അബൂദബി: ഓണ്‍ലൈന്‍ ഗെയിമുകളുടെ സ്വീകാര്യത ചൂഷണം ചെയ്ത് കുട്ടികള്‍ക്കെതിരെ നടക്കുന്ന സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി അധികൃതര്‍. മാൽവെയറുകള്‍ അല്ലെങ്കിൽ ഗെയിം ഫയലുകള്‍ എന്ന വ്യാജേനയുള്ള പരസ്യങ്ങൾ എന്നിവ അയച്ചുനല്‍കിയാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പ് നടത്തുന്നതെന്ന് അബൂദബി പൊലീസ് അറിയിച്ചു.
ഔദ്യോഗിക വെബ്സൈറ്റുകളെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ വ്യാജ വെബ്സൈറ്റുകള്‍ തയാറാക്കി ഗെയിമില്‍ ആകൃഷ്ടരാവുന്ന ചെറിയ കുട്ടികളെയടക്കം ചതിക്കുഴിയില്‍ വീഴ്ത്തിയാണ് തട്ടിപ്പ് നടത്തിവരുന്നത്. ഇതിനായി ഗെയിം കഥാപാത്രങ്ങളുടെ വസ്ത്രങ്ങള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കുന്നതടക്കമുള്ള രീതികൾ തട്ടിപ്പുകാര്‍ സ്വീകരിക്കുന്നുണ്ട്. ഇത്തരം വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ അടക്കമുള്ളവയും നല്‍കുകയും ഇതിലൂടെ സാമ്പത്തിക തട്ടിപ്പിനിരയാവുകയും ചെയ്യുന്നെന്ന് പൊലീസ് പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ കുട്ടികളെ ബോധവത്കരിക്കണമെന്ന് അബൂദബി പൊലീസ് ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ അപരിചിതരുമായി സംസാരിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കണമെന്നും വെര്‍ച്വല്‍ ഇടങ്ങളില്‍ പീഡനമോ മറ്റോ നേരിട്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊലീസ് നിര്‍ദേശിച്ചു.
ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ ശിശു ചൂഷണ കുറ്റകൃത്യ വകുപ്പുണ്ട്. ബോധവത്കരണത്തിലൂടെയും ഇരകള്‍ക്ക് പിന്തുണ നല്‍കിയും ശക്തമായ നിയമ സംരക്ഷണമൊരുക്കിയുമൊക്കെയാണ് ഇത്തരം കുറ്റകൃത്യങ്ങളെ വകുപ്പ് തടയുന്നത്. ആഭ്യന്തരമന്ത്രാലയത്തിന്റെ ഹോട്ട്ലൈന്‍ നമ്പറായ 116111 മുഖേനയോ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇതിനായി നീക്കിവെച്ചിട്ടുള്ള സെക്ഷന്‍ മുഖേനയോ ശിശു ചൂഷണക്കേസുകള് അറിയിക്കുന്നതിനായുള്ള ഹെമയാതി ആപ് മുഖേനയോ ആണ് അധികൃതരെ ബന്ധപ്പെടേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.