മോദി പാര്‍ലമെന്‍റിനെ അപ്രസക്തമാക്കുന്നു–എന്‍.കെ.പ്രേമചന്ദ്രന്‍

ദുബൈ: പാര്‍ലമെന്‍റിനെ ദുര്‍ബലപ്പെടുത്തുന്ന ഭയാനക അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. അസാധു നോട്ടുകള്‍ കൈവശം വെക്കുന്നവര്‍ക്ക് നാലു വര്‍ഷം തടവ് നല്‍കുന്ന ഓര്‍ഡിനന്‍സ് പാര്‍ലമെന്‍ററി ജനാധിപത്യത്തെ പൂര്‍ണമായും അപ്രസക്തമാക്കുന്നതിന് തുല്യമാണെന്ന് ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റില്‍ ചര്‍ച്ചചെയ്യേണ്ട വിഷയത്തില്‍ പാര്‍ലമെന്‍റ് പിരിഞ്ഞശേഷം ഓര്‍ഡിനന്‍സ് മുഖാന്തരം നിയമനിര്‍മാണം നടത്തുന്നത് അത്യന്തം ഭയാനകമാണ്.  പാര്‍ലമെന്‍റിന്‍െറ അപ്രമാദിത്വം കുറച്ചുകാട്ടുകയാണ് മോദിയുടെ ലക്ഷ്യം. 
ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും എതിര്‍ക്കുന്നവര്‍ ദേശവിരുദ്ധരും പാക് അനുകൂലികളുമാണെന്നാണ് പറയുന്നത്.  അപകടകരമായ അവസ്ഥയാണിത്. സാധാരണ വിവാദ വിഷയങ്ങളില്‍ മൗനം പാലിക്കുന്ന എം.ടിയെ പോലും സംഘടിതമായി ആക്രമിക്കുകയാണ്. നോട്ടുറദ്ദാക്കലുമായി ബന്ധപ്പെട്ട് തോമസ് ഐസക് രചിച്ച പുസ്തകത്തിന്‍െറ പ്രകാശന വേളയില്‍ സ്വാഭാവികമായ പ്രതികരണമാണ് അദ്ദേഹത്തിന്‍േറത്. അതിനെ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കു കഴിയുന്നില്ല. 
എത്ര കള്ളപ്പണം പിടിച്ചെടുത്തു, ഇത് സമ്പദ് വ്യവസ്ഥക്കുണ്ടാക്കിയ ആഘാതമെന്ത്, കാര്‍ഷികവ്യവസായ മേഖലക്കുണ്ടായ നഷ്ടം നികത്താന്‍ എന്ത് നടപടി സ്വീകരിക്കും തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും പ്രധാനമന്ത്രി മറുപടി പറയുന്നില്ല. 
നോട്ട് അസാധുവാക്കലിനെ ആദ്യം പിന്തുണച്ച പ്രതിപക്ഷം മുന്നൊരുക്കങ്ങളില്ലാതെയാണ് സര്‍ക്കാര്‍ നടപടിയെന്ന് കണ്ടപ്പോയാണ് എതിര്‍ത്തത്.  യു.പി. ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു മോദിയുടെ തീരുമാനം. കേന്ദ്ര കാബിനറ്റിനെ ബന്ദിയാക്കിയാണ് പ്രധാനമന്ത്രി ഈ തീരുമാനമെടുത്തത്.  ഇതിന്‍െറ പ്രത്യഘാതം വലിയതോതില്‍ രാജ്യത്തെ ബാധിക്കും. നോട്ടു പിന്‍വലിക്കല്‍ നടപടി തന്നെ നിയമവിരുദ്ധമാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്. 
1946ലും 78ലും സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പ്രകാരമാണ് നോട്ട് പിന്‍വലിച്ചത്. എന്നാല്‍ റിസര്‍വ് ബാങ്ക് നിയമമനുസരിച്ച് വിജഞാപനം ഇറക്കുകയായിരുന്നു ഇത്തവണ. കേരളത്തില്‍ യു.ഡി.എഫിന് നേതൃത്വം കൊടുക്കുന്ന പ്രധാന കക്ഷിയിലുണ്ടാകുന്ന അനക്യം യു.ഡി.എഫില്‍ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. 
പ്രതിപക്ഷത്തായിരുന്നിട്ടും ഐക്യപ്പെടാന്‍ കഴിയാതിരിക്കുന്നത് മോശമാണ്. മൂന്നാം തിയ്യതി ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഇത് ഉന്നയിക്കം. 
ഭരണ കക്ഷിയും സമര കക്ഷിയും എല്‍.ഡി.എഫ് ആണെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഉത്തവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ഇത് എല്‍.ഡി.എഫ് സര്‍ക്കാറിനെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

News Summary - nk pemachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.