കൗതുകമായി മസാഫി മലയിലെ പുരാതന ഗുഹ

ഷാര്‍ജ: ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകള്‍ അതിരിടുന്ന മസാഫി മലയിലൊരു അതിപുരാതന ഗുഹയുണ്ട്. റാസല്‍ഖൈമയുടെ പരിധിയിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ആധുനിക മനുഷ്യരുടെ കാല്‍പ്പാടുകള്‍ അപൂര്‍വമായി പതിഞ്ഞ് കിടക്കുന്ന ഈ ഗുഹ പുരാതന കാലത്ത് യാത്രക്കാരുടെ താവളമോ, ബദുക്കളുടെ താമസ കേന്ദ്രമോ ആയിരിക്കാമെന്നാണ് കണക്കാക്കുന്നത്. ചുറ്റുഭാഗത്തും പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന കാര്‍ഷിക, ക്ഷീര മേഖലകളും, ഉടമകളില്ലാതെ വളരുന്ന ആടുകളും കഴുതകളും പലതരം പറവകളും മയിലുകളും ഈ ഭാഗത്ത് പുരാതന കാലത്ത് ജനവാസം ഉണ്ടായിരുന്നതിന്‍െറ തെളിവായി കണക്കാക്കാം. 
ശുദ്ധജലം ലഭിക്കുന്ന പടുകൂറ്റന്‍ കിണറുകളാല്‍ സമ്പന്നമാണ് ഈ മേഖല. നിരവധി വെള്ള കമ്പനികള്‍ ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അറബ് ആദിമ വാസികള്‍ ഒരിടത്ത് കൃത്യമായി താമസിക്കാത്തവരായിരുന്നു. ജലത്തി​​​െൻറ ഉറവിടം തേടിയുള്ള അവരുടെ യാത്രകളൊക്കെയും കാര്‍ഷിക സ്വപ്നങ്ങളുടെ പുറത്തായിരുന്നു. കുടുംബവും ഒത്തുള്ള യാത്രയിലെമ്പാടും വളര്‍ത്തു മൃഗങ്ങളും അകമ്പടി സേവിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഭൂഗര്‍ഭ ജലത്തി​​​െൻറ സാന്നിധ്യം അറിയാനുള്ള ജൈവികമായ ജ്ഞാനം അവര്‍ക്കുണ്ടായിരുന്നു. ജല സാന്നിധ്യം കണ്ടാല്‍ അവിടെ ആവാസം ഉറപ്പിക്കലായിരുന്നു അവരുടെ രീതി. 
അവരത്തെിയ ഭാഗത്തെല്ലാം കാര്‍ഷിക, ക്ഷീര മേഖലകളാല്‍ സമ്പന്നമായിരുന്നു. ഈ മേഖലയുടെ പ്രത്യേകതകള്‍ വെച്ച് നോക്കുമ്പോള്‍ ഇവിടെ ഇത്തരം ഗോത്രങ്ങള്‍ താമസിച്ചിരുന്നതായി കണക്കാക്കാം. ഭൂനിരപ്പില്‍ നിന്ന് 200 അടി ഉയരത്തിലാണ് ഈ ഗുഹ സ്ഥിതി  ചെയ്യുന്നത്. താഴത്ത് നിന്ന് നോക്കിയാല്‍ ഗുഹ വളരെ ചെറുതായിട്ടാണ് തോന്നുക. എന്നാല്‍ അടുത്തെത്തുമ്പോള്‍ വിശാലമായ കവാടവും വിസ്താരവും. ഗുഹയുടെ ഭാഗത്ത് നിന്ന് 100 അടിയിലേറെ കയറിയാല്‍ മലയുടെ ഉച്ചിയിലെത്താം. 
മേല്‍ത്തട്ടില്‍ നട്ടുച്ച മേയുമ്പോഴും ഗുഹക്കകത്ത് നല്ല തണുപ്പാണ്. 12ഗുണം 12 അടി വിസ്താരം കണക്കാക്കാവുന്ന പ്രധാന ഗുഹയില്‍ നിന്ന് നിരവധി ഗുഹകള്‍ പലഭാഗത്തേക്കും പോകുന്നുണ്ട്. ഗുഹക്കകത്ത്​ വവ്വാലുകളാണ്​ .പോഷക ഗുഹകളിലേക്ക് കയറിയാല്‍ ചിലപ്പോള്‍ പൗരാണികമായ ശേഷിപ്പുകള്‍ ലഭിച്ചേക്കാം. നട്ടുച്ച നേരത്തും ഇതിനകത്ത് കൂരിരുട്ടാണ്.  അടുത്ത കാലത്തൊന്നും ഈ ഗുഹയിലേക്ക് ആരും കയറിയിട്ടില്ല എന്നാണ് ഇതിന്‍െറ അകത്തെ അടയാളങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ചിലന്തി വലകള്‍ ഗുഹക്കകത്ത് യഥേഷ്ടം. അലഞ്ഞലഞ്ഞ് മടുക്കുമ്പോള്‍ ആടുകളും കഴുതകളും പറവകളും ഇവിടെ വിശ്രമിക്കാനത്തൊറുണ്ടെന്നതി​​​െൻറ തെളിവായി തൂവലുകളും രോമങ്ങളും. 
ഇടക്കിടക്ക് മഴ ലഭിക്കുന്നതിനാല്‍ യു.എ.ഇയിലെ ചിറാപുഞ്ചി എന്നാണ് മലയാളികള്‍ ഈ പ്രദേശത്തെ വിശേഷിപ്പിക്കാറുള്ളത്.  നിരവധി മയില്‍ പീലികള്‍ ഗുഹാമുഖത്ത് കണ്ടു. ഗുഹക്കകത്ത് നിന്ന് നോക്കിയാല്‍ മസാഫി പട്ടണം വ്യക്തമായി കാണാം. ഒരു ഭാഗത്ത് ഓറഞ്ച്, പപ്പായ, ബെറി, ഈത്തപ്പഴം തുടങ്ങിയ പഴങ്ങളാലും പച്ചക്കറി തോട്ടങ്ങളാലും സമ്പന്നമാണ്. ചൂടിനെ വകഞ്ഞ് മാറ്റി വരുന്ന തണുത്ത കാറ്റ് ഈ ഭാഗത്തിന്‍െറ പ്രത്യേകതയാണ്. 
ഈ മലയോട് ചേര്‍ന്ന് വ്യവസായിക അടിസ്ഥാനത്തില്‍പ്രവര്‍ത്തിക്കുന്ന നിരവധി കാലി വളര്‍ത്തല്‍ കേന്ദ്രങ്ങളുണ്ട്. ആട്, പശു, ഒട്ടകം എന്നിവയെയാണ് ഇവിടെ വളര്‍ത്തുന്നത്. ഗാഫ് മരങ്ങളും ഇവിടെ നിരവധി. തീര്‍ത്തും ഗ്രാമീണമായ കാഴ്ച്ചകളാല്‍ സമ്പന്നമാണ് ഈ മേഖല. 

Tags:    
News Summary - Guha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.