അബൂദബി: ആറുപതിറ്റാണ്ടോളം ആരോഗ്യ സേവന രംഗത്ത് പ്രവർത്തിച്ച അൽഐൻ ഒയാസിസ് ആശുപത്രിയുടെ പേര് ‘കനാദ് ആശുപത്രി’ എന്ന് പുനർനാമകരണം ചെയ്തു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാെൻറ നിർദേശപ്രകാരമാണിത്.1960ൽ അൽഐൻ നഗരത്തിൽ ശിശുക്കളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ നിർദേശാനുസരണം ആരംഭിച്ച ആശുപത്രിയുടെ സ്ഥാപകരായ ഡോ. പാറ്റ്, മരിയൻ കെന്നഡി എന്നിവരുടെ ബഹുമാനാർഥമാണ് 59 വർഷത്തിനുശേഷം ഈ പേര് മാറ്റം. അബൂദബി സാമൂഹിക വികസന വകുപ്പ് ചെയർമാൻ ഡോ. മുഗീർ ഖാമിസ് അൽ ഖെയ്ലിയുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അൽഐൻ മേഖലയിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധി ഓഫിസ് അണ്ടർ സെക്രട്ടറി ശൈഖ് ഹസ ബിൻ തഹ്നൂൻ ആൽ നഹ്യാൻ ആണ് ആശുപത്രിയുടെ പുതിയ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അബൂദബി ആരോഗ്യവകുപ്പ് ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമീദ്, ദേശീയ സഹിഷ്ണുത പദ്ധതി ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല മുഹമ്മദ് അൽ നുഐമി, ഡോ. പാറ്റ് കെന്നഡിയുടെ കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുത്തു. അബൂദബി എമിറേറ്റിലെ ആദ്യത്തെ ആരോഗ്യസംരക്ഷണ കേന്ദ്രമായ കനാദ് ആശുപത്രിക്ക് അൽഐൻ സമൂഹത്തിൽ പ്രത്യേക സ്ഥാനമുണ്ട്. 2020ൽ 60ാം വാർഷികം ആഘോഷിക്കുന്ന ആശുപത്രി, അൽഐൻ നഗരത്തിെൻറ ആറു പതിറ്റാണ്ടുകളുടെ ഓർമകൾക്കൊപ്പം ആയിരക്കണക്കിന് കുട്ടികളുടെ ജനനത്തിനും എമിറേറ്റിലെ ആരോഗ്യ സംരക്ഷണത്തിനും ക്ഷേമത്തിനും സാക്ഷ്യം വഹിച്ചു. അബൂദബി രാജകുടുംബത്തിലെ ഒട്ടേറെ അംഗങ്ങളുടെ ജനനത്തിനും സാക്ഷ്യം വഹിച്ച ആശുപത്രിയാണിത്. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധർ ഔട്ട്പേഷ്യൻറ് വിഭാഗത്തിൽ പ്രതിമാസം 9,000 കുട്ടികളെ ചികിത്സിക്കുന്നു. ഡോ. പാറ്റും മരിയൻ കെന്നഡിയും 1975 വരെ അൽഐൻ ആശുപത്രിയിൽ ജോലി ചെയ്തു. ഡോ. പാറ്റിെൻറയും മരിയൻ കെന്നഡിയുടെയും പേരിൽ ആശുപത്രിയുടെ പേര് പുനർനാമകരണം ചെയ്തത് ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്നവരുടെ മൂല്യവത്തായ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പുരോഗതിക്ക് സംഭാവന നൽകിയ സുപ്രധാന വ്യക്തികളെ ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിന് തെളിവായി അബൂദബി ആരോഗ്യ വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹാമദ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.