കാർ ഡീലർഷിപ് സേവനങ്ങൾ ആർ.ടി.എ പരിശോധിക്കുന്നു
ദുബൈ: എമിറേറ്റിലെ കാർ ഡീലർഷിപ് സ്ഥാപനങ്ങളിൽ പരിശോധന നടത്തി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ഇടപാടുകളിലും നടപടിക്രമങ്ങളിലും നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്നാണ് അധികൃതർ പരിശോധിച്ചത്. ആകെ 14 ഡീലർഷിപ് സ്ഥാപനങ്ങളിലാണ് കാമ്പയിനിന്റെ ഭാഗമായി അധികൃതരെത്തിയത്.
സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കൃത്യമായ രേഖകൾ സൂക്ഷിക്കാനും ജീവനക്കാരുടെ അംഗീകാരങ്ങൾ ഉറപ്പാക്കാനും നിയമലംഘനങ്ങൾ നിരീക്ഷിക്കാനും മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അധികൃതർ ആവശ്യപ്പെട്ടു.
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, വാഹനങ്ങൾ പിടിച്ചെടുക്കൽ, ഉടമസ്ഥാവകാശം മാറ്റൽ, കയറ്റുമതി, നമ്പർ പ്ലേറ്റ് മാറ്റം, ട്രാഫിക് ഫയൽ ഓപണിങ് എന്നീ സേവനങ്ങളും പരിശോധനയിൽ വിലയിരുത്തി.
സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ആർ.ടി.എ നടത്തിവരുന്ന വിവിധ നടപടികളുടെ ഭാഗമായാണ് പരിശോധനകൾ പൂർത്തിയാക്കിയത്. ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും നടപടികൾ വലിയ പങ്കുവഹിക്കുന്നതായി ആർ.ടി.എ വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.