‘ഹല മോഹൻലാൽ -ദി കംപ്ലീറ്റ് ലാലേട്ടൻ ഷോ’ ഡിസംബർ രണ്ടിന്; ആവേശത്തിരയിൽ യു.എ.ഇ
ദുബൈ: സഹവർത്തിത്വത്തിന്റെയും, പരസ്പര സഹകരണത്തിന്റെയും പതിറ്റാണ്ടുകൾ നീണ്ട ഊഷ്മളബന്ധം തുടരുന്ന രണ്ട് രാജ്യങ്ങൾ- യു.എ.ഇയും ഇന്ത്യയും. കടൽ കടന്ന് അതിജീവനം തേടിയെത്തിയ ഇന്ത്യൻ പ്രവാസികൾ ഏറ്റവും കൂടുതൽ അധിവസിക്കുന്ന നാടുകൂടിയാണ് യു.എ.ഇ. ജീവിതം കരുപ്പിടിപ്പിക്കാൻ പറന്നിറങ്ങുന്ന ഓരോ പ്രവാസി മലയാളിയെയും ഇരു കൈയും നീട്ടി സ്വീകരിച്ച വളർത്തുനാടായ യു.എ.ഇ 55-ാമത് ദേശീയദിനം ആചരിക്കുന്ന 2026 ഡിസംബർ രണ്ടിന് അതുല്യമായ ഒരു ആദരവിനും ആഘോഷത്തിനും ദുബൈ വേദിയാകുന്നു. മലയാളത്തിന്റെ ഇതിഹാസതാരം മോഹൻലാൽ പങ്കെടുക്കുന്ന ‘ഹല മോഹൻലാൽ- ദി കംപ്ലീറ്റ് ലാലേട്ടൻ ഷോ’ മെഗാ ഇവന്റ് യു.എ.ഇ ദേശീയദിനത്തിൽ ദുബൈ കൊക്കകോള അരീനയിൽ അരങ്ങേറും. ദുബൈ കലണ്ടർ ഓഫ് ഇവന്റ്സിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ മലയാള ഇവന്റ് കൂടിയാണ് ‘ഹല മോഹൻലാൽ’.
കേരളത്തിന്റെ അഭിമാനതാരവും സാംസ്കാരിക പ്രതീകവുമായ മോഹൻലാൽ, സംഗീതം, നൃത്തം, വിനോദം എന്നിവ നിറയുന്ന വിസ്മയ സായാഹ്നത്തിൽ ‘ഹല മോഹൻലാൽ’ വേദിയിൽ നിറയുമ്പോൾ, ലാലേട്ടനൊപ്പം ആടിപ്പാടാൻ സിനിമ, സംഗീതരംഗത്തെ വൻ താരനിരയും ദുബൈയിലെത്തും. ‘ഹലാ മോഹൻലാൽ ദി കംപ്ലീറ്റ് ലാലേട്ടൻ ഷോ’ എന്ന പരിപാടിയിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ലാലേട്ടനൊപ്പം ദുബൈയിൽ എത്തുകയാണ്. വെള്ളിത്തിരയിലെ പ്രിയതാരജോഡികളായ ഇരുവരും കൊക്കകോള അരീനയിൽ ഇഷ്ടസിനിമാഗാനങ്ങളുടെ നൃത്താവിഷ്കാരങ്ങളും, സ്കിറ്റുകളുമായെത്തുമ്പോൾ അത് അവിസ്മരണീയമായ കാഴ്ചകളുടെ വസന്തമൊരുക്കും. മോഹൻലാൽ എന്ന കംപ്ലീറ്റ് ആക്ടറിലൂടെ പ്രവാസി മലയാളി സമൂഹം യു.എ.ഇക്ക് നൽകുന്ന അവിസ്മരണീയമായ ആദരവായി ‘ഹല മോഹൻലാൽ’ മാറും.
മലയാളസിനിമാലോകത്തെ പ്രിയതാരങ്ങളായ കലാഭവൻ ഷാജോൺ, അസീസ് നെടുമങ്ങാട്, നിയാസ് ബക്കർ, വിനോദ് കോവൂർ, റിയാസ് നർമകല, സൗമ്യ ഭാഗ്യൻ പിള്ള എന്നിവർ ചിരിയുടെയും ചിന്തയുടെയും മാലപ്പടക്കവുമായി വേദിയിൽ നിറയും. ഒപ്പം മലയാളി ഹൃദയത്തിൽ ചേർത്തുവെച്ച ഗായകരായ വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ, ഷാഫി കൊല്ലം എന്നിവരും ഇഷ്ടം നിറച്ച പാട്ടുകളുമായെത്തും. ചടുലനൃത്താവിഷ്കാരങ്ങളുടെ ട്രെൻഡ് സെറ്റർ ഡാൻസ് നമ്പറുകളുമായി ഡാൻസിങ് സെൻസേഷനുകളായ സാനിയ ഇയ്യപ്പൻ, റംസാൻ, മോക്ഷ, ഡയാന ഹമീദ് എന്നിവരും വേദിയിലെത്തും.
യു.എ.ഇ ദേശീയദിനാഘോഷത്തിന് ദുബൈ ഇതുവരെ കാണാത്ത ഒരു മോഹൻലാൽ ഷോ ആയിരിക്കും ‘ഹല മോഹൻലാൽ’. ദേശീയദിനത്തിന്റെ നീണ്ട അവധിദിനങ്ങളിൽ പ്രവാസികൾക്ക് ആഘോഷത്തിന്റെ മികച്ച വേദിയാകുമത്. ‘ഹല മോഹൻലാൽ ഷോ’യിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റുകളുടെ ബുക്കിങ് ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇപ്പോൾ 20 ശതമാനം ഡിസ്കൗണ്ടിൽ ടിക്കറ്റുകൾ ലഭ്യമാണ്. cocacolaarena.com, platinumlist.net എന്നീ സൈറ്റുകളിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. പരിപാടിക്ക് ഇതിനകം തന്നെ മികച്ച പ്രതികരണം ലഭിച്ചതോടെ ടിക്കറ്റ് വിൽപനയും അതിവേഗം പുരോഗമിക്കുകയാണ്.
കേരളത്തിന്റെ സാംസ്കാരിക ചൈതന്യവും, ഊഷ്മളതയും തലമുറകളിലുടനീളം ചേർത്തുവെക്കപ്പെടുന്ന ഹല മോഹൻലാൽ വേദിയിൽ ഒത്തുചേരാനും ലാലേട്ടൻ എന്ന പ്രിയതാരത്തെ ആദരിക്കാനും ആഘോഷിക്കാനും മെഗാ ഇവന്റിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകരായ ഇക്വിറ്റി പ്ലസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.