ദുബൈ: കോഴിക്കോട് അബ്ദുൽകരീമിനെ ഒാർമ്മയില്ലേ. മാപ്പിളപ്പാട്ട് വേദികളിൽ ഇരട്ട ശ ബ്ദത്തിൽ പാടി ശ്രദ്ധേയനായ കലാകാരൻ. ആൺശബ്ദത്തിന് പുറമെ പെൺശബ്ദത്തിലും കുട്ടികളുടെ ശബ്ദത്തിലും പാടിത്തിമിർത്ത് കൈയ്യടി നേടിയിരുന്ന സാധു മനുഷ്യൻ. നാല് പതിറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ടിനെ നെഞ്ചിലേറ്റിയ കോഴിക്കോട് അബ്ദുൽകരീം ഇന്ന് ജീവിത താളം തിരികെപ്പിടിക്കാനുള്ള നെേട്ടാട്ടത്തിലാണ്.
രോഗപീഡയിലും കടക്കെണിയിലും പതിച്ചപ്പോഴും മാപ്പിളപ്പാട്ടിനെ അദ്ദേഹം ചേർത്ത് പിടിച്ചിട്ടുണ്ട്. 1975 മുതലാണ് മാപ്പിളപ്പാട്ട് വേദികളില് കരീം പാടിത്തുടങ്ങിയത്. എസ്.ജാനകിയുടെ ശബ്ദത്തിൽ പാടുന്നത് ഏറെ ഇഷ്ടമായിരുന്നു. കുട്ടികളുടെ ശബ്ദത്തിൽ പാടുന്ന കരീം അന്നത്തെ ആസ്വാദകർക്ക് ഹരമായി. പേരിനൊപ്പം കോഴിക്കോട് എന്നുണ്ടെങ്കിലും തിരുവനന്തപുരം ജില്ലയിലെ വെമ്പായത്താണ് ജനനം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ചെന്നൈയിൽ ജോലി തേടിയെത്തി.
കുടുംബത്തിെൻറ ദാരിദ്ര്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു അത്. അവിടെ പല ജോലികളും ചെയ്തു. സിറ്റിയിലെ കിനട്ട് ലൈനിലുള്ള മലബാർ മുസ്ലിം അസോസിയേഷെൻറ പള്ളിയുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഒരിക്കൽ അസോസിയേഷൻ പൊതുയോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ എ.വി.മുഹമ്മദിെൻറ ‘ബിസ്മിയും ഹംദും സലാത്തും...’ എന്ന ഗാനം ആലപിച്ചു. അവിടം മുതൽ ചെന്നൈയിലെ മലയാളി സമൂഹത്തിൽ മാപ്പിളപ്പാട്ടുകാരനായി അറിയപ്പെട്ടുതുടങ്ങി. കെ.ടി മുഹമ്മദ്, എ.വി മുഹമ്മദ് തുടങ്ങി അറിയപ്പെടുന്ന കലാകാരന്മാർ മദ്രാസ്സിലെത്തുമ്പോൾ പാടാൻ വിളിക്കുക പതിവായി. അബ്ദുൽ കരീം അറിയാതെ ചെന്നൈയിൽ മാപ്പിളപ്പാട്ട് വേദിയില്ലെന്നായി.
പിന്നീട് സ്വന്തമായി ഓർക്കസ്ട്ര വെച്ച് പരിപാടികൾ നടത്തി. പരിപാടിയുടെ നോട്ടീസ് വിതരണവും അത് കഴിഞ്ഞാൽ പോസ്റ്റർ ഒട്ടിക്കലും ടിക്കറ്റ് വില്പനയും എല്ലാം ഒറ്റക്ക് ചെയ്തു. 78ൽ കോഴിക്കോടെത്തി നാട്ടിലെ വേദികളിൽ സജീവമായി. ആ സമയത്ത് ആൺശബ്ദത്തിലും പെൺശബ്ദത്തിലും പാടി. അതോടെ പരിപാടികളുടെ തിരക്കായി. 81ൽ റിഥം എന്ന പേരിൽ സ്വന്തമായി ട്രൂപ്പ് ഉണ്ടാക്കി. 86 വരെ കേരളത്തിനകത്തും പുറത്തുമായി അനവധി പരിപാടികൾ നടത്തി. ഇൗ സമയത്താണ് യു.എ.ഇയിൽ ജോലിക്കായി എത്തുന്നത്. ദുബൈയിലെ അങ്കിൾ നൂർ എന്ന മ്യൂസിക് സ്കൂൾ നടത്തിയിരുന്ന തലശേരിക്കാരൻ നൂറുദ്ദീൻ ജോലിയും താമസവും ശരിയാക്കി കൊടുത്തു. മ്യൂസിക് സ്കൂളിൽ വളരെ വിദഗ്ധമായി പിയാനോ വായിച്ചിരുന്ന ദീപു എന്ന കുട്ടിയെ കരീം ശ്രദ്ധിച്ചിരുന്നു.
