തൊഴിലാളികളുടെ താമസ സ്ഥലങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി
ദുബൈ: ദുബൈയിൽ തൊഴിലാളികളുടെ താമസ സ്ഥലങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. ഒരു തൊഴിലാളിക്ക് ഉറങ്ങാൻ 3.7 ചതുരശ്രമീറ്റർ സ്ഥലമെങ്കിലും ഉറപ്പാക്കണം എന്നാണ് പ്രധാന നിർദേശങ്ങളിലൊന്ന്.
ദുബൈയിൽ തൊഴിലാളികൾക്ക് താമസസ്ഥലം ഒരുക്കുമ്പോൾ ഉറപ്പാക്കേണ്ട മിനിമം സൗകര്യങ്ങൾ സംബന്ധിച്ച് നൽകിയ നിർദേശങ്ങളിലാണ് നഗരസഭ പുതിയ മാനദണ്ഡങ്ങൾ അറിയിച്ചത്. ഉറങ്ങാനായി തൊഴിലാളിക്ക് 3.7 ചതുശ്രമീറ്റർ സ്ഥലം ഉറപ്പാക്കുമ്പോൾ തന്നെ താമസ്ഥലത്ത് ഒരാൾക്ക് 8.9 മുതൽ 10.3 ചതുരശ്ര മീറ്റർ വരെ ഫ്ലോർ ഏരിയയും 0.75 മുതൽ 1.5 ചതുരശ്ര മീറ്റർ ഔട്ടർ സ്പേസും ഉറപ്പാക്കണമെന്ന് നിർദേശത്തിൽ പറയുന്നുണ്ട്.
ദുബൈ ക്വാളിറ്റി ലൈഫ് സ്ട്രാറ്റജിയുടെ ഭാഗമായാണ് തൊഴിലാളികളുടെ താമസസ്ഥലങ്ങൾ മെച്ചപ്പെടുത്താൻ പദ്ധതികൾ തയാറാക്കുന്നത്. ഇതനുസരിച്ച് 1417 ലേബർകേന്ദ്രങ്ങളിൽ മുനിസിപ്പാലിറ്റി പരിശോധന നടത്തി. 19 താമസ കേന്ദ്രങ്ങൾ മാതൃകാ അക്കോമഡേഷനുകളായി കണ്ടെത്തി. മൂന്നിടങ്ങൾ പ്ലാറ്റിനം അംഗീകാരം നേടി. ഒമ്പത് സ്ഥലങ്ങൾക്ക് ഗോൾഡും, ഏഴ് കേന്ദ്രങ്ങൾക്ക് സിൽവറും അഗീകാരങ്ങൾ നൽകി.
തൊഴിലാളികൾക്ക് എളുപ്പത്തിൽ അക്കോമഡേഷനിൽ എത്താൻ നടപ്പാലങ്ങൾ, പാർക്കിങ് ഇടങ്ങൾ എന്നിവ ഉറപ്പാക്കണം. താമസയിടങ്ങൾക്ക് അടുത്ത് ഷോപ്പിങ് കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ, കായിക കേന്ദ്രങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.