യു.എ.ഇയിൽ ഇന്‍ഷുറന്‍സ് പുതുക്കിയില്ലെങ്കിലും ഈ മൂന്ന്​ സാഹചര്യങ്ങളിൽ പിഴ ഈടാക്കില്ല

അബൂദബി: തൊഴിലാളികളുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കിയില്ലെങ്കിലും സ്‌പോണ്‍സര്‍മാര്‍ക്ക് പിഴ ലഭിക്കാത്ത മൂന്നു സാഹചര്യങ്ങള്‍ വ്യക്തമാക്കി അബൂദബി ആരോഗ്യ വകുപ്പ്. ഒളിച്ചുപോയ തൊഴിലാളികളുടെ കാര്യത്തിലും അനധികൃത താമസക്കാരോ സ്‌പോണ്‍സരുടെ മരണമോ സംഭവിക്കല്‍ തുടങ്ങിയ സാഹചര്യങ്ങളിലുമാണ് പിഴശിക്ഷ ഒഴിവാക്കപ്പെടുന്നത്.

തൊഴിലാളി ഒളിച്ചോടിയതാണെങ്കില്‍ ഇക്കാര്യം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പില്‍ നിന്നു വ്യക്തമാക്കുന്ന ഔദ്യോഗിക രേഖ സ്‌പോണ്‍സര്‍ ഹാജരാക്കിയിരിക്കണം. സ്‌പോണ്‍സര്‍ മരണപ്പെട്ടതാണെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയും പിഴ ഒഴിവാക്കാവുന്നതാണ്. സാധുവായ റസിഡന്‍സി വിസയില്ലാതെ അബൂദബിയില്‍ കഴിയുന്ന വ്യക്തികള്‍ക്കും സ്‌പോണ്‍സര്‍ ഹെൽത്ത്​ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കി നല്‍കേണ്ടതില്ല. ഇതിന് പിഴയും ചുമത്തില്ല.

അതേസമയം, പ്രവാസികള്‍ യഥാസമയത്ത് ഹെൽത്ത്​ കാര്‍ഡ് പുതുക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. സ്വയം സ്‌പോണ്‍സര്‍മാരാവുന്നവര്‍ ഹെൽത്ത്​ കാര്‍ഡ് പുതുക്കാതിരുന്നതിന് 2021 ഒക്ടോബര്‍ 24നുള്ളിൽ പിഴ അടച്ചവർക്കും ഈ ഇനത്തിൽ പിഴ അടയ്ക്കുന്നതിന് 2021 നവംബര്‍ 11 വരെ സാവകാശം നല്‍കിയപ്പോൾ പിഴ അടച്ചവർക്കും ഈ പിഴത്തുക ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തിരികെ വാങ്ങാവുന്നതാണ്​. പിഴത്തുകയില്‍ 100 ദിര്‍ഹം കമ്പനിക്ക് പിടിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു

Tags:    
News Summary - Health insurance UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.