മുഹമ്മദലി

നന്മനിറഞ്ഞ പ്രവാസം; മുഹമ്മദലിയുടെ സേവനം ഇനി നാട്ടിൽ

ദുബൈ: പ്രവാസലോകത്ത്​ കാലിടറിയ മനുഷ്യരെ ചേർത്തുപിടിക്കാൻ കഴിഞ്ഞ ആത്മസംതൃപ്​തിയിൽ മലപ്പുറം ചുള്ളിപ്പാറ സ്വദേശി മുഹമ്മദലി നാടണയുന്നു. ഷാർജ യൂത്ത് സെൻററിലെ 22 വർഷത്തെ സേവനം അവസാനിപ്പിച്ചാണ്​ മടക്കണം. 1981ൽ എളാപ്പ ചേക്കു മുഹമ്മദ്‌ അയച്ചുകൊടുത്ത ഗാർഹിക വിസയിലാണ് മുഹമ്മദലി യു.എ.ഇയിലെത്തുന്നത്. നാട്ടിൽനിന്ന് ട്രെയിൻ മാർഗം മുംബൈയിലെത്തി അവിടെ ഒരുമാസത്തിലധികം തങ്ങിയ ശേഷമായിരുന്നു ഗൾഫ്​ യാത്ര. ഒരുപാട് അംഗങ്ങളുള്ള അറബി വീട്ടിൽ അഞ്ചു​വർഷത്തോളം ജോലിചെയ്​തു. അതിനിടയിൽ അറബി ഭാഷ ഹൃദിസ്ഥമാക്കി. പിന്നീട് കുറച്ചുകാലം സൂപ്പർ മാർക്കറ്റിൽ ജോലിനോക്കി.

അതിനിടയിലാണ് കോഴിക്കോട് സ്വദേശി കെ.ടി.എം. കോയയുടെ സഹായത്താൽ യു.എ.ഇ വിദ്യാഭ്യാസ വകുപ്പിൽ ജോലി ലഭിക്കുന്നത്. 12 വർഷത്തോളം അവിടെ സേവനം ചെയ്യാൻ അവസരം ലഭിച്ചു. ജോലിയിൽ പ്രതിസന്ധിയുണ്ടായ സമയത്താണ് ഖോർഫുക്കാൻ വിദ്യാഭ്യാസ വകുപ്പിലെ അസിസ്​റ്റൻറ് ഡയറക്​ടറായ അഹമ്മദ് സുലൈമാൻ അൽ അമ്മാദി ഷാർജ യൂത്ത് വകുപ്പിൽ ജോലി ശരിയാക്കിയത്. അക്കാലത്ത് അഹമ്മദ് സുലൈമാൻ അൽ അമ്മാദി എന്ന ഉദ്യോഗസ്ഥൻ ഷാർജ യൂത്ത് സെൻററിൻെറ മേധാവി കൂടിയായിരുന്നു. അദ്ദേഹത്തിൻെറ വിശ്വസ്​തനായ ജോലിക്കാരൻ പിന്നീട് വകുപ്പിലെ മുഴുവൻ ജീവനക്കാരുടെയും സ്നേഹാദരവ് ഏറ്റുവാങ്ങിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഒട്ടേറെ അംഗീകാരങ്ങളും പ്രശംസയും ഈ വകുപ്പിൽ മുഹമ്മദലിയെ തേടിയെത്തിയിട്ടുണ്ട്. ഇരുപതോളം പേർക്ക് വകുപ്പിൽ ജോലി ശരിയാക്കിക്കൊടുത്ത്​ മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാൻ കാരണക്കാരനായി.

ഇതിനിടയിൽ കെ.എം.സി.സിയുടെ പ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്നു. 1985ലാണ് കെ.എം.സി.സിയിൽ പ്രവർത്തിച്ചു തുടങ്ങിയത്. ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രഥമ ജനറൽ സെക്രട്ടറിയാണ്. അതിനൊപ്പം നാട്ടിലെ മത-സാമൂഹിക-രാഷ്​ട്രീയ മേഖലകളിലും സാന്നിധ്യമറിയിച്ചു. 1994ൽ യു.എ.ഇ ചുള്ളിപ്പാറ മഹല്ല് കമ്മിറ്റി എന്ന ആശയം പ്രാവർത്തികമാക്കാൻ നേതൃത്വം നൽകി. 17 വർഷം കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി. ചെറുതും വലുതുമായ നിരവധി കൂട്ടായ്​മകളുടെ മുൻനിരകളിൽ ഇദ്ദേഹമുണ്ടായിരുന്നു. ഇത്തരത്തിലുള്ള വേദികളിലൂടെ മനുഷ്യത്വപരമായ നിരവധി ഇടപെടുകൾ നടത്താൻ മുഹമ്മദലി ചുള്ളിപ്പാറക്ക് കഴിഞ്ഞു. ജീവിതത്തിൽ വലിയ സമ്പാദ്യങ്ങൾ ഒന്നും ഇല്ലെങ്കിലും മനുഷ്യപ്പറ്റിൻെറ വഴിയിൽ സദ്സേവനങ്ങൾ നടത്താൻ കഴിഞ്ഞതിൻെറ സന്തോഷത്തിലാണ് ഇദ്ദേഹം. ഖദീജയാണ് ഭാര്യ. ഇസ്​മയിൽ, നബീൽ, ഖൈറുന്നിസ, ഫാത്തിമ സഫ എന്നിവരാണ് മക്കൾ. ഇസ്​മയിലും നബീലും ഷാർജ യൂത്ത് സെൻററിൽ തന്നെ ജോലി ചെയ്യുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.