ഗൾഫിലെ പരിപാടികളിൽ ദീപുവിനെയും കൂട്ടും. കരിം സ്വന്തമായുണ്ടാക്കിയ വോയ്സ് ഓഫ് ഗൾഫിെൻറ പരിപാടികളിലും ദീപു പാടി. ദീപു വേഗം ആസ്വാദക ശ്രദ്ധപിടിച്ചുപറ്റി. പിന്നീട് ദീപക് ദേവെന്ന സംഗീത സംവിധായകനിലേക്ക് ആ കുട്ടി വളർന്നു. ഡോ. ഫഹദ്, ദീപാ ജേക്കബ്, തുടങ്ങിയവരും ശിഷ്യന്മാരാണ്. എ.ആർ റഹ്മാെൻറ ദുബൈയിലെ ആദ്യ സ്റ്റേജ് ഷോയുടെ കോഡിനേറ്ററായിരുന്നു.
കെ.പി.കെ വേങ്ങരയുടെ ഗൾഫിലെ ആദ്യ റേഡിയോവിൽ ആദ്യമായി നാലുവരി ഗാനം കേൾപ്പിച്ചതും ദുബൈയിലെ പ്രസിദ്ധമായ അൽ നസർലഷർലാൻഡിൽ ആദ്യമായി മാപ്പിളപ്പാട്ട് ഷോ നടത്തിയതും താനെന്ന് കരീം. കലക്ക് വേണ്ടി ജീവിതം സമർപ്പിച്ച് നടത്തിയ പരിപാടികളുടെ ഫലം സാമ്പത്തിക നഷ്ടം മാത്രമായിരുന്നു. നഷ്ടം നികത്താൻ പിന്നെയും ഷോ വെക്കും. അതും നഷ്ടത്തിൽ കലാശിക്കും. 91 ൽ മൂത്രാശയരോഗം മൂലം നാട്ടിലേക്ക് തിരിച്ച കരീം അസുഖം ഭേദമായപ്പോൾ തിരിച്ചെത്തി.
പക്ഷെ ആറുമാസമെത്തിയപ്പോഴേക്കും വാതരോഗം ബാധിച്ച് വീണ്ടും വീൽചെയറിൽ നാട്ടിലേക്ക് പോയി. രോഗം മാറിയതിനെ തുടർന്ന് വീണ്ടും ദുബൈക്ക്. അന്ന് വന്ന സമയത്ത് നടത്തിയ മെഗാ സ്റ്റേജ് ഷോ വിവിധ കാരണങ്ങളാൽ വൻസാമ്പത്തികബാധ്യത വരുത്തി. അസുഖങ്ങൾപെരുകി. നാട്ടിലേക്ക് മടങ്ങി. പന്ത്രണ്ട് വർഷത്തെ തളർവാദ ചികിത്സക്കൊടുവിൽ ഒരാൾ പിടിച്ചാൽ എഴുന്നേറ്റ് നടക്കാമെന്നായി.
തിരുവനന്തപുരത്ത് വായ്പയെടുത്തുണ്ടാക്കിയ വീട്ടിൽ ഭാര്യയും പ്രായപൂർത്തിയായ രണ്ട് പെൺമക്കളടക്കം മൂന്ന് കുട്ടികളുമായി താമസിക്കുന്നു. മക്കളിൽ രണ്ട് പേരുടെ വിവാഹം കഴിഞ്ഞു. ബാങ്ക് ജപ്തിഭീഷണിയിലും മറ്റുകടക്കാരുടെ പ്രയാസവും രോഗപീഡയും എല്ലാമായി വലയുന്ന കരീം ഒരു സുഹൃത്തിെൻറ കാരുണ്യത്താൽ ഇപ്പോൾ ദുബൈയിൽ എത്തിയിട്ടുണ്ട്, സന്മനസ്സുകളുടെയും കലാസ്നേഹികളുടെയും സഹായം തേടുകയാണ് അദ്ദേഹം.
പ്രവാസികളും നാട്ടുകാരും സുഹൃത്തുക്കളും ശിഷ്യന്മാരും തന്നെ സഹായിക്കുമെന്ന പ്രതീക്ഷ കരീമിനുണ്ട്. നമ്പർ 056 1120399.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.