വ്യാജ പാർട്ട് ടൈം ജോലി വാഗ്​ദാനം; ജാഗ്രതാ നിർദേശവുമായി പൊലീസ്

ദുബൈ: പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരെ അനധികൃത പണമിടപാടിന്റെ ഭാഗമാക്കുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. തൊഴിലന്വേഷകരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറപ്പിച്ച ശേഷം, തട്ടിപ്പിലൂടെ കവരുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാൻ ഈ അക്കൗണ്ടുകളാണ് ക്രിമിനൽ സംഘങ്ങൾ ദുരുപയോഗം ചെയ്യുന്നത്. ‘തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക’ എന്ന കാമ്പയിന്റെ ഭാഗമായാണ് പൊലീസ് ഈ വിവരങ്ങൾ പങ്കുവെച്ചത്.

ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാർ ഇരയാക്കിയ യുവാവിന്റെ കേസ്​ പൊലീസ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് അക്കൗണ്ട് തുറപ്പിച്ച സംഘം, അതിലേക്കെത്തുന്ന പണം കമീഷൻ എടുത്ത്​ മറ്റ് അക്കൗണ്ടുകളിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. ഇത് തട്ടിപ്പാണെന്ന് അറിയാതെ നിർദേശങ്ങൾ പാലിച്ച യുവാവിനെ, സംശയാസ്പദമായ പണമിടപാടുകൾ പിന്തുടർന്ന ദുബൈ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയായിരുന്നു.

ലളിതമായ ജോലികൾക്ക് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ആരംഭിക്കുന്നവയാണ്​ ഇത്തരം തട്ടിപ്പുകൾ. പിന്നീട് രജിസ്‌ട്രേഷൻ ഫീസിന്റെയോ അക്കൗണ്ട് ആക്റ്റിവേഷന്റെയോ പേരിൽ പണം തട്ടിയെടുക്കാനോ വ്യക്തിഗത വിവരങ്ങൾ ചോർത്താനോ ഉപയോഗിക്കുന്നു. പണം കവരുന്നത് കൂടാതെ, ബാങ്ക് അക്കൗണ്ടുകൾ അനധികൃത ഇടപാടുകൾക്ക് ഉപയോഗിക്കുന്നത് വഴി നിരപരാധികളായ ഇരകൾ വലിയ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും ദുബൈ പൊലീസ് വ്യക്തമാക്കുന്നു.

അജ്ഞാതരുമായി ബാങ്കിങ്​ വിവരങ്ങൾ പങ്കുവെക്കരുതെന്നും തൊഴിൽ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും പൊലീസ് അഭ്യർഥിച്ചു. ഒരുകാരണവശാലും ജോലിക്കായി മുൻകൂട്ടി പണം നൽകരുത്. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ‘ഇ ക്രൈം’ പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിലോ ബന്ധപ്പെട്ട് പൊലീസിനെ അറിയിക്കണം.

Tags:    
News Summary - Fake part-time job offers warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.