പാതാളത്തിലേക്ക് ചിവിട്ടിത്താഴ്ത്തപ്പെട്ട മഹാബലി തമ്പുരാന്‍ വര്‍ഷത്തിലൊരിക്കല്‍ പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ കേരളത്തിൽ മാത്രമാണോ എത്തുക? ഒരിക്കലും അങ്ങനെയല്ലെന്ന് കരുതുന്നവരാണ് പ്രവാസികൾ. മാവേലി ഭൂമിയിലെത്തുമെന്നാണ് ഐതിഹ്യം. അപ്പോൾ, മലയാളികൾ ഉള്ളിടത്തെല്ലാം അദ്ദേഹമെത്തും. അങ്ങനെയെങ്കിൽ, മലയാളക്കര കഴിഞ്ഞാല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന ഗള്‍ഫ് നാടുകളിൽ മാവേലി എന്തായാലും വരും.
ഇവിടെയുള്ള ഓണത്തിന്‍റെ മേളമൊക്കെ നാടിനെ വെല്ലുന്ന തരത്തിലാണ്. അതിൽ ഒഴിച്ചുകൂടാത്ത ഒന്നാണ് മാവേലി. ഒറിജനൽ മാവേലിയല്ല, ഓലക്കുടയും കുടവയറുമൊക്കെയായി പരിപാടികളുടെ കേന്ദ്ര കഥാപാത്രങ്ങളായി വിലസുന്ന ‘മാതൃകാ മാവേലിമാർ’. ഓണാഘോഷത്തിന് യു.എ.ഇയിലും മാവേലി നിർബന്ധ ചേരുവയാണ്. നാട്ടിലേതുപോലെ കുറച്ചുദിവസങ്ങളിലേക്കല്ല, ഇവിടുത്തെ മാവേലിക്ക് ആറുമാസം കഴിഞ്ഞേ പാതാളത്തിലേക്ക് മടങ്ങിപ്പോകാന്‍ കഴിയൂ എന്നുമാത്രം.
ഓണം നടക്കുന്ന ആഗസ്റ്റ് മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ നീണ്ടുനില്‍ക്കുന്നതാണ് യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലെ ഓണാഘോഷങ്ങൾ. അവധി ദിനങ്ങളില്‍ മാത്രമാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയൂ എന്നതിനാലാണ് ഇത്രയും നീണ്ടു പോകുന്നത്. മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഗള്‍ഫിലെ ഓണാഘോഷങ്ങള്‍ പോലെ മാവേലി വേഷക്കാർക്കും ഇത്രയും കാലം വിശ്രമമില്ല. കമ്പനിയിലെ ഒഴിവു ദിവസങ്ങളില്‍ മാത്രമേ ‘മാവേലി’ക്കും ആഘോഷത്തിനെത്താന്‍ കഴിയൂ.
നല്ല കുടവയറും ആകാരവും ഉണ്ടെങ്കില്‍ മാവേലി വേഷക്കാര്‍ക്ക് നല്ല കൊയ്ത്താണ്. ഇത്തരത്തില്‍ മാവേലി വേഷം സ്ഥിരമായി ചെയ്യുന്ന ഒട്ടനവധി പേരുണ്ട്. വേഷത്തിനൊത്ത കുടവയറും കൊമ്പൻ മീശയും ഉള്ള മലയാളികളെ കിട്ടാതെ വരുമ്പോള്‍ അന്യ രാജ്യക്കാരെയും പരീക്ഷിക്കുന്നുണ്ട് ചിലര്‍. മാവേലിയായി വേഷമിട്ട് എത്തുന്നവര്‍ക്ക് തങ്ങളുടെ കുടവയറും കൊമ്പന്‍ മീശയും നിലനിര്‍ത്താന്‍ ഏറെ പണിപ്പെടേണ്ടി വരും. പ്രവാസ ലോകത്തെ ജോലിക്കാരായ മാവേലികള്‍ക്ക് ആറു മാസമെങ്കിലും ഈ രൂപം നിലനിര്‍ത്താന്‍ തൊഴിലുടമയുടെ കനിവ് കൂടി ആവശ്യമാണ്.
