ഞാൻ ഗ്രനാഡ സിനിമ. യു.എ.ഇയിലെ ആദ്യകാല എണ്ണം പറഞ്ഞ സിനിമാ തിയേറ്ററുകളിൽ ഒന്നും ഉമ്മുൽ ഖുവൈനിലെ ആദ്യത്തെ തീയേറ്ററുമാണ് ഞാൻ. അന്ന് തിയേറ്റർ എന്നൊന്നും പറയാൻ പറ്റില്ല. ഒരു സിനിമ കൊട്ടക. മട്ടിലും മോടിയിലും നമ്മുടെ നാട്ടിലെ ടാക്കീസിനെ അനുസ്മരിപ്പിക്കുന്ന ഒരെണ്ണം. എന്നിലെ വെള്ളിത്തിരയിലൂടെ ജനപ്രിയ നടീനടന്മാർ വർഷങ്ങളായി നിങ്ങളുടെ മനസ്സുകളെ സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നുവല്ലോ. വർഷങ്ങൾ എന്ന് പറഞ്ഞാൽ അഞ്ചും പത്തും ഒന്നുമല്ല കേട്ടോ, ഏതാണ്ട് 35ൽ അധികം കൊല്ലങ്ങൾ.
ലോകോത്തര ഹിറ്റുകളായ പല വമ്പൻ സിനിമകളും ഉമ്മുൽഖുവൈനിലെയും പരിസരപ്രദേശങ്ങളിലും താമസക്കാർ ആസ്വദിച്ചു കണ്ടിരുന്നത് എന്റെ മടിയിൽ ഇരുന്നു കൊണ്ടാണല്ലോ. നിങ്ങളെ കാണിച്ചതിൽ ഏറെയും ഇന്ത്യൻ സിനിമകളും അതിൽ തന്നെ ബഹുഭൂരിപക്ഷവും നമ്മുടെ മലയാളക്കരയിൽ ഉള്ളതും ആയിരുന്നു. അല്ല അത് അങ്ങനെ തന്നെ വരൂ! ഒഴിവു ദിനങ്ങൾ ആയാൽ ടെൻഷൻ ഒക്കെ മാറ്റി ഒന്നു ‘ചിൽ’ ആവാൻ മലയാളികൾ തന്നെയല്ലേ തിക്കിത്തിരക്കി വന്നുകൊണ്ടിരുന്നത്. എന്റെ യജമാനൻ പാക്കിസ്ഥാനി ആയിരുന്നുവെങ്കിലും മോഹൻലാലും മമ്മൂട്ടിയും ജയറാമും ഒക്കെ മൂപ്പരുടെയും ഫേവറൈറ്റുകൾ ആയിരുന്നു.
എന്നെ പോറ്റി വളർത്തിക്കൊണ്ടിരുന്ന ഗ്രനാഡ കുടുംബത്തിലെ അംഗങ്ങൾ സൈക്കിളിലും നടന്നും ഒക്കെച്ചെന്ന് ബസാറിന്റെ ഓരങ്ങളിലും മറ്റുമുള്ള ചായക്കടകളിൽ പതിപ്പിച്ച പോസ്റ്ററുകൾ കണ്ടിട്ടായിരുന്നല്ലോ ഓരോ ആഴ്ചകളിലും മാറിവരുന്ന സിനിമകളെ പറ്റി നിങ്ങൾ അറിഞ്ഞു കൊണ്ടിരുന്നത്. ഓരോ കടകളിലും കയറി നാട്ടിലെത്തെ പോലെ നോട്ടീസുകളും വിതരണം ചെയ്തിരുന്നു അവർ. പിന്നീട് വികസനത്തിന്റെ പാതയിൽ കുതിച്ച് എമിറേറ്റിൽ മാളും മൾട്ടിപ്ലക്സ് തിയേറ്ററുകളും ഒക്കെ വന്നുവെങ്കിലും നാടൻ കൊട്ടകകളിൽ
പടം കണ്ടു ശീലിച്ചുപോയ നിങ്ങൾ ഗൃഹാതുരത ഒന്നുകൊണ്ട് മാത്രം പിന്നെയും എന്നെ തേടി പല ദിക്കുകളിൽ നിന്നും വന്നുകൊണ്ടിരുന്നത് നന്ദിയോടെ സ്മരിക്കുന്നുണ്ട് കേട്ടോ ഞാൻ. കുടുംബങ്ങൾ കുട്ടികളെയും
ഒരുക്കിക്കൂട്ടി സിനിമ കാണാൻ വരുമ്പോൾ എത്താൻ അല്പം വൈകും എന്ന് ഒന്നു വിളിച്ചറിയിക്കേണ്ട താമസം, അഞ്ചും പത്തും മിനിറ്റുകൾ നിങ്ങൾക്കായി ഷോകൾ നീട്ടി വെച്ചിരുന്നത് നമ്മൾ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഇഴയടുപ്പം ഒന്നുകൊണ്ട് മാത്രമായിരുന്നു. കൈകൊണ്ട് ചലിപ്പിച്ചിരുന്ന റീൽസുകൾ ഉള്ള കാലത്തിൽ നിന്നും ഡിജിറ്റൽ യുഗത്തിലേക്കുള്ള കുതിച്ചുചാട്ടത്തിൽ അതിനൊത്ത് മാറാൻ ഞാനും ശ്രമിച്ചു. ഇടക്ക് മഹാമാരി ഭൂലോകത്തിലെ സകല സംവിധാനങ്ങളും തകിടം മറിച്ചപ്പോൾ തൽക്കാലത്തേക്ക് വെള്ളിത്തിരയുടെ തിരശ്ശീല താഴ്ത്തുകയെ എനിക്കും നിർവാഹം ഉണ്ടായിരുന്നുള്ളൂ.
പ്രായം ഒത്തിരി ആയില്ലേ. അതിന്റെ അല്ലറ ചില്ലറ ബുദ്ധിമുട്ടുകൾ എനിക്കുമുണ്ട്. അവ മറികടന്ന് യൗവനം വീണ്ടെടുക്കാനുള്ള ചില ചികിത്സകൾ ഒക്കെ ഉടൻ നടത്തി പൂർവസ്ഥിതിയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. സിനിമകളൊക്കെ വേറെ ലെവലിൽ അല്ലേ ഇപ്പോൾ? നമ്മളും ലെവൽ മാറ്റി മാറ്റിപ്പിടിക്കേണ്ടേ ? വേണം. വൈകാതെ നമുക്ക് വീണ്ടും കണ്ടുമുട്ടാം എന്ന് പ്രതീക്ഷിക്കുന്നു. പഴയ പ്രൗഢി ഒട്ടും കുറയാതെ നമുക്ക് അങ്ങ് ആഘോഷിക്കാം. കാത്തിരിക്കുമെന്ന് അറിയാം. പ്രതീക്ഷയോടെ….
നിങ്ങളുടെ സ്വന്തം ഗ്രനാഡ
തയാറാക്കിയത്: ഷാജു ബിൻ മജീദ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.