ചരിത്രം പറയുന്ന ഫുജൈറ കോട്ട
യുണൈറ്റഡ് അറബ് എമിറേറ്റിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ കോട്ടയാണ് ഫുജൈറ കോട്ട. ഫുജൈറയിലെ പ്രധാന ലാൻഡ്മാർക്കും പ്രധാനപെട്ട ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ് ഫുജൈറ കോട്ട. പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച ഈ കോട്ട കൊളോണിയൽ അധിനിവേശത്തെ ചെറുക്കുന്നതിൽ വഹിച്ച സുപ്രധാന പങ്കാണ് ഫുജൈറയുടെ ഹൃദയ ഭാഗത്ത് തലയുയര്‍ത്തി നില്ക്കുമ്പോള് ഏറ്റവും കൂടുതൽ ഓർമിക്കപ്പെടുന്നത്. മൂന്ന് വൃത്താകൃതിയിലുള്ള കാവൽഗോപുരങ്ങളും ചതുരാകൃതിയിലുള്ള ഒരു വാച്ച് ടവറും ഒരു സെൻട്രൽ ഹാളും അടങ്ങിയതാണ് സമുദ്രനിരപ്പില്‍ നിന്നും 20 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഫുജൈറ ഫോര്‍ട്ട്. 610 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ കെട്ടിടം നിർമിച്ചിരിക്കുന്നത് പ്രാദേശിക വസ്തുക്കളായ പാറകൾ, ചരൽ, ചെളി, പുല്ല്, പ്ലാസ്റ്ററുകൾ എന്നിവകൊണ്ടാണ്. റേഡിയോകാർബൺ ഡേറ്റിങ് അനുസരിച്ച് ഏകദേശം 1500-1550 കാലഘട്ടത്തില്‍ ആണ് കോട്ട നിര്‍മിച്ചിട്ടുള്ളത് എന്ന് കണക്കാക്കുന്നു. 1650-1700 കാലഘട്ടത്തിൽ ഇത് നവീകരിച്ചു.
1925-ൽ ബ്രിട്ടീഷ് നാവികസേന ഇതിന്റെ മൂന്ന് ടവറുകൾ നശിപ്പിച്ചിരുന്നു. 1997ൽ ഫുജൈറ പൗരാണിക വകുപ്പ് ഇതിനെ പഴയ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കുകയായിരുന്നു. ശേഷം 2000ത്തില്‍ ആണ് സന്ദർശകർക്കായി തുറന്നു കൊടുത്തത്. ഇതിനോട് ചേര്‍ന്ന് പൗരാണിക മാതൃകയില്‍ നിര്‍മിച്ചിട്ടുള്ള ഒരു പള്ളിയും ചുറ്റുവട്ടങ്ങളിലായി പഴയ മാതൃകയില്‍ നിര്‍മിച്ചിട്ടുള്ള വീടുകളും പുനര്‍നിർമിച്ചിട്ടുണ്ട്.
ഫുജൈറ ഫോര്‍ട്ടിന്റെ അത്ര തന്നെ വലുപ്പമില്ലാത്ത വിവിധ കാലഘട്ടങ്ങളില്‍ നിര്‍മിച്ചിട്ടുള്ള മറ്റു കോട്ടകള്‍ ഫുജൈറയുടെ സമീപ പ്രദേശങ്ങളായ ബിത്ന, സികംകം, അല്‍ ഹൈല്‍ എന്നിവിടങ്ങളിലും കാണാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.