യു.എ.ഇയിലെ തിരക്കുള്ള മാവേലിമാരിൽ ഒരാളാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ലിജിത്ത് കുമാര്‍. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി യു.എ.ഇയിലുള്ള ലിജിത്ത് കുമാര്‍ കലാപരമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മാവേലി വേഷവുമായി രംഗത്ത് വരുന്നത് ആറു വര്‍ഷം മുമ്പാണ്. ഇതിനകം എഴുനൂറോളം വേദികളില്‍ മാവേലിയായി ഇദ്ദേഹം അണിഞ്ഞൊരുങ്ങിയെത്തിയിട്ടുണ്ട്. കടന്നപ്പള്ളി ശങ്കരന്‍ കുട്ടി മാരാരുടെ കീഴില്‍ ചെണ്ട അഭ്യസിച്ചിട്ടുള്ളയാളു കൂടിയാണ് ലിജിത്ത്. നാട്ടിലേതു പോലെത്തെശന്ന നിരവധി ചെണ്ടക്കാരുടെ കൂട്ടായ്മയുണ്ട് യു.എ.ഇയില്‍.
തന്‍റെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ആദ്യഘട്ടങ്ങളില്‍ മാവേലിയായി ലിജിത്ത് അണിഞ്ഞൊരുങ്ങിയിരുന്നത്. ഇപ്പോള്‍ തിരക്ക് കൂടിയപ്പോള്‍ സഹധര്‍മിണി പ്രിയങ്കയുടെ സഹായം തേടുകയാണ് മാവേലി. മാവേലിയുടെ വേഷമണിഞ്ഞ് മണിക്കൂറുകളോളം സദസ്സില്‍ നിറഞ്ഞാടുക ശ്രമകരമാണെന്നാണ് ഇദ്ദേഹത്തിന്‍റെ പക്ഷം. മാവേലി വേഷത്തില്‍ എല്ലാവരാലും ശ്രദ്ധിക്കപ്പെടുമ്പോള്‍ അൽപനേരമൊന്ന് വിശ്രമിക്കാനോ, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ ഒക്കെ ഏറെ പ്രയാസപ്പെടേണ്ടിവരുന്നതായി ലിജിത്ത് സാക്ഷ്യപ്പെടുത്തുന്നു.
ചില മാസങ്ങളില്‍ ദിവസം മുഴുവന്‍ വേഷം കെട്ടേണ്ടി വന്നിട്ടുണ്ട്. രാവിലെ ആറര മണിക്ക് വേഷമണിഞ്ഞു രാത്രി പത്തരവരെ നീണ്ടുനിന്ന അനുഭവവും മാവേലിക്ക് ഉണ്ടാവാറുണ്ട് . രാവിലെ അബൂദാബിയിലും ഉച്ചക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലും വൈകീട്ട് മറ്റ് എമിറേറ്റുകളിലും പരിപാടിക്ക് മാവേലിയായി വേഷം കെട്ടിയ കഥയും പറയാനുണ്ട് ലിജിത്തിന്. ചൂട് കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് മാവേലിയുടെ വേഷം കെട്ടി പുറത്തിറങ്ങേണ്ടി വന്നാല്‍ പണി പാളും.
മാവേലിയെ കാണുമ്പോള്‍ അറബികളും വിദേശികളും കൗതുകത്തോടെ ഒപ്പം നിന്ന് ഫോട്ടോയെടുക്കുന്നത് പതിവാണ്. വേഷത്തിനാവശ്യമായ മിക്ക സാധനങ്ങളും നാട്ടില്‍ നിന്നാണ് പലരും കൊണ്ടു വരുന്നത്. ഇക്കൊല്ലം ഇതിനിടെ നിരവധി പരിപാടികളില്‍ ലിജിത്ത് വേഷമിട്ടുകഴിഞ്ഞു. ഇനിയങ്ങോട്ട് കുറച്ചുകാലം പ്രവാസി പ്രജകൾക്കുവേണ്ടി ഈ വേഷപ്പകർച്ചയിൽ ഓണത്തിന്‍റെ ഓർമകളിലേക്ക് ലിജിത്തിനെപ്പോലെയുള്ള ഒരുപാട് മാവേലിമാർ ഓലക്കുടയും ചൂടിയെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.