'റാശിദ്​' 30ന്​ കുതിക്കും

ദുബൈ: അറബ് ലോകത്തിന്‍റെ ആദ്യ ചാന്ദ്രദൗത്യമായ 'റാശിദ്' റോവൽ നവംബർ 30ന് ഉച്ചക്ക് 12.39ന് കുതിക്കും. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍ററാണ് (എം.ബി.ആർ.എസ്.സി) ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ, കാലാവസ്ഥക്കനുസരിച്ച് ദിവസവും സമയവും മാറിയേക്കാമെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ നവംബർ 28ന് വിക്ഷേപണം നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ രണ്ട് ദിവസം കൂടി നീട്ടിവെക്കുകയായിരുന്നു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽനിന്നാണ് റാശിദ് കുതിക്കുന്നത്. എം.ബി.ആർ.എസ്.സിയിലെ സംഘം നേരത്തെ തന്നെ ഇവിടെ എത്തിയിട്ടുണ്ട്.

നവംബർ ഒമ്പതിനും 15നും ഇടയിലായിരിക്കും റാശിദ് റോവറിന്‍റെ വിക്ഷേപണമെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നീട് 28ലേക്കും 30ലേക്കും മാറ്റുകയായിരുന്നു. രാജ്യത്തിന്‍റെ ദീർഘകാല ചന്ദ്രപര്യവേക്ഷണ പദ്ധതിക്ക് കീഴിലെ ആദ്യ ദൗത്യമാണിത്. ഹകുട്ടോ-ആർ മിഷൻ-1 എന്ന ജാപ്പനീസ് ലാൻഡറിലാണ് 'റാശിദി'നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക. ചന്ദ്രോപരിതലത്തിൽനിന്ന് ലഭ്യമാക്കുന്ന വയർലെസ് കമ്യൂണിക്കേഷൻ സേവനങ്ങളിലൂടെയാണ് ഇമാറാത്തി എൻജിനീയർമാർ റോവറുമായി ബന്ധപ്പെടുക. ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്.ചന്ദ്രന്‍റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠനവിധേയമാക്കും അറബ് ലോകത്തെ ആദ്യ ചൊവ്വ ദൗത്യം വിജയകരമായി വിക്ഷേപിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് യു.എ.ഇ ചാന്ദ്രദൗത്യത്തിനൊരുങ്ങുന്നത്.

Tags:    
News Summary - Rashid' Rowell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.