ഇമാം അൽ ഫരീജ് പദ്ധതിക്ക് തുടക്കം
ദുബൈ: എമിറേറ്റിൽ കുട്ടികൾക്ക് ഇമാം പരിശീലനം നൽകാൻ ഇമാം അൽ ഫരീജ് പദ്ധതിക്ക് തുടക്കമായി. റമദാനിൽ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്. പുതുതലമുറക്ക് ഇസ്ലാമികവും ഇമാറാത്തിന്റെയും സാംസ്കാരിക മൂല്യങ്ങൾ പകർന്നു നൽകി അവരെ നയിക്കാൻ പ്രാപ്തമാക്കാൻ ലക്ഷ്യമിട്ടാണ് ഇമാം അൽ ഫരീജ് എന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ദുബൈയിലെ 70 പള്ളികളിൽ കുട്ടികളെ പരിശീലിപ്പിക്കാൻ സൗകര്യമൊരുക്കും.
21 വയസ്സുവരെയുള്ളവർക്ക് ഈ പദ്ധതി പ്രകാരം ഇമാമായി പ്രവർത്തിക്കാൻ പരിശീലനം നൽകും. നേരത്തേ മുഅദ്ദിൻ അൽ ഫരീജ് എന്നപേരിൽ കുട്ടികളെ ബാങ്ക് വിളിക്കാൻ പരിശീലനം നൽകുന്ന പദ്ധതിയും ദുബൈ നടപ്പാക്കിയിരുന്നു.
16 മുതൽ 21 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഇമാം അൽ ഫരീജ് പദ്ധതി രൂപപ്പെടുത്തിയത്. പരിശീലന കാലയളവ് നാലുമാസമാണ്. കുട്ടികളെ പദ്ധതിയിൽ പങ്കെടുപ്പിക്കാൻ താൽപര്യമുള്ളവർ പള്ളികളിൽ നേരിട്ട് എത്തുകയാണ് വേണ്ടത്. താമസ സ്ഥലത്തിന് സമീപത്തുള്ള പള്ളികളെ രക്ഷിതാക്കൾക്ക് കുട്ടികളെ ചേർക്കാൻ തിരഞ്ഞെടുക്കാം. ദുബൈ ഇസ്ലാമിക കാര്യ വകുപ്പിന്റെ വെബ്സൈറ്റിൽ പദ്ധതിയുള്ള പള്ളികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.