ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ആരംഭിച്ച ജൈടെക്സ്-2020 സാങ്കേതിക പ്രദർശനത്തിൽനിന്ന്

ജൈടെക്സ് ആഗോള സാങ്കേതിക വാരാഘോഷം തുടങ്ങി

ദുബൈ: കടലാസിലെ പടം വര മുതൽ ക്ലാസ് മുറിയിൽ പാഠം പഠിപ്പിക്കുന്നതു വരെ ജീവിതത്തിലെ എല്ലാ മേഖലകളും മനുഷ്യയന്ത്രപ്പട കീഴടക്കുന്ന നാളെയുടെ ജീവിതം കാണാൻ ദുബൈയിൽ ആരംഭിച്ച ജൈടെക്സ് 2020 സാങ്കേതിക പ്രദർശനനഗരി സന്ദർശിച്ചാൽ മതി.

മാറാൻ കൊതിക്കുന്ന ലോകത്തിൽ ഒരുചുവട് മുന്നേ സ്മാർട്ടായി കുതിക്കുന്ന ദുബൈ നഗരം ആതിഥേയത്വം വഹിക്കുന്ന ജൈടെക്സ് 40ാം പതിപ്പ് ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഹംദാൻ ബിൻ മുഹമ്മദ് റാശിദ് ആൽ മക്​തൂം ഉദ്ഘാടനം ചെയ്തു.

60 രാജ്യങ്ങളിൽ നിന്നുള്ള 1200 കമ്പനികൾ പങ്കെടുക്കുന്ന മേള നാളെയുടെ ജീവിതംതന്നെയാണ് സാങ്കേതികത്തികവിലൂടെ വരച്ചുകാട്ടുന്നത്. സംസാരിച്ചുകഴിഞ്ഞാൽ റോബോട്ട് തന്നെയാണോ എന്ന് സംശയിച്ചുപോകുന്ന ഹ്യൂമനോയിഡ് റോബോകളാണ് ഇക്കുറിയും താരങ്ങൾ.

ഇത്തിസാലാത്തി​െൻറ സ്​റ്റാളിൽ എല്ലാവർക്കും കൈകൊടുത്ത് സംസാരിക്കുകയും സെൽഫിക്ക് പോസ് ചെയ്യുകയും ചെയ്യുന്ന അഡ്രാൻ എന്ന നീല മനുഷ്യ റോബോട്ടിന് അത്രയുണ്ട് പൂർണത.

ഓർഡർ ചെയ്താൽ കാപ്പി തയാറാക്കി കൈയിൽ വെച്ചുതരുന്ന റോബോട്ട് മുതൽ ക്ലാസിലെ മുഴുവൻ കാര്യങ്ങളും പഠിപ്പിക്കുകയും ഒപ്പം പെരുമാറ്റം മുതൽ വ്യായാമമുറകൾ വരെ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്ന റോബോട്ടുകൾ വരെ ഇക്കുറി സ്ഥാനം പിടിച്ചിട്ടുണ്ട്.തീർന്നില്ല, റോഡിൽനിന്ന് യാത്രക്കാരെ എടുത്ത് ആകാശത്തിലൂടെ അതിവേഗം പറക്കുന്ന എയർ ടാക്സി, കേൾവി ശക്തിയില്ലാത്തവർക്കും സംഗീതം ആസ്വദിക്കാൻ കഴിയുന്ന വി.ആർ ഷർട്ടുകൾ തുടങ്ങി സ്വപ്നമെന്ന് തോന്നുന്ന വിസ്മയക്കാഴ്ചകളാണ് ആഗോള സാങ്കേതിക വാരാഘോഷമായ ജൈടെക്​സി​െൻറ ഓരോ പവലിയനിലും കാണാനാകുക.

നിർമിതബുദ്ധി, വി.ആർ -എ.ആർ സങ്കേതങ്ങൾ, ബ്ലോക്ക് ചെയിൻ തുടങ്ങി നവീന സാങ്കേതികവിദ്യ മനുഷ്യജീവിതം എത്ര ലളിതവും സുന്ദരവുമാക്കുന്നുവെന്നതി​െൻറ നേർചിത്രമാണ് ജൈടെക്സ് തുറന്നുകാട്ടുന്നത്.

ഗതാഗതം, ആരോഗ്യപരിപാലനം, പൊലീസിങ്, ഫുഡ്​, സുരക്ഷ സംവിധാനങ്ങൾ​, ബാങ്കിങ് തുടങ്ങി ജീവിതത്തി​െൻറ സകല മേഖലകളിലും സാ​േങ്കതികവിദ്യയുടെ സ്വാധീനം പ്രകടമാക്കുന്നതാണ്​ ജൈടെക്​സ്​ പ്രദർശനം.

പതിവ് രാജ്യങ്ങൾക്കൊപ്പം ഇക്കുറി ഇസ്രായേലും ജൈടെക്സിൽ പങ്കെടുക്കുന്നുണ്ട്.

ബഹ്റൈൻ, ജപ്പാൻ, യു.എസ്.എ, യു.കെ, ബെൽജിയം, ബ്രസീൽ, ഇറ്റലി, ഹോങ്കോങ്, പോളണ്ട്, റഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ നിരവധി കമ്പനികളാണ് മേളയിലുള്ളത്.

