അന്താരാഷ്ട്ര സഹിഷ്ണുതാ ദിനത്തിൽ ദുബൈ താമസ കുടിയേറ്റ
വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽനിന്ന്
ദുബൈ: അന്താരാഷ്ട്ര സഹിഷ്ണുതാ ദിനത്തിന്റെ ഭാഗമായി ദുബൈ താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ) ആൽ ഫഹീദി ഹിസ്റ്റോറിക്കൽ ഡിസ്ട്രിക്ടിൽ സാംസ്കാരിക സംഗമവും കമ്യൂണിറ്റി പരിപാടിയും സംഘടിപ്പിച്ചു.
ശൈഖ് മുഹമ്മദ് സെൻറർ ഫോർ കൾചറൽ അണ്ടർസ്റ്റാൻഡിങ്, നാഷനൽ ലൈബ്രറി ആൻഡ് ആർക്കൈവ്സ്, ദുബൈ കൾചർ എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടി കമ്യൂണിറ്റി വർഷത്തിന്റെയും സായിദ് ആൻഡ് റാശിദ് ആഘോഷങ്ങളുടെയും ഭാഗമായാണ് സംഘടിപ്പിച്ചത്.
യു.എ.ഇയുടെ സമ്പന്നമായ പൈതൃകവും വൈവിധ്യമാർന്ന സംസ്കാരവും പ്രദർശിപ്പിക്കുന്ന വിവിധ സാംസ്കാരിക പരിപാടികൾ, പൈതൃക യാത്രകൾ, സാംസ്കാരിക സംവാദങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറി. യു.എ.ഇ രാഷ്ട്രനേതാക്കളുടെ ചരിത്ര നിമിഷങ്ങളുടെ ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. വിവിധ രാജ്യക്കാരായ ടൂറിസ്റ്റുകൾക്ക് ഇമാറാത്തി സംസ്കാരത്തെ അടുത്തറിയാനും സഹവർത്തിത്വം, സഹിഷ്ണുത, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങളെക്കുറിച്ച് പഠിക്കാനും പരിപാടി അവസരം നൽകി.
യു.എ.ഇയുടെ സ്ഥാപകരായ ശൈഖ് സായിദിനെയും ശൈഖ് റാശിദിനെയും സ്മരിച്ചുകൊണ്ട് സംഘടിപ്പിച്ച സമാഗമം രാജ്യത്തിന്റെ സാമൂഹിക ഐക്യവും സമൂഹങ്ങൾ തമ്മിലുള്ള സൗഹൃദബന്ധവും ഊട്ടിയുറപ്പിക്കുന്നതിൽ പ്രത്യേക ഊന്നൽ നൽകുന്നുവെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.