അബൂദബി: ജലപാതകൾ സംരക്ഷിക്കാൻ പുതിയ സമുദ്ര സുരക്ഷ നിയമം നടപ്പാക്കാനൊരുങ്ങി അബൂദബി. ജലപാതകളുടെ സുരക്ഷിതവും ഉത്തരവാദിത്തപൂർണവും സുസ്ഥിരവുമായ ഉപയോഗം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അബൂദബി നഗര, ഗതാഗത വകുപ്പാണ് ലൈസന്‍സിങ്, ഓപറേഷന്‍സ്, പരിസ്ഥിതി സംരക്ഷണം എന്നിവക്കായി വ്യക്തമായ മാനദണ്ഡങ്ങളുള്ള സമുദ്ര സുരക്ഷ ചട്ടം പുറപ്പെടുവിച്ചത്.
വിപുലമായ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന സമുദ്ര സുരക്ഷ നിയന്ത്രണ ബൈലോ ആണ് നഗര ഗതാഗത വകുപ്പ് അവതരിപ്പിച്ചത്. 230 ദ്വീപുകളും 2400 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള തീരദേശവും അടങ്ങുന്ന 45,000 ചതുരശ്ര കിലോമീറ്റര്‍ ജലാശയങ്ങളാണ് അബൂദബിക്കുള്ളത്. ഇത് അബൂദബിയുടെ സമ്പദ് വ്യവസ്ഥക്കും പരിസ്ഥിതിക്കും ജീവിതരീതിക്കും നിര്‍ണായകമാണ്. ഈ സഹാചര്യത്തിലാണ് സമുദ്ര പങ്കാളികള്‍ക്കുള്ള ഉത്തരവാദിത്തങ്ങള്‍, ലൈസന്‍സിങ് ആവശ്യകതകള്‍, പ്രവര്‍ത്തന പെരുമാറ്റം, പാരിസ്ഥിതിക ബാധ്യതകള്‍, അടിയന്തര പ്രതികരണ ചുമതലകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വ്യവസ്ഥകൾ ബൈലോയില്‍ വിശദീകരിക്കുന്നത്. അബൂദബിയുടെ സമ്പന്നമായ പ്രകൃതി പൈതൃകം സംരക്ഷിക്കുന്നതിനും മലിനീകരണം തടയുന്നതിനും ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങള്‍ക്കൊപ്പം സമുദ്ര പരിസ്ഥിതി സംരക്ഷണത്തിലും ബൈലോയില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്.
നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനുള്ള അധികാരം അബൂദബി മാരിടൈമും സംയോജിത ഗതാഗത കേന്ദ്രവും ചേര്‍ന്നാണ് നിര്‍വഹിക്കുക. വകുപ്പിനു കീഴിലുള്ള സംയോജിത ഗതാഗതകേന്ദ്രവുമായി (അബൂദബി മൊബിലിറ്റി) സഹകരിച്ച് അബൂദബി മാരിടൈം ആണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനുള്ള സ്ഥാപനമായി പ്രവര്‍ത്തിക്കുക. പരിശോധനകള്‍, മാലിന്യം നീക്കംചെയ്യല്‍, അടിസ്ഥാന സൗകര്യ നിരീക്ഷണം, നാവിഗേഷന്‍ സഹായങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയാണ് അബൂദബി മാരിടൈമിന്റെ ഉത്തരവാദിത്തങ്ങള്‍. സമുദ്ര മേഖല ഉള്‍പ്പെടെ എല്ലാ മൊബിലിറ്റി മേഖലകളിലും ഉയര്‍ന്ന സുരക്ഷ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള അബൂദബിയുടെ പരിശ്രമങ്ങളെ ഈ നിയന്ത്രണങ്ങള്‍ തെളിയിക്കുന്നുവെന്ന് അബൂദബി മൊബിലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ഹമദ് അല്‍ ഗഫേലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.