അബൂദബി, അജ്മാൻ ഗവൺമെൻറുകളുടെ പവലിയനുകളും ജൈടെക്സിലുണ്ട്. ദുബൈ പൊലീസ്, ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ദുബൈ മുനിസിപ്പാലിറ്റി, വിവിധ എമിറേറ്റുകളിലെ സർക്കാർ ഡിപ്പാർട്​മെൻറുകൾ, ദുബൈ ഇൻറർനെറ്റ് സിറ്റി, ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ കസ്​റ്റംസ്, ജി.ഡി.ആർ.എഫ്.എ, ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി, ദുബൈ ഇലക്ട്രേണിക് സെക്യുരിറ്റി സെൻറർ എന്നിവയുടെ പവലിയനുകളും ടെലികോം കമ്പനികളായ ഡ്യു, ഇത്തിസാലാത്ത് എന്നിവയുടെ സ്​റ്റാളുകളും പ്രദർശനനഗരിയിലുണ്ട്.

നിർമിതബുദ്ധി, സ്മാർട്ട് സിറ്റികൾ, സാമ്പത്തിക സാങ്കേതികവിദ്യ, വിദ്യാഭ്യാസത്തി​െൻറയും ആരോഗ്യത്തി​െൻറയും ഭാവി, വിദൂര ജോലിയുടെ ഭാവി എന്നിവയിൽ 200 പ്രധാന സാങ്കേതിക നിക്ഷേപ കമ്പനികളുടെയും 350 സ്പീക്കറുകളുടെയും പങ്കാളിത്തമാണ് ജൈടെക്സ് ഉറപ്പുവരുത്തുന്നത്.

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രദർശനം തുടരുന്നത്. ആഴ്ചകൾ നീണ്ട അണുമുക്തമാക്കൽ പൂർത്തിയാക്കിയ ശേഷമാണ് സാങ്കേതികമേള നടക്കുന്ന ദുബൈ വേൾഡ് ട്രേഡ് സെൻറർ ആഗോളതലത്തിലുള്ള സാങ്കേതികവിദഗ്ധരെയും അതിഥികളെയും കാഴ്ചക്കാരെയും വരവേറ്റത്.

മുഴുവൻ സമയ ശുചീകരണത്തിനും അണുമുക്തമാക്കലിനും നൂറുകണക്കിന് വളൻറിയർമാരാണ് പ്രദർശനനഗരിയിലുള്ളത്.

ഹൈടെക്കാണ് ആർ.ടി.എ

ദുബൈ: കാറിലല്ലേ മാസ്ക് മാറ്റി നടുനിവർത്തി യാത്ര ചെയ്യാമെന്ന് കരുതല്ലേ, വാഹനത്തിലായാലും മാസ്ക് ധരിച്ചില്ലെങ്കിൽ ശിക്ഷ ഉറപ്പാണെന്ന് ഓർമിപ്പിക്കുകയാണ് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. നിർമിത ബുദ്ധി, ബിഗ്​ ഡേറ്റ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിയമലംഘനം സ്ഥിരീകരിക്കുകയാണ് ആർ.ടി.എ.

ദുബൈ ടാക്സികളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവറോ യാത്രക്കാരോ മാസ്ക് അൽപം മാറ്റിയാൽ പോലും പിടിച്ചെടുക്കുന്ന നൂതന കാമറകളാണ് കാറുകളിൽ ഘടിപ്പിച്ചിട്ടുള്ളത്. മാസ്ക് ധരിക്കാത്തവരെ കണ്ടെത്തുക മാത്രമല്ല, അപ്പോൾ തന്നെ കൺട്രോൾ റൂമിലേക്ക് സന്ദേശമയക്കുകയും ചെയ്യും. മാസ്ക് ധരിക്കാതെ യാത്ര ചെയ്ത സമയംവരെ രേഖപ്പെടുത്തിയ സമൻസായിരിക്കും പിന്നീട് യാത്രക്കാരനെ തേടിയെത്തുക. കനത്ത പിഴ അടക്കേണ്ടിവരും.

ഏത്​ സാങ്കേതികവിദ്യകളാണ് ഗതാഗത സംവിധാനത്തിലുള്ളതെന്ന്​ ജൈടെക്സ് നഗരിയിലെ ആർ.ടി.എ പവിലിയിൻ സന്ദർശിച്ചാൽ വ്യക്തമാകും. ടാക്സികളിലെ ഇൗ സംവിധാനം അടുത്ത ഘട്ടത്തിൽ ബസുകളിലും മെട്രോകളിലേക്കും വ്യാപിപ്പിക്കും. പൊതുഗതാഗത സംവിധാനങ്ങളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിലും പിടിവീഴുന്ന നിർമിതബുദ്ധി സാങ്കേതികവിദ്യയും ആർ.ടി.എ വികസിപ്പിച്ചിട്ടുണ്ട്. കൂടുതൽ യാത്രക്കാർ സേവനം തേടുന്ന റൂട്ടുകളിൽ അധിക സർവിസുകൾ നടപ്പാക്കാനും നിർമിതബുദ്ധിയുടെ സഹായത്തോടെ ആർ.ടി.എക്ക് പദ്ധതികളുണ്ട്. നോൽ കാർഡി​െൻറ ഉപയോഗം സംബന്ധിച്ച ഡേറ്റകൾ ശേഖരിച്ചാണ് ഇതു കണ്ടെത്തുന്നത്. ദുബൈയിലെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന നോൽ കാർഡ് കീചെയിൻ ആയി കൊണ്ടുനടക്കാവുന്ന രൂപത്തിലേക്ക് മാറ്റിയ പ്ലാസ്​റ്റിക് നോൽ മിനി കാർഡ് ജൈടെക്സിൽ ആർ.ടി.എ പുറത്തിറക്കി. ഉപയോക്താക്കളെ സർവിസ് പോയൻറുകളിലേക്ക് നയിച്ച്​ ഓഗ്‌മെൻറഡ് റിയാലിറ്റി, ദു​െബെ മെട്രോ ടണലുകളുടെ പരിശോധനക്ക്​ ഡ്രോണുകൾ ഉപയോഗിക്കുന്ന രീതി തുടങ്ങിയവയും പ്രദർശനത്തിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT