ദുബൈ: ദുബൈ ആസ്ഥാനമായുള്ള ‘മലബാർ അടുക്കള’ ഫേസ്ബുക്ക് കൂട്ടായ്മ കഴിഞ്ഞ വർഷം കോഴിക്കോട്ട് തുടക്കം കുറിച്ച ‘സമൃദ്ധി’ പദ്ധതി ഇത്തവണ 14 ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. തീരദേശ, മലയോര പ്രദേശങ്ങളിലെ പ്രാഥമിക വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് േപാഷകാഹാരം നൽകാനുള്ള ജീവകാരുണ്യ പദ്ധതിയാണ് സമൃദ്ധി.
കോഴിക്കോട് വെള്ളയിൽ ഗവ. ഫിഷറീസ് യു.പി.സ്കൂളിൽ കഴിഞ്ഞവർഷം നടപ്പാക്കിയ പദ്ധതി വൻ വിജയമായതിനെ തുടർന്നാണ് ഇൗ അധ്യയന വർഷം മുതൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്ന് സ്ഥാപകനും ചെയർമാനുമായ മുഹമ്മദലി ചക്കോത്ത് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
പോഷകാഹാരക്കുറവിനും അനുബന്ധമായുണ്ടാവുന്ന പഠന പിന്നാക്കാവസ്ഥക്കും പരിഹാരം കാണാനുള്ള സംരംഭമാണ് സമൃദ്ധി. വിദ്യാർത്ഥികളുടെ സമഗ്രാരോഗ്യ പദ്ധതിയായി വിഭാവനം ചെയ്ത ഇൗ ഉദ്യമത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും പ്രഭാത ഭക്ഷണം, പോഷക സമ്പൂർണമായ ഉച്ചഭക്ഷണം, മെഡിക്കൽ ക്യാമ്പുകൾ, വിദ്യാർത്ഥി - രക്ഷാകർതൃ ശാക്തീകരണ ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ തുടങ്ങിയവ ലഭ്യമാക്കും.
കോഴിക്കോട് വെള്ളയിൽ ഗവ: ഫിഷറീസ് യു.പി. സ്കൂളിന് പു റമെ ഇടുക്കി ജില്ലയിലെ അടിമാലി കത്തിപ്പാറ ഗവ: എൽ.പി.സ്കൂളിലും പദ്ധതി ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഈ വർഷം 14 ജില്ലകളിൽ നിന്നും ഓരോ പിന്നാക്ക വിദ്യാലയങ്ങൾ ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഒരു വിദ്യാലയത്തിന് ശരാശരി ഒരു ലക്ഷം രൂപയാണ് വിലയിരുത്തുന്നത്. ‘മലബാർ അടുക്കള’യുടെ ജി.സി.സി.യിലെ വിവിധ ചാപ്റ്ററുകളാണ് ഓരോ ജില്ലയെ ഏറ്റെടുക്കുന്നത്. താൽപര്യമുള്ള അംഗങ്ങൾ ഫണ്ട് സ്വയം വഹിക്കുന്നു.അതേസമയം മലബാറിെൻറ തനത് ഭക്ഷണങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനായി 2014 ജൂലൈയിൽ കോഴിക്കോട് പയ്യോളി സ്വദേശിയായ മുഹമ്മദലിയും കൂട്ടുകാരും തുടങ്ങിയ ‘മലബാർ അടുക്കള’ ഫേസ്ബുക് ഗ്രൂപ്പിൽ ഇപ്പോൾ അംഗങ്ങളുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതലും സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. ഗൾഫിനും ഇന്ത്യക്കും പുറത്ത് യുറോപ്പിലും അമേരിക്കയിലും വരെ ഗ്രൂപ്പിന് അംഗങ്ങളുണ്ട്.
മലബാർ രുചിക്കപ്പുറം ലോകമെങ്ങുമുള്ള മലയാളിയുടെ പാചക വൈദഗ്ധ്യം പങ്കുവെക്കാനുള്ള മഹാവേദിയായി ഗ്രൂപ്പ് മാറിക്കഴിഞ്ഞു. ഇപ്പോൾ ഇതേ പേരിൽ ദുബൈിൽ കമ്പനി രൂപവത്കരിച്ചിട്ടുണ്ട്. ഉടൻ ദുബൈയിൽ റസ്റ്റോറൻറ് ആരംഭിക്കും.
അമേരിക്കയിലെ ടെക്സാസിലും മറ്റു ഗൾഫ് രാജ്യങ്ങളിലും മലബാർ അടുക്കള റസ്റ്റോറൻറുകൾ തുടങ്ങും. കേരളത്തിൽ കോഴിക്കോട്ടും തൃശൂരുമാണ് ആദ്യഘട്ടത്തിൽ റസ്േറ്റാറൻറുകൾ തുടങ്ങുകയെന്ന് അദ്ദേഹം പറഞ്ഞു. 56 കോ ഒാർഡിനേറ്റർമാരും 17 അഡ്മിൻമാരും 100 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുമാണ് ഗ്രൂപ്പിെൻറ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.