മരുഭൂമിയിലെ കുന്നിന്‍ ചെരുവുകളില്‍ എരിക്ക് പൂത്തു

ഷാര്‍ജ: നാട്ടുവൈദ്യന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചെടിയാണ് എരിക്ക്. കേരളീയ ഗ്രാമങ്ങളില്‍ മതിലുകള്‍ വ്യാപകമാകുന്നതിന് മുമ്പ് അതിരുകള്‍ കാത്തിരുന്ന ചെടികളില്‍ പ്രമുഖ സ്ഥാനത്ത്​ എരിക്കുണ്ടായിരുന്നു. കാലക്രമേണ ഇതി​​​െൻറ സാന്നിധ്യം ഗ്രാമങ്ങള്‍ക്ക്് പോലും അന്യമാകുമ്പോള്‍, യു.എ.ഇയുടെ മലയോര മേഖലകള്‍ക്ക് അഴകും ആയുസും പകര്‍ന്ന് പൂത്ത് നില്‍ക്കുകയാണ് എരിക്ക്. മരുഭൂമിയിലെ കുന്നിന്‍ ചെരിവുകളില്‍ ഇവ ധാരാളമായുണ്ട്​. ഇപ്പോള്‍ നിറയെ പൂവുമായി നില്‍ക്കുന്ന എരിക്കുകള്‍ താഴ്വരകളുടെ അഴകാണ്. ഈ ചെടിയുടെ ഒൗഷധ ഗുണം കൃത്യമായി അറിയുന്നവരാണ് ബദുക്കള്‍. ബദുവിയന്‍ ജീവിതത്തിലെ വൈദ്യന്‍ കൂടിയാണ് എരിക്ക്. എരുക്കിന്‍െറ വേര്, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ ഒൗഷധനിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നു. ഈ ചെടിയെ തൊട്ട് തലോടി ഏറെ നേരം മരുഭൂമിയിലെ മൃഗങ്ങള്‍ നില്‍ക്കുന്നത് കാണാം.

എന്നാല്‍ ഇതിന്‍െറ ഇലകള്‍ മൃഗങ്ങള്‍ തിന്നാറില്ല. അത് കൊണ്ട് തന്നെ നിത്യ യൗവനമാണ് മരുഭൂമിയിലെ എരിക്കിന്. കേരളീയ ഗ്രാമങ്ങളുടെ അതിരുമാത്രമല്ല മനുഷ്യ​​​െൻറ ആരോഗ്യവും ഭേദമാക്കാന്‍ മുന്നിലായിരുന്നു ഈ ചെടി. വളരാന്‍ പ്രത്യേക സ്ഥലം വേണമെന്ന വാശി ഒട്ടുമില്ലാത്ത ചെടിയാണിത്. ഒരു കാലത്ത് ഇന്ത്യയില്‍ പരക്കെ കാണപ്പെട്ടിരുന്ന എരിക്ക്  ഇന്ന് വംശമറ്റ് കൊണ്ടിരിക്കുകയാണ്. വെള്ളരിക്കും ചിറ്റെരിക്കുമുണ്ട്. രണ്ടും ഒൗഷധ സസ്യങ്ങളാണ്. എന്നാല്‍ ഗുണം കൂടുതലുള്ള വെള്ളരിക്കാണ് മരുഭൂമിയില്‍ കണ്ട് വരുന്നത്. ആരും കൃഷി ചെയ്തല്ല ഇത് വളരുന്നത്. പ്രകൃതി തന്നെ വളര്‍ത്തുന്ന ചെടിയാണിത്. ശസ്ത്രക്രിയയെ സംബന്ധിച്ചു സുശ്രുതന്‍ രചിച്ച ആയുര്‍വേദ ഗ്രന്ഥമായ സുശ്രുത സംഹിതയില്‍ പൊക്കിളിന്‍െറ താഴെയുള്ള അസുഖങ്ങള്‍ക്കാണ് എരുക്ക് കൂടുതല്‍ ഫലപ്രദമെന്ന് പ്രതിപാദിച്ചിട്ടുണ്ട്. ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായ ചരക​​​െൻറ വിശ്വപ്രസിദ്ധമായ ഗ്രന്ഥമായ ചരകസംഹിതയില്‍ വിയര്‍പ്പിനെ ഉണ്ടാക്കുന്ന ഒൗഷധം എന്നാണ് എരുക്കിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

