വാഹനം തിരിച്ചു കിട്ടാന്‍ മകള്‍ക്കെതിരെ പിതാവ് നല്‍കിയ കേസ് തള്ളി

അബൂദബി: വാഹനം കൈമാറണമെന്ന് ആവശ്യപ്പെട്ട് മകള്‍ക്കെതിരെ പിതാവ് നല്‍കിയ കേസ് അബൂദബി കുടുംബ, സിവില്‍, ഭരണകാര്യ കോടതി തള്ളി. താന്‍ വാഹനം വാങ്ങിയിട്ടില്ലെന്നും തന്റെ പക്കല്‍ വാഹനമില്ലെന്നും മകള്‍ കോടതിയില്‍ സത്യം ചെയ്തതിനെ തുടര്‍ന്നാണ് നടപടി. വാഹനത്തിന്റെ ഉടമസ്ഥത തന്റെ പേരിലേക്ക് മാറ്റുകയോ അല്ലെങ്കില്‍ അത് തിരികെ നല്‍കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പിതാവ് കോടതിയെ സമീപിച്ചത്. മകള്‍ വാഹനം കൈമാറാന്‍ വിസമ്മതിച്ചതായും 500 ദിര്‍ഹം വരുന്ന ട്രാഫിക് പിഴകള്‍ അടച്ചില്ലെന്നും പിതാവ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

10,000 ദിര്‍ഹം വിലമതിക്കുന്ന വാഹനത്തിന്റെ ഉടമസ്ഥത ഗതാഗത വകുപ്പില്‍ വെച്ച് മകളുടെ പേരിലേക്ക് മാറ്റണമെന്നോ അല്ലെങ്കില്‍ വാഹനം തിരികെ ഏല്‍പ്പിക്കണമെന്നോ ആയിരുന്നു പ്രധാന ആവശ്യം. വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഭാവിയില്‍ ഈടാക്കാനുള്ള അവകാശവും പിതാവ് ഹരജിയിൽ ഉന്നയിച്ചിരുന്നു. മകള്‍ക്ക് സഹായമായാണ് താന്‍ വാഹനം നല്‍കിയതെന്നും എന്നാല്‍ ഉടമസ്ഥത മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും അവള്‍ തയാറായില്ലെന്നും പിതാവ് വ്യക്തമാക്കി. കോടതി നടപടികള്‍ക്കിടയില്‍ തനിക്ക് വാഹനവുമായി ഒരു ബന്ധവുമില്ലെന്നും 2023 മുതല്‍ പിതാവുമായും ബന്ധവുമില്ലെന്നും മകള്‍ വാദിച്ചു. കൂടാതെ ആ വര്‍ഷം മുതല്‍ പിതാവ് ചെലവിനുള്ള തുക നല്‍കുന്നത് നിര്‍ത്തിയെന്നും അവര്‍ കോടതിയെ അറിയിച്ചു.

തെളിവുകളുടെ അഭാവത്തില്‍ കേസ് തീര്‍പ്പാക്കുന്നതിനായി മകളെക്കൊണ്ട് നിര്‍ണായക സത്യപ്രതിജ്ഞ (ഡെസിസീവ് ഔത്) ചെയ്യിക്കാന്‍ പിതാവ് കോടതിയില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന്, താന്‍ വാഹനം കൈപ്പറ്റിയിട്ടില്ലെന്നും അത് തന്റെ കൈവശമില്ലെന്നും മകള്‍ നിയമപ്രകാരം കോടതിയില്‍ സത്യം ചെയ്തു. തെളിവുകള്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ കക്ഷികളുടെ ആവശ്യപ്രകാരം സ്വീകരിക്കുന്ന അനുബന്ധ നിയമപരമായ സംവിധാനമാണ് സത്യപ്രതിജ്ഞയെന്ന് കോടതി വ്യക്തമാക്കി. സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞാല്‍ ആ വിഷയത്തിലെ തര്‍ക്കങ്ങള്‍ അവസാനിക്കുമെന്നും കോടതി വിശദീകരിച്ചു.

കേസ് ഫയലില്‍ പിതാവിന്റെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഇല്ലാത്തതിനാലാണ് അദ്ദേഹം സത്യപ്രതിജ്ഞ ആവശ്യപ്പെട്ടത്. മകള്‍ നിയമപരമായ രീതിയില്‍ സത്യപ്രതിജ്ഞ ചെയ്ത പശ്ചാത്തലത്തില്‍, അതിന്റെ നിയമപരമായ ഫലം ബാധകമാക്കിക്കൊണ്ട് കോടതി കേസ് തള്ളുകയും കോടതി ചെലവുകള്‍ പിതാവ് വഹിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.

Tags:    
News Summary - Court Dismisses Vehicle Claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.