ദുബൈ: നോമ്പു തുറ സമയത്ത് വഴിയിൽ പെട്ടുപോകുന്ന യാത്രക്കാർക്ക് ഭക്ഷണപ്പൊതി ഒരുക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). യു.എ.ഇ ഫുഡ് ബാങ്കും ബൈത്ത് അൽ ഖൈർ സൊസൈറ്റിയുമായി സഹകരിച്ച് 4000 നോമ്പു തുറ കിറ്റുകളാണ് ദിവസേന വിതരണം ചെയ്യുക. ഒമ്പത് ബസ് സ്റ്റേഷനുകളിലും നാല് മെട്രോ സ്റ്റേഷനുകളിലുമാണ് ഇൗ സംവിധാനമൊരുക്കുക. ഇതിനു പുറമെ നിരവധി ട്രാഫിക് ജങ്ഷനുകളിലും അൽ ഇഹ്സാൻ ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്ന് നോമ്പുതുറ ഭക്ഷണം വിതരണം ചെയ്യും.
നോമ്പുതുറ സമയത്തിനകം ലക്ഷ്യസ്ഥാനത്ത് പാഞ്ഞെത്താൻ യാത്രികർ തിടുക്കപ്പെടുന്നത് ഒഴിവാക്കാൻ ഇതു വഴി സാധിക്കും. റമദാനിൽ തുടർച്ചയായി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന അതോറിറ്റി യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽനഹ്യാൻ ആഹ്വാനം ചെയ്ത ദാന വർഷത്തിലെ റമദാനിൽ പ്രത്യേക പദ്ധതികളും ആസൂത്രണം ചെയ്യുന്നതായി മാർക്കറ്റിംഗ് വിഭാഗം ഡയറക്ടർ മൊഅസ്സ അൽ മറി വ്യക്തമാക്കി.
യു.എ.ഇ ഫുഡ് ബാങ്കുമായി ചേർന്ന് മീൽസ് ഒാൺ വീൽസ് പദ്ധതി പ്രകാരം ഹത്തയിലും മറ്റു പ്രദേശങ്ങളിലും നിർധന കുടുംബങ്ങൾക്ക് ഭക്ഷണമെത്തിച്ചു നൽകും. ആവശ്യക്കാരായ കുടുംബങ്ങൾക്ക് റമദാനിൽ വേണ്ട പലവ്യഞ്ജന വസ്തുക്കളും വിതരണം ചെയ്യുന്നുണ്ട്. വനിതാ ടാക്സി ഡ്രൈവർമാർക്കും ആർ.ടി.എ ജീവനക്കാർക്കുമായി വനിതാ വിഭാഗം നോമ്പുതുറ ഒരുക്കുന്നുണ്ട്. 100 കുഞ്ഞുങ്ങൾക്ക് സന്തോഷ പൂർവം ഇൗദ് ആഘോഷിക്കാൻ അവസരമൊരുക്കുകയാണ് മറ്റൊരു പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.