കൂടാതെ വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങള്‍ക്കും ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നതി​​​െൻറ വിവരങ്ങളും മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എരുക്കില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഘടകങ്ങൾക്ക്​ അണുനശീകരണ ശക്തിയും ചില പ്രത്യേക പ്രക്രിയ വഴി വേര്‍തിരിച്ചെടുക്കുന്ന ഘടകങ്ങള്‍ക്ക് കുമിള്‍നശീകരണ ശക്തിയും ഉണ്ടെന്ന് ശാസ്​ത്രീയമായി തെളിഞ്ഞിട്ടുണ്ട്. ചില ഗവേഷകര്‍ എരുക്കിലെ ഒൗഷധ ഘടകങ്ങള്‍ ഉന്മാദം, വേദന, അപസ്മാരം, ഉറക്കം തുടങ്ങിയ കേന്ദ്ര നാഡീവ്യൂഹ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് സ്ഥിരീകരിക്കുന്നു. പ്രവാസികളില്‍ നിരന്തമായി കണ്ട് വരുന്ന അസുഖമാണ് മുട്ട് വേദന. എരിക്കി​​​െൻറ ഇല തിളപ്പിച്ചോ, കിഴികെട്ടിയോ വേദനയുള്ള ഭാഗത്ത്  വെച്ചാല്‍ വേദന പെട്ടെന്ന് മാറികിട്ടും. ബദുക്കള്‍ പിന്തുടരുന്ന ഈ ചികിത്സ നാട്ട് വൈദ്യത്തിലും കാണാം.

പണ്ടൊക്കെ കാലില്‍ മുള്ള് തറച്ച്​ കയറിയാല്‍ എരിക്കി​​​െൻറ ഇല പൊട്ടിച്ച് അതി​​​െൻറ പാല് അവിടെ ഒഴിക്കലാണ് മുള്ള് എടുക്കാനുള്ള നാട്ട് വൈദ്യം. പാല് തൊലിക്കുള്ളിലേക്ക് പ്രവേശിച്ചാല്‍ മുള്ള് പൊങ്ങിവരും. എന്നാല്‍ എരുക്കി​​​െൻറ പാല്‍ ഉള്ളില്‍ ചെന്നാല്‍ മോഹാലസ്യം, തൊണ്ട ചൊറിച്ചില്‍, കുടല്‍ പഴുപ്പ്, വയറിളക്കം എന്നിവ ഉണ്ടാകും. ഇങ്ങനെ വന്നാല്‍ നറുനെയ്യില്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കുകയാണ് മറുവൈദ്യം. എന്തിനേറെ പേപ്പട്ടി വിഷത്തിന് വരെ എരിക്കിന്‍ പാല്‍ ഉപയോഗിച്ചിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. ബദുക്കള്‍ ഇതിനെ പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത് വേദനകള്‍ക്ക് ശമനം കിട്ടാനായിരുന്നുവെന്നാണ് കേട്ടിട്ടുള്ളത്. മരുഭൂമിയില്‍ കാണപ്പെടുന്ന പല ചെടികളും ഒൗഷധഗുണം ഉള്ളവയാണ്. എന്നാല്‍ രേഖപ്പെടുത്താതെ കിടക്കുന്നതാണ് ബദുവിയന്‍ ചികിത്സാരീതികള്‍. പട്ടണങ്ങളിലേക്ക് വരാന്‍ കൂട്ടാക്കാത്ത പഴയ തലമുറയിലെ ബദുക്കളില്‍ നിരവധി വൈദ്യന്‍മാരുണ്ട്. മര്‍മ്മങ്ങള്‍ നോക്കി രോഗമറിയാനുള്ള ജ്ഞാനം ഇവര്‍ക്കുണ്ട്. 
 

Tags:    
News Summary - flower uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.