പെലെയും ഗരിഞ്ചയും

പുതുയുഗപ്പിറവിയായി പെലെയും ഗരിഞ്ചയും

ഓരോ നാലു വർഷം കൂടിച്ചേരുമ്പോഴും പിറക്കുന്ന ലോകകപ്പ് ഫുട്ബാൾ എന്ന മനോഹര കാവ്യത്തി​െൻറ ഏറ്റവും അത്ഭുതങ്ങൾ നിറഞ്ഞ അധ്യായമായിരുന്നു1958 സ്വീഡൻ ലോകകപ്പ്. ലോകമെമ്പാടുമുള്ള ജനങ്ങൾ ഒരു പതിനേഴുകാരന്റെ കാലിലൊളിപ്പിച്ച ജാലവിദ്യകൾ കണ്ട് വിസ്മയിച്ചു. ഫുട്ബാൾ മത്സരങ്ങൾ ടെലിവിഷനിലൂടെ ലൈവായി കാണിച്ചുതുടങ്ങിയ ലോകകപ്പായിരുന്നു സ്വീഡനിലേത്. ഫുട്ബാൾ ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത താരമായി മാറിയ പെലെയെന്ന ഇതിഹാസത്തിന്റെ പിറവിയായിരുന്നു 58 ലോകകപ്പിന്റെ നിയോഗം. ഫുട്ബാൾ എന്ന കളിയിലെ രസച്ചരടുകൾക്ക് കൂടുതൽ നിറംപകർന്ന് ബ്രസീലിന്റെ ജൈത്രയാത്ര തുടങ്ങിയതും ഇതേ ലോകകപ്പിലായിരുന്നു. 50ലെ മാറക്കാന ദുരന്തവും ഏറെ പ്രതീക്ഷയോടെ എത്തി 1954ൽ സിറ്റ്സർലൻഡിൽ ക്വാർട്ടറിൽ പുറത്തായതി​ന്റെ വേദനയും മറികടന്ന് ബ്രസീൽ കുതിപ്പ് തുടങ്ങിയത് ഇവിടെ നിന്നായിരുന്നു.

ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യ ഗോൾരഹിത മത്സരമെന്ന പ്രത്യേകതയുമായാണ് ഗ്രൂപ്പ് സ്റ്റേജിലെ ബ്രസീലിന്‍റെ കളി തുടങ്ങുന്നത്​. ഇംഗ്ലണ്ടായിരുന്നു എതിരാളികൾ. ഈ മത്സരമുൾപ്പെടെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങൾക്ക് പരിക്ക് കാരണം പെലെ ഇറങ്ങിയിരുന്നില്ല. അവസാന ഗ്രൂപ് മത്സരം ശക്തരായ സോവിയറ്റ് യൂനിയനെതിരെയായിരുന്നു. ലെവ് യാഷിൻ എന്ന ഇതിഹാസ ഗോൾവല കാവൽക്കാരനെ മറി കടക്കാനായില്ലെങ്കിലും കളിയിൽ പ്രതിഭയുടെ മിന്നലാട്ടങ്ങളുമായി പെലെ കളം നിറഞ്ഞു. അടുത്ത മത്സരം വെയിൽസിനെതിരെയായിരുന്നു. ഗോൾ അടിച്ചയാളും ഗോൾ വഴങ്ങിയ ടീമും സ​േന്താഷത്തോടെ ഓമനിക്കുന്ന ആ ഗോൾ കളിയിൽ പിറന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ നേടുന്ന ഗോളെന്ന ബഹുമതിയോടെ ബ്രസീലിനുവേണ്ടി പെലെ വലകുലുക്കു​​മ്പോൾ പ്രായം 17 വർഷവും 239 ദിവസവും മാത്രം. ലോകകപ്പിന്റെ ആ എഡിഷനിലെ ഏറ്റവും മികച്ച മത്സരം ബ്രസീൽ- ഫ്രാൻസ് സെമി ഫൈനലായിരുന്നു. ജസ്റ്റ് ഫൊണ്ടെയിൻ 13 ഗോളുകൾ അടിച്ചുകൂട്ടി റെക്കോർഡ് ബുക്കിൽ അതിശയമെഴുതിയതിന്റെ കരുത്തിലായിരുന്നു ഫ്രഞ്ച് ടീമിന്റെ കുതിപ്പ്. എന്നാൽ പെലെയുടെ ഹാട്രിക് ഗോളുകൾ ഫ്രാൻസിന്റെ ഹൃദയം തകർത്തു. വെസ്റ്റ് ജർമനിയെ കീഴടക്കി ആതിഥേയരായ സ്വീഡനായിരുന്നു ഫൈനലിൽ ബ്രസീലിന്റെ എതിരാളികൾ. രണ്ട് ഗോളുകളുമായി ബ്രസീലിന് ആദ്യ ലോകകപ്പ് നേട്ടം പെലെ സമ്മാനിച്ചു. അതിൽ രണ്ടാമത്തെ ഗോൾ നേട്ടം സ്റ്റേഡിയം തിങ്ങി നിറഞ്ഞ കാണികളെ ശുദ്ധീകരിച്ചു. അതിശയപ്പിറവിക്ക് സാക്ഷ്യം വഹിക്കാനായതിന്റെ വിഹ്വലതയിൽ പലരും ആ ഗോളിനെക്കുറിച്ച് പറഞ്ഞ് വിതുമ്പി. പെലെയുടെ കാലുകൾക്ക് കൂച്ചുവിലങ്ങുമായി ചുറ്റിനിൽക്കുകയായിരുന്നു പ്രതിരോധനിര താരങ്ങൾ, ഉയർന്നു വന്ന പന്ത് ഒന്നാഞ്ഞ് പെലെ നെഞ്ചിൽ സ്വീകരിച്ചു, സ്പർശനമേറ്റ് കൂമ്പിയ പുഷ്പംപോലെ തരളിതമായി പന്ത് പെലയുടെ വരുതിക്കുനിന്നു, നെഞ്ചിൽ സ്വീകരിച്ച പന്ത് തലക്ക് മുകളിലൂടെ മറിച്ച് എതിർനിര താരത്തിന് അവസരം നൽകാതെ വെട്ടിത്തിരിഞ്ഞ് ഉജ്ജ്വലമായ ഒരു വോളി. ബോൾ വലക്കണ്ണികളിൽ പ്രകമ്പനം സൃഷ്ടിച്ച് നിശ്ചലമായി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാനാവാത്ത വിധത്തിൽ സ്വീഡിഷ് പട തലതാഴ്ത്തി. ലോകകപ്പിൽ ആറുഗോൾമാത്രം നേടിയ പെലെയായിരുന്നു ടൂർണമെൻറിന്റെ താരം. ഗോളെണ്ണക്കൂടുതലുണ്ടായിട്ടും പെലെയെന്ന കൗമാര വിസ്മയത്തിനു മുന്നിൽ ജസ്റ്റ് ഫൊണ്ടെയ്ൻ ഉൾപ്പെടെയുള്ളവർ രണ്ടാംതരക്കാരായി. ഗിൽബർട്ടോഗിൽ എന്ന സംഗീതജ്ഞൻ പറഞ്ഞതുപോലെ ബ്രസീലുകാർ വീണ്ടും തങ്ങളെത്തന്നെ സ്നേഹിച്ചു തുടങ്ങി.

ഗരിഞ്ചയുടെയും ലോകകപ്പ്

അവതാരങ്ങൾ ഒരിക്കലേ പിറക്കൂ എന്നവിശ്വാസത്തെ തെറ്റിക്കുന്നതായിരുന്നു 1958 ലോകകപ്പിലെ ഗരിഞ്ചയുടെയും അരങ്ങേറ്റം. ലോകകപ്പിൽ

