അബൂദബിയിൽ നടന്നുവരുന്ന യു.എ.ഇ. വാർഷിക നിക്ഷേപ സമ്മേളനത്തിലെ കേരള പവലിയൻ
അബൂദബി: പന്ത്രണ്ടാമത് ആഗോള വാര്‍ഷിക നിക്ഷേപ സംഗമത്തിന് അബൂദബി അഡ്നെകില്‍ തുടക്കമായി. സുസ്ഥിര സാമ്പത്തിക വളര്‍ച്ചക്കും വൈവിധ്യത്തിനും ഐശ്വര്യത്തിനുമായുള്ള ഭാവി നിക്ഷേപ അവസരങ്ങള്‍ എന്ന മുദ്രാവാക്യത്തില്‍ മേയ് 10 വരെ അബൂദബി എക്സിബിഷൻ സെന്ററിലാണ് സംഗമം.
അബൂദബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷകർതൃത്വത്തിൽ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രാലയവും അബൂദബി സാമ്പത്തിക വികസന വകുപ്പുമായി സഹകരിച്ചാണ് സംഗമം നടത്തുന്നത്. മന്ത്രിമാർ, വ്യവസായ നേതാക്കൾ തുടങ്ങി 170 രാജ്യങ്ങളിൽനിന്നുള്ള പ്രമുഖരും നിക്ഷേപകരും വൻകിട കമ്പനികളിലെ ഉദ്യോഗസ്ഥരും സംഗമത്തിൽ സംബന്ധിച്ചു. യു.എ.ഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സയൂദി, അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി തുടങ്ങിയവർ സംസാരിച്ചു.
വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിൽ ആഗോളതലത്തിൽ യു.എ.ഇ 19ാം സ്ഥാനം നേടിയതായി ഡോ. താനി അൽ സയൂദി ചൂണ്ടിക്കാട്ടി. 2022ലെ വിദേശ പ്രത്യക്ഷ നിക്ഷേപ റിപ്പോർട്ട് പ്രകാരം വിദേശ നിക്ഷേപത്തിൽ യു.എ.ഇക്ക് 17ാം സ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗമത്തിന്റെ ഭാഗമായി സംരംഭക നിക്ഷേപ സമ്മേളനവും അരങ്ങേറി. യൂനിയൻ ഓഫ് അറബ് ചേംബേഴ്സ് ആയിരുന്നു സമ്മേളനം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.