ദുബൈ: നായിഫ് മേഖലയിലെ സ്ഥാപനത്തിൽനിന്ന് 30 ലക്ഷം ദിർഹം കവർച്ച നടത്തിയ സംഭവത്തിൽ നാലംഗ സംഘത്തെ ദുബൈ അറസ്റ്റ് ചെയ്തു. പ്രതികളെല്ലാം ഇത്യോപ്യൻ പൗരന്മാരാണ്. സ്ഥാപനത്തിന്റെ ലോക്കർ തകർത്ത മോഷ്ടാക്കൾ 30 ലക്ഷം ദിർഹം കവർന്ന ശേഷം ഓഫിസിലെ സി.സി ടി.വി കാമറയുടെ ഹാർഡ് ഡ്രൈവും എടുത്തുകൊണ്ടാണ് സ്ഥലം വിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിലെ വാരാന്ത്യത്തിലാണ് കവർച്ച നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് മോഷണം നടന്ന സ്ഥലത്തുനിന്നും തെളിവുകൾ ശേഖരിച്ചിരുന്നു. സുരക്ഷ കാമറ പരിശോധിച്ചതിൽനിന്ന് വൈകീട്ട് നാലുമണിയോടെ മുഖം മൂടി അണിഞ്ഞെത്തിയ നാലു പേരാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായി. വാരാന്ത്യ അവധിക്കു ശേഷം തിങ്കളാഴ്ച രാവിലെ ഓഫിസിലെത്തിയ ഏഷ്യക്കാരായ ജീവനക്കാരനാണ് കവർച്ച നടന്നതായി കണ്ടെത്തിയത്. ഓഫിസിന്റെ അകം അലങ്കോലമായി കിടക്കുന്നത് കണ്ട് ഇദ്ദേഹം കൂടുതൽ പരിശോധന നടത്തുകയായിരുന്നു. കവർച്ചയാണെന്ന് ബോധ്യപ്പെട്ട ഉടൻ ഇയാൾ ദുബൈ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ക്രിമിനൽ അന്വേഷണ വകുപ്പ് ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ, നായിഫ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന പ്രത്യേക ടീമിനെ ദുബൈ പൊലീസ് നിയമിക്കുകയും ദ്രുതഗതിയിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിശദമായ അന്വേഷണത്തിനൊടുവിൽ സംഘം നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തിൽ മോഷ്ടാക്കളുടെ വീട് തിരിച്ചറിയുകയും പിറകെ നാല് പേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ നാലു പേരും കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. കവർച്ച ചെയ്ത പണം നാലു പേരും പങ്കിട്ടെടുക്കുകയായിരുന്നു. അന്വേഷണത്തിൽ പണത്തിന്റെ ഒരു ഭാഗം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ബാക്കി പണം സ്വന്തം നാടുകളിലേക്ക് അനധികൃത പണമിടപാട് വഴി അയച്ചു നൽകിയതായി പ്രതികൾ സമ്മതിച്ചു. അതേസമയം, എല്ലാ സ്ഥാപനങ്ങളും സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കണമെന്ന് അഭ്യർഥിച്ച പൊലീസ് സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.