ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മിന്നുംപ്രകടനം കാഴ്ചവെച്ച ജിയു-ജിത്സു ടീമിനെ സ്വീകരിച്ച് യു.എ.ഇ പ്രസിഡന്‍റ്​

ദുബൈ: ജപ്പാനിൽ നടന്ന 20-ാമത് ഐചി-നഗോയ 2026 ഏഷ്യൻ ഗെയിംസിൽ അഞ്ചു സ്വർണമെഡലുകൾ ഉൾപ്പെടെ മിന്നുംപ്രകടനം കാഴ്ചവെച്ച യു.എ.ഇ ജിയു-ജിത്സു ടീമിനെ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിച്ചു. അബൂദബിയിൽ നടന്ന ചടങ്ങിൽ ടീം അംഗങ്ങൾക്കൊപ്പം പരിശീലകരും മറ്റ് ജീവനക്കാരും സന്നിഹിതരായിരുന്നു.

ഏഷ്യൻ ഗെയിംസിൽ മികച്ച വിജയം നേടിയ ടീം അംഗങ്ങളെ പ്രസിഡന്‍റ്​ അഭിനന്ദിച്ചു. താരങ്ങളുടെയും പരിശീലകരുടെയും സ്റ്റാഫുകളുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണ് ഈ നേട്ടം. അന്താരാഷ്ട്ര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് അത്​ലറ്റുകൾ പ്രകടിപ്പിച്ച ദൃഢനിശ്ചയത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

കായിക മേഖലക്ക്​ യു.എ.ഇ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും രാജ്യത്തിന്‍റെ യശസ്സ്​ ഉയർത്തുന്ന രീതിയിൽ ഈ മേഖലയുടെ വളർച്ചക്ക്​ തുടർന്നും പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കായിക രംഗത്ത് കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ ഈ നേട്ടം പ്രചോദനമാകുമെന്ന്​ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്തിന്‍റെ പേര് അന്താരാഷ്ട്ര കായിക വേദികളിൽ ഉയർത്തിപ്പിടിക്കാൻ പ്രസിഡന്‍റിന്‍റെ പിന്തുണയും പ്രോത്സാഹനവും വലിയ പ്രചോദനമാണെന്ന് യു.എ.ഇ ജിജു-ജിത്സു ടീം അംഗങ്ങൾ പറഞ്ഞു. ഈ നേട്ടത്തിൽ അഭിമാനമുണ്ടെന്നും കൂടുതൽ വിജയങ്ങൾക്കായി മുന്നേറുമെന്നും ടീം അംഗങ്ങൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - UAE President Honors Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.