അലി അബ്ദുൽഹാദി അൽ ഹജ്‌രിയെ ആദരിച്ചപ്പോൾ

ബസ് കേടായി വഴിയിൽ കുടുങ്ങിയ കുടുംബങ്ങളെ സഹായിച്ച ഉദ്യോഗസ്ഥനെ ആദരിച്ച് അബൂദബി പൊലീസ്

അബൂദബി: ഖുവൈഫാത്ത് അതിർത്തിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ബസ് കേടായി വഴിയിൽ കുടുങ്ങിയ കുടുംബങ്ങളെ സഹായിച്ച അബൂദബി പൊലീസ് ഉദ്യോഗസ്ഥന് ആദരം. ഫസ്റ്റ് പൊലീസ്‌മാൻ അലി അബ്ദുൽഹാദി അൽ ഹജ്‌രിയെയാണ് അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈതൂൻ അൽ മുഹൈരി ആദരിച്ചത്. സെൻട്രൽ ഓപറേഷൻസ് സെക്ടർ ഡയറക്ടർ ബ്രിഗേഡിയർ നാസർ സുലൈമാൻ അൽ മസ്കാരിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

യാത്രക്കിടെ വാഹനം തകരാറിലായതിനെ തുടർന്ന് വലഞ്ഞ നിരവധി കുടുംബങ്ങൾക്കാണ് അൽ ഹജ്‌രി അടിയന്തര സഹായം എത്തിച്ചത്. ഉടൻ സ്ഥലത്തെത്തിയ അദ്ദേഹം കുടുംബങ്ങളുടെ ക്ഷേമം അന്വേഷിക്കുകയും അവർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്തു. ഉദ്യോഗസ്ഥന്‍റെ സമയോചിതമായ ഇടപെടൽവഴി യാത്രക്കാർക്ക് സുരക്ഷിതമായി യാത്ര തുടരാൻ സാധിച്ചു.

പൊലീസ് ഉദ്യോഗസ്ഥന്‍റെ സന്നദ്ധതയെയും പെട്ടെന്നുള്ള ഇടപെടലിനെയും മേജർ ജനറൽ അൽ മുഹൈരി അഭിനന്ദിച്ചു. ഔദ്യോഗിക ചുമതലകൾക്ക് അപ്പുറം സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുക എന്നത് അബൂദബി പൊലീസിന്‍റെ അടിസ്ഥാന തത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ആദരവ് ലഭിച്ചതിൽ തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് അലി അബ്ദുൽഹാദി അൽ ഹജ്‌രി പ്രതികരിച്ചു. പൊതുജനങ്ങളെ സഹായിക്കുക എന്നത് പൊലീസ് ഉദ്യോഗസ്ഥന്‍റെ ദേശീയവും മാനുഷികവുമായ കടമ കൂടിയാണ്. സഹായം ആവശ്യമായി വരുന്ന ഏതൊരാളെയും ചേർത്തുപിടിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Abu Dhabi Police Honor Officer Who Helped Stranded Families After Bus Breakdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.