ഗോഥൻബർഗ് സ്റ്റേഡിയത്തിൽ പെലെക്കൊപ്പമായിരുന്നു ഗരിഞ്ചയുടെയും അരങ്ങേറ്റം. ആരാണ് മികച്ചതെന്ന തർക്കം ബ്രസീലുകാർക്കിടയിൽ ഉടലെടുക്കുന്നിടത്തോളം മികവുറ്റവനായിരുന്നു ഗരിഞ്ച. ബ്രസീലിയൻ ഫുട്ബാളിന്റെ തലവര മാറ്റിമറിക്കുന്നതായിരുന്നു ഇരുവരുടെയും സാന്നിധ്യം. മറ്റു കളിക്കാരെ അപേക്ഷിച്ച് അൽപം വളഞ്ഞ കാലുകളായിരുന്നു ഗരിഞ്ചയുടേത്. കുരുവി എന്ന് വിളിപ്പേരുള്ള ഗരിഞ്ച പന്തുമായി അതിവേഗത്തിലായിരുന്നു കുതിച്ചിരുന്നത്. ഡ്രിബ്ലിങ്ങിലും പാസിങ്ങിലും പെലെയെക്കാൾ ഒരുപടി മുന്നിലായിരുന്നു ഗരിഞ്ച. ഫൈനലിൽ സ്വീഡനായിരുന്നു ആദ്യഗോൾ നേടിയത്. എന്നാൽ ഗരിഞ്ച മികച്ച മുന്നേറ്റത്തിനൊടുവിൽ നൽകിയ അതുല്യമായ പാസിൽ നിന്ന് വാവ ഗോളടിച്ചതോടെ ബ്രസീൽ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇതേ കൂട്ടുകെട്ടിൽ സമാനമായ ഒരു ഗോൾകൂടി പിറന്നതോടെ ഇടവേളക്ക് മുമ്പ് ബ്രസീൽ മുമ്പിലായി. പിന്നീടായിരുന്നു പെലെയു​ടെ രണ്ടുഗോളുകൾ. പെ​െലയുടെ പേരിൽ അറിയെപ്പട്ടുവെങ്കിലും ആ ലോകകപ്പ് നേട്ടത്തിന് ബ്രസീൽ എന്നും ഗരിഞ്ചയോട് കടപ്പെട്ടു. പ്രതിഭാ ധാരാളിത്തമുണ്ടായിരുന്നുവെങ്കിലും പതിയെ വിസ്മൃതിയിലേക്ക് പോകുവാനായിരുന്നു ഗരിഞ്ചയുടെ വിധി. പരിക്കുകളും അമിത മദ്യപാനവും ഗരിഞ്ചയുടെ കളിയുടെ മനോഹാരിത നഷ്ടപ്പെടുത്തി. സമകാലികനായ ഗരിഞ്ചയോട് പെലെക്ക് എന്നും സ്നേഹവും ബഹുമാനവുമായിരുന്നു. കളിക്കളത്തിൽ ഞങ്ങൾ ടീം മേറ്റുകളാണ്, കളത്തിന് പുറത്ത് സഹോദരങ്ങളും എന്നാണ് പെലെ ഗരിഞ്ചയെക്കുറിച്ച് പറഞ്ഞത്. ലോകം കീഴടക്കിയ മഹാരഥൻമാരുടെ നിര പിന്നെയും ബ്രസീൽ ടീമിൽ ഉയർന്നു വന്നു, അപ്പോഴും ഇളക്കമില്ലാത്ത കൊടുമുടിക്കു മുകളിലായിരുന്നു പെലെയും ഗരിഞ്ചയും.

ഫുട്ബാളിന്റെ രാജതന്ത്രവുമായി ബ്രസീൽ

ഫുട്ബാളിന്റെ തലവര മാറ്റിയെഴുതിയ തന്ത്രങ്ങൾ ബ്രസീൽ ആവിഷ്കരിക്കുന്നതിന് സാക്ഷിയായ ലോകകപ്പായിരുന്നു 58ലേത്. 2-3-5 ഫോർമേഷനിലായിരുന്നു അതുവരെ ടീകളുകൾ കളിച്ചിരുന്നത്. 4-2-4 ഫോർമേഷനിലാണ് ബ്രസീൽ കളിക്കാരെ വിന്യസിച്ചത്. ആക്രമണത്തിൽ രണ്ട് സെൻറർ ഫോർവേഡുകളെ നിയോഗിക്കുകയും, അവ​രെ സപ്പോർട്ട് ചെയ്യുന്നതിന് രണ്ട് വിങ്ങർമാ​രെ നിയോഗിക്കുകയും ചെയ്തതോടെ ആക്രമണങ്ങൾക്ക് മൂർച്ചകൂടി. ഇന്ന് ഹെവി മെറ്റൽ ഫുട്ബോൾ ഉൾപ്പെടെ നമുക്ക് സുപരിചിതമാണെങ്കിലും അക്കാലത്ത് അത് അത്ഭ​ുതകരമായ മാറ്റമായിരുന്നു. വിങ് ബാക്കുകൾ കയറിക്കളിക്കുക കൂടി ചെയ്ത​തോടെ ബ്രസീലിന്റെ കേളീ പദ്ധതി എതിരാളികളെ ആശയക്കുഴപ്പത്തിലാക്കി. ബ്രസീലിന് പന്തുകിട്ടുമ്പോഴെല്ലാം ഏഴോ എട്ടോ കളിക്കാർ ആക്രമണ സന്നദ്ധരായി എതിർമുഖത്ത് വട്ടമിട്ടു. എതിരാളികൾക്ക് പന്ത് കിട്ടുമ്പോൾ വിങ് ബാക്കുകൾ പിറകിലേക്കിറങ്ങി. അതിവേഗതയുള്ള കളിക്കാരും ബ്രസീലിന്റെ പുതിയ ഫോർമാറ്റിന് കരുത്തായി. പലപ്പോഴും മറ്റ് ടീമുകൾക്ക് പൂർണമായി പ്രതിരോധത്തിലേക്ക് വലിയേണ്ടിവന്നു. ആ ലോകകപ്പോടെ മിക്ക ടീമുകളും 4-2-4 ഫോർമേഷനിലേക്ക് മാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.