോഗം അമിതമാകുന്ന പ്രശ്നത്തെ നേരിടുന്നതിന് പദ്ധതിയുമായി യു.എ.ഇയിലെ ആദ്യത്തെ ഡിജിറ്റല്‍ ഡിടോക്സ് ക്ലിനിക്കിന് തുടക്കമായി. അബൂദബി സ്റ്റെം സെല്‍സ് സെന്ററിലാണ് ക്ലിനിക്ക് തുറന്നിരിക്കുന്നത്. ആറ് ഘട്ടങ്ങളിലായി സംവിധാനിച്ചിരിക്കുന്ന നടപടിക്രമങ്ങളിലൂടെ കുട്ടികളെയും കുടുംബങ്ങളെയും സ്ക്രീന്‍ ആസക്തിയില്‍നിന്ന് വിമുക്തരാക്കാന്‍ സഹായിക്കുകയാണ് ക്ലിനിക്ക് ചെയ്യുന്നത്.
കുട്ടികളുടെ ശ്രദ്ധാപരിധി, ഓര്‍മശക്തി, വൈജ്ഞാനിക പ്രവര്‍ത്തനം എന്നിവയില്‍ സ്ക്രീന്‍ ആസക്തി എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വിലയിരുത്തുന്നതാണ് ആദ്യഘട്ടം. ശാരീരിക പരിശോധനിലൂടെ സ്ക്രീന്‍ ഉപയോഗം അവരുടെ പേശികള്‍ക്ക് പ്രശ്നം സൃഷ്ടിച്ചിട്ടുണ്ടോയെന്ന് രണ്ടാം ഘട്ടത്തില്‍ മനസ്സിലാക്കും. മൂന്നാം ഘട്ടത്തില്‍ അവരുടെ ഇരിപ്പ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഫിസിയോ തെറപ്പിയാണുള്ളത്.
നാലാം ഘട്ടത്തില്‍ ഡിജിറ്റല്‍ അതിരുകള്‍ നിശ്ചയിക്കുകയും ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ബദലായുള്ള പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചു നല്‍കുകയും ചെയ്യും.അഞ്ചാം ഘട്ടത്തില്‍ കണ്ണു പരിശോധനയും നേത്രചികിത്സ വിദഗ്ധനുമായുള്ള കൂടിക്കാഴ്ചയും ഉണ്ടാവും. കുട്ടിയുടെ പുരോഗതി അറിയുന്നതിനുള്ള ഫോളോഅപ്പുകളും ദീര്‍ഘകാല നിരീക്ഷണവുമാണ് ആറാംഘട്ടം. ആവശ്യമെങ്കില്‍ കുട്ടികളെ മനശ്ശാസ്ത്രവിദഗ്ധന്റെ സേവനം തേടാന്‍ നിര്‍ദേശിക്കുകയും ചെയ്യും.
അക്രമാസക്തമായ വിഡിയോ ഗെയിമുകൾ കുട്ടികൾ കളിക്കുന്നതിൽനിന്നു വിലക്കണമെന്ന് അബൂദബി പൊലീസ് നേരത്തേ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം ഗെയിമുകൾ കളിക്കുന്നതിലൂടെ കുട്ടികളിൽ അക്രമവാസനയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. കുട്ടികൾ വിഡിയോ ഗെയിമുകൾക്ക് അടിപ്പെടുകയും ഇത് അവരെ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിലേക്ക് നയിക്കുകയും ചെയ്യും. യാഥാർഥ്യങ്ങളിൽനിന്ന് കുട്ടികളെ അകറ്റുന്ന ഗെയിമുകൾ അവരെ പൊതുസമൂഹവുമായി ഇടകലരുന്നതിൽ നിന്ന് തടയുകയും ഏകാന്തജീവിതത്തിന് പ്രേരിപ്പിക്കുകയും ചെയ്യും. കാണുന്നതെല്ലാം അനുകരിച്ചു നോക്കുന്ന കുട്ടികൾക്ക് അക്രമാസക്തമായ വിഡിയോകൾ കണ്ടു കണ്ട് കുറ്റകൃത്യങ്ങൾ ചെയ്യാൻ അവർ നിർബന്ധിതരാവുമെന്നും ഈ കുട്ടികൾ പിന്നീട് മറ്റു കുട്ടികളെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അവഹേളിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇലക്ട്രോണിക്സ് ഗെയിമുകൾ കളിക്കുന്ന കുട്ടികളുടെ പങ്കാളികളെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കണമെന്നും കളിക്കുന്നതിന് ഉചിതമായ സമയം അവർക്ക് നിശ്ചയിച്ചുകൊടുത്തിരിക്കണമെന്നും അവരുടെ ഉപകരണങ്ങളിൽ പാരന്റൽ കൺട്രോൾ ഏർപ്പെടുത്തിയിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.