ഫുജൈറ: നിർമിത ബുദ്ധി (എ.ഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിവേഗത്തിൽ വാഹന നമ്പര്‍ പ്ലേറ്റുകള്‍ പ്രിന്‍റ് ചെയ്യാന്‍ കഴിയുന്ന മെഷീൻ ഫുജൈറയിൽ സ്ഥാപിച്ചു. മിഡിലീസ്റ്റിലെ ആദ്യത്തെ സ്മാര്‍ട്ട് നമ്പർ പ്ലേറ്റ് പ്രിന്‍റിങ് മെഷീനാണ് ഫുജൈറ പൊലീസ് ആസ്ഥാനം അവതരിപ്പിച്ചിരിക്കുന്നത്. നിർമിതബുദ്ധി, നൂതന സാങ്കേതിക വിദ്യകള്‍ എന്നിവയിലൂടെ ഉപഭോക്തൃ സേവനങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
വേഗത, കൃത്യത, ഉപയോക്തൃ അനുഭവം എന്നിവ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മെഷീനിലൂടെ വെറും മൂന്ന് മിനിറ്റിനുള്ളില്‍ വാഹന നമ്പര്‍ പ്ലേറ്റുകള്‍ പ്രിന്‍റ് ചെയ്യാന്‍ കഴിയും. ഡിജിറ്റലായാണ് നമ്പര്‍ പ്ലേറ്റിനായുള്ള അഭ്യര്‍ഥന നല്‍കേണ്ടത്. മെഷീനില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാനും ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യാനും ഫേഷ്യല്‍ ഇമേജിങ് സാങ്കേതികവിദ്യയിലൂടെ ഐഡന്‍റിറ്റി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനും കഴിയും. ചെറുതും നീളമുള്ളതുമായ ഫോര്‍മാറ്റുകള്‍ ഉള്‍പ്പെടെ ഒന്നിലധികം പ്ലേറ്റ് ഓപ്ഷനുകളും ചുവപ്പ്, കറുപ്പ് ഡിസൈനുകള്‍ ഉള്‍പ്പെടെ മെഷിനീലൂടെ ലഭ്യമാണ്.
ഫുജൈറ മാളിന് സമീപം എമിറേറ്റ്സ് പെട്രോൾ സ്റ്റേഷനിൽ സ്ഥാപിച്ച മെഷീനിലൂടെ 24 മണിക്കൂറും സേവനം ലഭ്യമാണ്. സർവിസ് സെന്‍ററുകളിൽ പോകാതെ ഡിജിറ്റലായി മുഴുവൻ നടപടികളും പൂർത്തീകരിക്കാനാകും. സ്മാർട്ട് സർക്കാറിലേക്കുള്ള ഫുജൈറയുടെ പ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തുന്നതാണ് പുതിയ സേവനം. വേഗതയേറിയതും മികച്ചതുമായ പൊതു സേവനങ്ങളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം കാത്തിരിപ്പ് സമയം കുറക്കാനും വാഹനമോടിക്കുന്നവർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യുന്നതിനുള്ള ഫുജൈറ പൊലീസിന്‍റെ നയത്തിന്‍റെ ഭാഗമാണ് ഈ സംരംഭമെന്ന് അധികൃതർ വ്യക്തമാക്കി. ഗതാഗത തിരക്കേറിയ സ്ഥലമെന്ന നിലയിലാണ് മെഷീൻ പെട്രോൾ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്നതെന്നും ഫുജൈറ പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.