ജി.ഡി.ആർ.എഫ്.എ ദുബൈയിൽ നടന്ന ‘പങ്കാളികൾ മുന്നേറ്റത്തിന്’ ഏകോപന യോഗം
ദുബൈ: ദുബൈ ഗവൺമെന്റ് എക്സലൻസ് പ്രോഗ്രാമിന്റെ ഭാഗമായി ജി.ഡി.ആർ.എഫ്.എ ദുബൈയിൽ ‘പങ്കാളികൾ മുന്നേറ്റത്തിന്’ എന്ന പേരിൽ ഏകോപന യോഗം സംഘടിപ്പിച്ചു.ദുബൈയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഡയറക്ടർ ജനറൽമാരും കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി, ഹ്യൂമൻ റിസോഴ്സസ്, ലീഗൽ അഫയേഴ്സ്, ഔഖാഫ് ആൻഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷൻ, ദുബൈ സ്പോർട്സ് കൗൺസിൽ എന്നിവയിലുൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ഏകീകൃത സർക്കാർ എന്ന ആശയം പ്രോത്സാഹിപ്പിക്കുകയും സർക്കാർ പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യലായിരുന്നു യോഗത്തിന്റെ ലക്ഷ്യം.വിഭവ മാനേജ്മെന്റ്, സാമ്പത്തിക കാര്യക്ഷമത എന്നിവയിൽ വൈദഗ്ധ്യവും മികച്ച രീതികളും പങ്കുവെച്ച് സ്ഥാപനപരമായ പ്രകടനം മെച്ചപ്പെടുത്തുന്നത് ചർച്ചയായി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ദർശനത്തിനും, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശങ്ങൾക്കും അനുസരിച്ചാണ് സംരംഭം ആരംഭിച്ചത്.
ഡയറക്ടറേറ്റ് ഈ യോഗത്തിന് ആതിഥേയത്വം വഹിച്ചത് ഒരു മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനം എന്നതിലുപരി, സഹകരണ മാതൃകകൾ കെട്ടിപ്പടുക്കുന്നതിലെ പങ്കാളിത്തം വ്യക്തമാക്കുന്നുവെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.