മികച്ച സേവനത്തിനുള്ള സർപ്രൈസ് സമ്മാനമായി എസ്.യു.വി കാറുകൾ ലഭിച്ച നഴ്സുമാർ
ബുർജീൽ ഹോൾഡിങ്സ് സീനിയർ മാനേജ്മെന്റിനൊപ്പം
അബൂദബി: ലോക നഴ്സസ് ദിനത്തിന് മുന്നോടിയായുള്ള ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ നഴ്സുമാരിൽ തിരഞ്ഞെടുക്കപ്പെട്ട പത്തുപേർക്ക് ടൊയോട്ട ആർ.എ.വി 4 കാർ സമ്മാനിച്ച് യു.എ.ഇയിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ്. ഗ്രൂപ്പിന്റെ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച നഴ്സുമാരെ ആദരിക്കുന്നതിനായി നടത്തിയ ഡ്രൈവിങ് ഫോഴ്സ് അവാർഡ്സിലാണ് ഇരുപത്തിയാറ് ലക്ഷം രൂപ വിലമതിക്കുന്ന സർപ്രൈസ് സമ്മാനം നൽകിയത്. വിജയികളിൽ നാല് മലയാളികളുൾപ്പെടെ ആറുപേർ ഇന്ത്യക്കാരാണ്. ഫിലിപ്പൈൻസ്, ജോർഡൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബാക്കിയുള്ളവർ.
കണ്ണൂർ സ്വദേശിനി അനി, പത്തനംതിട്ട സ്വദേശിനി അർച്ചന കുമാരി, സിബി മാത്യു, വിഷ്ണു പ്രസാദ് എന്നിവരാണ് കാറുകൾ ലഭിച്ച മലയാളി നഴ്സുമാർ. തമിഴ്നാട് സ്വദേശികളായ പ്രിയങ്ക ദേവിയും നബീൽ ഇക്ബാലുമാണ് പുരസ്കാരം നേടിയ മറ്റ് ഇന്ത്യക്കാർ. അബൂദബിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ് സി.ഇ.ഒ ജോൺ സുനിലും ഗ്രൂപ് കോ-സി.ഇ.ഒ സഫീർ അഹമ്മദും വിജയികൾക്ക് താക്കോൽ കൈമാറി. ബുർജീൽ യൂനിറ്റുകളിലുടനീളം മാസങ്ങൾ നീണ്ട വിലയിരുത്തലുകൾക്ക് ശേഷമാണ് ജൂറി വിജയികളെ തിരഞ്ഞെടുത്തത്.
നഴ്സുമാരുടെ പ്രകടനം, കമ്യൂണിറ്റി സേവനം, രോഗികളുടെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനം എന്നിവ അവലോകനം ചെയ്താണ് അന്തിമ വിജയികളെ തീരുമാനിച്ചത്. വരും ദിനങ്ങളിൽ ബുർജീലിന്റെ ആരോഗ്യ ശൃംഖലയിലുള്ള 100 നഴ്സുമാർക്ക് പ്രത്യേക കാഷ്
അവാർഡുകളും സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.