മോഡലിങ് തൊഴിൽ തട്ടിപ്പ്; മുഖ്യമന്ത്രിക്കും നോർക്കക്കും പിൽസ്​ നിവേദനം നൽകി

ദുബൈ: മോഡലിങ്, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിൽ ഉയർന്ന ശമ്പളത്തിൽ തൊഴിൽ വാഗ്ദാനം നൽകി യുവതികളെ വിദേശത്തേക്ക് കടത്തുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശനും നോർക്കയ്ക്കും പിൽസ് (പ്രവാസി ഇന്ത്യ ലീഗൽ സർവീസസ് സൊസൈറ്റി) നിവേദനം നൽകി. പിൽസിന്‍റെ യു.എ.ഇ കമ്മിറ്റി ചേർന്ന അടിയന്തിര യോഗ തീരുമാനപ്രകാരമാണ് അധികൃതർക്ക് പരാതിയും നിവേദനവും സമർപ്പിച്ചത്. വ്യാജ റിക്രൂട്ട്‌മെന്‍റ്​ ഏജൻസികൾ സോഷ്യൽ മീഡിയ വഴിയും മറ്റും ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് പെൺകുട്ടികളെ ചതിക്കുഴികളിൽ വീഴ്ത്തുന്നത്. ഇത്തരത്തിൽ വഞ്ചിതരാകുന്ന നിരവധി യുവതികൾ വിദേശരാജ്യങ്ങളിൽ ക്രൂരമായ പീഡനങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും അകപ്പെടുന്നതായി യോഗത്തിൽ പങ്കെടുത്ത കേരളത്തിലെയും യു.എ.ഇയിലെയും പ്രമുഖ അഭിഭാഷകർ വിശദീകരിച്ചു. വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.

ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പും പൊലീസും മുൻകൈ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചതിക്കുഴികളിൽ പെടുന്നവർക്കും പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും ആവശ്യമായ എല്ലാ നിയമസഹായങ്ങളും പിന്തുണയും പ്രവാസി ഇന്ത്യ ലീഗൽ സർവീസസ് സൊസൈറ്റി നൽകുമെന്ന് ചെയർമാനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. ഷാനവാസ് കട്ടകത്ത് പറഞ്ഞു. വിദേശ തൊഴിൽ വാഗ്ദാനങ്ങളുടെ സത്യാവസ്ഥ പൂർണമായും ബോധ്യപ്പെട്ടതിന് ശേഷം മാത്രം മുന്നോട്ട് പോകാൻ മലയാളി സമൂഹം അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിൽസ് യു.എ.ഇ പ്രസിഡന്‍റ്​ കെ.കെ അശ്റഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ യു.എ.ഇ ജനറൽ സെക്രട്ടറി അൽ നിഷാജ് ഷാഹുൽ സ്വാഗതം ആശംസിച്ചു.

Tags:    
News Summary - Modeling job scam; Pils submits petition to Chief Minister and Norka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-25 02:06 GMT