ഇ611ലെ മൂന്നു വരികൾ ഇന്നുമുതൽ അടക്കും; ആൽ മക്​തൂം എയർപോർട്ട്​ ടണലും താൽക്കാലികമായി അടച്ചിടുമെന്ന് ആർ.ടി.എ

ദുബൈ: ദുബൈ എമിറേറ്റ്‌സ് റോഡിലെ (ഇ611) ചില വരികളും ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള ടണലും താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഡ്രൈവറില്ലാ ടാക്സികളുടെ പരീക്ഷണ ഓട്ടത്തിന്‍റെ ഭാഗമായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഒക്ടോബർ 26 മുതൽ 31 വരെയാണ് റോഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാകുക. ദിവസവും രാവിലെ 9.00 മണി മുതൽ വൈകുന്നേരം 4.00 മണി വരെ മാത്രമായിരിക്കും ഈ താൽക്കാലിക തടസ്സം നേരിടേണ്ടി വരിക.

എമിറേറ്റ്‌സ് റോഡിൽ (ഇ611) ആൽ മക്തൂം എയർപോർട്ടിന് എതിർവശത്തുള്ള മൂന്ന് പാതകളിലാണ് ഗതാഗതം ഭാഗികമായി തടസ്സപ്പെടുക. കൂടാതെ, ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള ടണൽ ഇരുവശങ്ങളിലേക്കും പൂർണമായും അടച്ചിടുകയും ചെയ്യും. യാത്രക്കാർ തങ്ങളുടെ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും റോഡിലെ ദിശാസൂചകങ്ങൾ കൃത്യമായി പാലിക്കണമെന്നും ആർ.ടി.എ ഡ്രൈവർമാരോട് അഭ്യർഥിച്ചു.

അല്‍ ദഫ്​റ ശൈഖ് സലാമ ബിന്‍ ബുത്തി റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം

അബൂദബി: എമിറേറ്റില്‍ അല്‍ ദഫ്​റ മേഖലയിലെ പ്രധാന പാതയായ ശൈഖ് സലാമ ബിന്‍ ബുത്തി റോഡില്‍ (ഇ-45) രണ്ട് ദിവസത്തേക്ക് ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അബൂദബി മൊബിലിറ്റി അറിയിച്ചു. ഇരുദിശകളിലേക്കുമുള്ള പാതകളില്‍ ഘട്ടങ്ങളായാണ് നിയന്ത്രണം നടപ്പാക്കുന്നത്. ഒക്ടോബര്‍ 26 തിങ്കളാഴ്ച അര്‍ധരാത്രി 12 മണി മുതല്‍ ആരംഭിക്കുന്ന നിയന്ത്രണം ഒക്ടോബര്‍ 27 ചൊവ്വാഴ്ച രാത്രി 10 മണി വരെ തുടരും. റോഡിന്‍റെ വലതും ഇടതുമുള്ള വശങ്ങളിലെ വരികള്‍ ഘട്ടങ്ങളായി അടച്ചാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുക.

അഡ്‌നോക് സ്ഥാപനത്തിന് സമീപമുള്ള ഭാഗങ്ങളിലും മുഹമ്മദ് ഖലഫ് അല്‍ മസ്‌റൂയി സ്ട്രീറ്റുമായി ചേരുന്ന കവലയിലുമാണ് പ്രധാനമായും ഗതാഗത തടസ്സമുണ്ടാകുക. ഇത് വ്യക്തമാക്കുന്ന ട്രാഫിക് മാപ്പും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ വഴിയിലൂടെ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവര്‍ നിയന്ത്രണങ്ങള്‍ മുന്‍കൂട്ടി കണ്ട് യാത്രകള്‍ പ്ലാന്‍ ചെയ്യണമെന്നും, നിര്‍ദേശിച്ചിട്ടുള്ള താല്‍ക്കാലിക റോഡ് അടയാളങ്ങളും ദിശാബോധനങ്ങളും കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Tags:    
News Summary - RTA Announces Temporary Closures on E611 and Al Maktoum Airport Tunnel for Driverless Taxi Trials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.