തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ആമിർ അലി അൽ ഖാദിക്ക് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ
ബ്രിഗേഡിയർ യൂസഫ് ഉബൈദ് ബിൻ ഹർമൂൽ അൽ ശംസി
ഉപഹാരം നൽകുന്നു
ഷാർജ: തീപിടിത്തത്തിൽ വയോധികക്കും വീട്ടുജോലിക്കാരിക്കും രക്ഷയൊരുക്കിയ ഇമാറാത്തി പൗരന് ആദരമൊരുക്കി ഷാർജ സിവിൽ ഡിഫൻസ്. എമിറേറ്റിലെ വാസിത്ത് പ്രദേശത്ത് വീട്ടിലുണ്ടായ തീപിടിത്തത്തിലാണ് ആമിർ അലി അൽ ഖാദി എന്ന പൗരൻ രക്ഷാപ്രവർത്തനം നടത്തിയത്.
രാത്രി എട്ടു മണിയോടെ വാസിത്ത് പ്രദേശത്തുകൂടി പോകുമ്പോൾ വീട്ടുജോലിക്കാരി സഹായത്തിനായി വിളിക്കുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. അന്വേഷിച്ചപ്പോൾ തീപിടിത്തത്തിൽ വയോധിക വീട്ടിൽ കുടുങ്ങിയതായി അവർ പറഞ്ഞു. ഉടൻ അൽ ഖാദി ഉടൻ പൊലീസിനെയും സിവിൽ ഡിഫൻസിനെയും വിവരമറിയിക്കുകയും വീട്ടിലേക്ക് പ്രവേശിച്ച് വൈദ്യുതി വിച്ഛേദിച്ച ശേഷം ഫയർ ഹോസ് ഉപയോഗിച്ച് സാധ്യമാകുന്ന രൂപത്തിൽ തീയണക്കുകയുമായിരുന്നു.
പുക നിറഞ്ഞിരുന്നെങ്കിലും വയോധികയെയും ജോലിക്കാരിയെയും സുരക്ഷിതമായി വീട്ടിൽ നിന്ന് ഇദ്ദേഹം പുറത്തിറക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് അംഗങ്ങൾ തീ പൂർണമായും അണക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ യൂസഫ് ഉബൈദ് ബിൻ ഹർമൂൽ അൽ ശംസി സമയോചിതമായ ഇടപെടലിന് അൽഖാദിക്ക് അവാർഡ് നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.