നിർമാണം

അവസാനഘട്ടത്തിലെത്തിയ ഹത്തയിലെ

ജലസംഭരണികൾ

ഹത്ത ജലസംഭരണികൾ പൂർത്തിയാകുന്നു

ദുബൈ: ഹത്തയിൽ ദുബൈ ജല, വൈദ്യുത അതോറിറ്റി(ദീവ) നിർമിക്കുന്ന ഭീമൻ ജലസംഭരണികളുടെ നിർമാണം അവസാനഘട്ടത്തിൽ. 30 ദശക്ഷം ഇംപീരിയൽ ഗാലൻ ശേഷിയുള്ള സംഭരണികളുടെ നിർമാണം 90ശതമാനത്തോളം പൂർത്തിയായതായി അധികൃതർ വെളിപ്പെടുത്തി. ‘ദീവ’ എം.ഡിയും സി.ഇ.ഒയുമായ സഈദ്​ മുഹമ്മദ്​ അൽ തായർ പദ്ധതി പ്രദേശത്ത്​ സന്ദർശനം നടത്തി കഴിഞ്ഞ ദിവസം നിർമാണ പുരോഗതി വിലയിരുത്തുകയും ചെയ്തു. 8.6കോടി ദിർഹം ചിലവ്​ കണക്കാക്കുന്ന പദ്ധതി ഈ വർഷം അവസാനത്തിൽ പൂർത്തിയാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

പദ്ധതിയിൽ രണ്ട്​ ജലസംഭരണികളാണ്​ നിർമിക്കുന്നത്​. മൂന്നുകോടി ഗാലൺ ശുദ്ധീകരിച്ച വെള്ളം സൂക്ഷിക്കാൻ കഴിയുന്നതാണിത്​. ഘടനാപരമായ എല്ലാ നിർമാണപ്രവർത്തനങ്ങളും ഇതിനകം പൂർത്തിയായിട്ടുണ്ട്​. അതോടൊപ്പം പൈപ്പുകൾ ഇടുന്ന ജോലികളും പൂർത്തിയായി വരികയാണ്​. സംഭരണിയുടെ പ്രവർത്തനത്തിന്​ ആവശ്യമായ അനുബന്ധ കെട്ടിടങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്​. ഹത്തയിലെ ജലസംഭരണികൾ നിർമിക്കുന്നത്​ യു.എ.ഇയുടെ ജലസുരക്ഷാ നയത്തിനും ജലവിഭവ മാനേജ്​മെന്‍റ്​ നയത്തിനും അനുസൃതമായാണെന്ന്​ സന്ദർശന ശേഷം സഈദ്​ മുഹമ്മദ്​ അൽ തായർ പറഞ്ഞു. പദ്ധതി പ്രദേശത്തിന്‍റെ സമഗ്ര വികസന പദ്ധതികളെ സഹായിക്കുന്നതിനൊപ്പം പ്രാദേശികമായി ജോലി സാധ്യതകളും തുറക്കുന്നതാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

6ശതകോടി ഗാലൻ ജലം സംഭരിക്കാനായി വിവിധ പദ്ധതികൾ ‘ദീവ’ നടപ്പിലാക്കുന്നുണ്ട്​. ഇതിലൂടെ എമിറേറ്റിൽ 90 ദിവസത്തേക്ക് അടിയന്തര ഘട്ടങ്ങളിൽ പ്രതിദിനം 50 ദശലക്ഷം ഗാലൻ ഉപയോഗിക്കാവുന്ന ജലത്തിന്‍റെ കരുതൽ ശേഖരമുണ്ടാക്കാനാകും. സംഭരിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ബാഹ്യ ഘടകങ്ങളാൽ ബാധിക്കപ്പെടില്ലെന്ന് ഉറപ്പാക്കുന്ന രീതിയിലാണ്​ പദ്ധതികൾ നടപ്പിലാക്കുന്നത്​.

Tags:    
News Summary - Hatta reservoirs are being completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.