നോമ്പിെൻറ അന്തഃസത്ത മനസ്സിലാകാതിരുന്ന ബാല്യ- കൗമാര കാലത്തൊക്കെ അസറിനുശേഷം ആലപ്പുഴ പൈങ്ങാമടത്തെ വീട്ടിലെ അടുക്കളയിൽ നിന്നുയരുന്ന രുചികരമായ വിഭവങ്ങളുടെ മനം മയക്കുന്ന ഗന്ധമാണ് നോമ്പിലേക്ക് അടുപ്പിച്ചതെന്ന് നിസ്സംശയം പറയാം. സാധാരണ മാസങ്ങളിൽ സ്കൂൾ വിട്ട് വരുമ്പോൾ ചായക്കാെപ്പം ഉമ്മി ഉണ്ടാക്കിവെക്കുന്ന വിഭവങ്ങളായ പഴംപൊരി, ഉള്ളിവട, പരിപ്പുവട തുടങ്ങി ഉമ്മിയുടെ കൈപ്പുണ്യം പതിഞ്ഞ വിഭവങ്ങൾകൊണ്ട് തീൻമേശ നിറയുന്ന വ്രതനിര്‍വൃതി നിറഞ്ഞ ദിനരാത്രങ്ങൾ.
സമൂസയുടെ വകയിൽ ഒരു ബന്ധുവായി തോന്നുന്ന ഇറച്ചിപ്പത്തിരി മുതൽ തേങ്ങയുടെ പുറന്തോടുകൊണ്ട് ഉണ്ടാക്കിയ അച്ചിൽ നിറച്ച് പൊരിച്ചെടുക്കുന്ന പ്രത്യേക ആകൃതിയിലുള്ള ഖുറൈബാത്ത് വരെ എത്ര വിഭവങ്ങളാണ് നാട്ടിലെ റമദാൻ അടുക്കളകളെ സമ്പന്നമാക്കുന്നത്. പുതിയാപ്ല സൽക്കാരങ്ങൾക്ക് പേരുകേട്ട മുട്ടമാല, മുട്ടസുർക്ക, റവയും പഞ്ചസാരയും വറുത്ത് സമൂസ പോലെ തോന്നുന്ന മധുര വിഭവമായ 'മണ്ട' എന്ന് വിളിപ്പേരുള്ള വിഭവം, കാരറ്റ് പോള, ഈത്തപ്പഴം പോള, കടലപ്പോള, 'ആരും കാണാത്ത അപ്പം' എന്ന് ഞങ്ങളുടെ നാട്ടിൽ ഓമനപ്പേരിട്ട് വിളിക്കുന്ന മലബാറുകാരുടെ സ്വന്തം ചട്ടിപ്പത്തിരി, ഏത്തപ്പഴവും മുട്ടയും ചേർത്ത് ഉണ്ടാക്കിയ ഉന്നക്കായ, ഏത്തപ്പഴം കുനുകുെന ചെറുതായി അരിഞ്ഞ് മുട്ടയും പഞ്ചസാരയും ചേർത്ത് നെയ്യിൽ ഉണ്ടാക്കുന്ന മുട്ടയും കായും, സേമിയ വിഭവങ്ങൾ, ചെറുപയർ പരിപ്പും ചോറും, തേങ്ങപ്പാലും നെയ്യും ചേർത്തുണ്ടാക്കുന്ന കിച്ചടി, ബ്രഡും മുട്ടയും പാലും ഏലക്കയും ചേർത്തുണ്ടാക്കുന്ന എണ്ണമറ്റ വിഭവങ്ങൾ, ചൈനാഗ്രാസും പാലും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന ഫലൂദ, നോമ്പു കഞ്ഞിയും പയറു തോരനും, റവക്കഞ്ഞി, വിവിധതരം പത്തിരികൾ, കപ്പവിഭവങ്ങൾ, ഇറച്ചിക്കറികൾ... അങ്ങനെ നീളുന്നു വിഭവ നിര. ഇപ്പോൾ കട്ലറ്റും പിസയും ബർഗറും കൂട്ടത്തിൽ കൂടിയിട്ടുണ്ടെന്നേയുള്ളൂ. വിഭവങ്ങളുടെ രുചിക്ക് മാറ്റമില്ല.
വിവാഹശേഷം പ്രവാസലോകത്തേക്ക് എത്തിച്ചേർന്നപ്പോൾ നഷ്ടമായ സന്തോഷങ്ങളിൽ നാട്ടിലെ നോമ്പുതുറയുമുണ്ട്. പക്ഷേ, വീട്ടുകാരും കുടുംബക്കാരും മാത്രമായി ഒതുങ്ങിനിന്ന നോമ്പുതുറകളിൽനിന്നു വ്യത്യസ്തമായി സമൂഹ നോമ്പുതുറകളുടെ സൗന്ദര്യം മനസ്സിലാക്കിത്തന്നത് പ്രവാസലോകമാണ്. നാട്ടിലെ നോമ്പുതുറകളിൽ ഒന്നോ രണ്ടോ പഴവർഗങ്ങളുടെ ജ്യൂസുകളാണ് കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇവിടെ എല്ലാവിധ പഴവർഗങ്ങളും അരിഞ്ഞ സാലഡുകളും മോരും വിഭവങ്ങളാണ്. നോമ്പ് ദിവസങ്ങളിൽ ഒന്നും ബിരിയാണി വെക്കാതെ പെരുന്നാൾ ബിരിയാണിക്കായുള്ള കാത്തിരിപ്പ് കുട്ടിക്കാലത്തെ സുഖമുള്ള ഓർമകളിൽ ഒന്നാണ്.
പ്രവാസ നോമ്പുതുറകളിൽ ബിരിയാണിക്ക് അനിഷേധ്യമായ സ്ഥാനമാണുള്ളത്. സമൂസയും കിഴങ്ങ് ബജികളും ഉള്ളിവടയുമാണ് പ്രവാസ നോമ്പുതുറയിലെ മിന്നുംതാരങ്ങൾ. അറബി വിഭവങ്ങളായ അരീസയും കുബ്ബൂസും മൂസും നമ്മുടെ ഉണ്ണിയപ്പത്തോട് സാദൃശ്യമുള്ള ഗാമാത്തും മജ്ബൂസും നോമ്പുതുറക്കായി നൽകിയ സ്നേഹനിധികളായ അറബികളായ അയൽക്കാരെയും ഓർക്കുന്നു. വിവിധങ്ങളായ പുഡിങ്ങുകളാണ് ഇന്നത്തെ നോമ്പുതുറയുടെ ആകർഷക ഘടകങ്ങൾ. ഫാസ്റ്റ് ഫുഡുകൾ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഇന്നത്തെ തലമുറയെ പഴയ രുചികളുടെ മാസ്മരിക മാധുര്യ ലോകത്തിലേക്കുള്ള കൂട്ടിക്കൊണ്ടുപോകൽ കൂടിയാണ് ഓരോ നോമ്പുകാലവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.