ചരക്ക് നീക്കം ഇനി അതിവേഗം; ഫുജൈറയില്‍ നിന്ന് അബൂദബി ഐക്കാഡിലേക്ക് ഇത്തിഹാദ് സര്‍വിസ്
അബൂദബി: യു.എ.ഇയുടെ കിഴക്കന്‍ തീരത്തെയും തലസ്ഥാനത്തെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ച് ചരക്കുകളുമായി ഇത്തിഹാദ് ഓടിത്തുടങ്ങി. ഫുജൈറ ടെര്‍മിനലുകളെ അബൂദബിയിലെ ഐക്കാഡ് വ്യവസായ മേഖലയുമായി ബന്ധിപ്പിക്കുന്ന ഡയറക്ട് റെയില്‍ സര്‍വീസിനാണ് തുടക്കമായത്. ചരക്കുനീക്ക സേവനങ്ങള്‍ നല്‍കുന്ന ഇത്തിഹാദ് റെയിലിന്റെ ഉപസ്ഥാപനമായ ഇത്തിഹാദ് റെയില്‍ ഫ്രൈറ്റും എ.ഡി. പോര്‍ട്ട്സ് ഗ്രൂപ്പും സംയുക്തമായാണ് പുതിയ സംയോജിത റെയില്‍ സേവനം ആരംഭിച്ചിരിക്കുന്നത്.
കസ്റ്റംസ് ക്ലിയറന്‍സ് സംവിധാനങ്ങളുള്ള ഇന്‍ലാന്‍ഡ് കാര്‍ഗോ ഗേറ്റ്വേയും റെയില്‍ ഫ്രൈറ്റ് സര്‍വീസും സംയോജിപ്പിച്ചാണ് ഈ പുതിയ ഇന്‍ലാന്‍ഡ് ലോജിസ്റ്റിക്‌സ് സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതുവഴി വ്യാപാരികള്‍ക്ക് തങ്ങളുടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ സാധിക്കും.
ഫുജൈറയിലെത്തുന്ന ചരക്കുകള്‍ അബൂദബി ഐക്കാഡിലേക്ക് റെയില്‍ മാര്‍ഗം നേരിട്ട് എത്തിക്കുന്നതിലൂടെ ഫുജൈറ ടെര്‍മിനലുകളുടെ സേവനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ സാധിക്കും. ഇവിടെ വച്ച് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി കസ്റ്റംസ് ക്ലിയറന്‍സ്, പരിശോധന, കാര്‍ഗോ റിലീസ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകും.
യു.എ.ഇ. നാഷണല്‍ റെയില്‍ നെറ്റ്വര്‍ക്കിന്റെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതില്‍ ഫുജൈറ - ഐക്കാഡ് റെയില്‍ സര്‍വീസ് നിര്‍ണായക ചുവടുവെപ്പാണെന്ന് ഇത്തിഹാദ് റെയില്‍ ഫ്രൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒമര്‍ അല്‍ സെബെയ്തി വ്യക്തമാക്കി. വ്യാപാര ഇടനാഴികള്‍ കൂടുതല്‍ ശക്തമാക്കുന്നതിലൂടെ ചരക്കുകള്‍ കൂടുതല്‍ കാര്യക്ഷമമായി നീക്കാനും തുറമുഖത്ത് എത്തിച്ചേരുന്നത് മുതല്‍ അന്തിമ ഡെലിവറി വരെയുള്ള സമയം കുറയ്ക്കാനും സഹായിക്കുമെന്ന് എ.ഡി. പോര്‍ട്ട്സ് ഗ്രൂപ്പ് പോര്‍ട്‌സ് ക്ലസ്റ്റര്‍ സി.ഇ.ഒ. സൈഫ് അല്‍ മസ്‌റൂയി വ്യക്തമാക്കി.
ഫുജൈറ ടെര്‍മിനലുകള്‍ ജി.സി.സി., ഇന്ത്യ, ചെങ്കടല്‍, കിഴക്കന്‍ ആഫ്രിക്ക തുടങ്ങിയ മേഖലകളുമായി ശക്തമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നുണ്ട്. ഇത്തിഹാദ് റെയിലിന്റെയും എ.ഡി. പോര്‍ട്ട്സ് ഗ്രൂപ്പിന്റെയും ഈ സംയുക്ത സംരംഭം രാജ്യത്തെ വ്യാപാര, ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് പുതിയ കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍.
പുതിയ സര്‍വീസിന്റെ പ്രധാന സവിശേഷതകള്‍
- യു.എന്‍. കോഡ് : ഐക്കാഡിന് സ്വന്തമായി ഔദ്യോഗിക യു.എന്‍. ലോകോഡ് ലഭിച്ചു എന്നത് പദ്ധതിയിലെ പ്രധാന നാഴികക്കല്ലാണ്. ആഗോള ഷിപ്പിംഗ്, വ്യാപാര സംവിധാനങ്ങളില്‍ ഇത് ഈ മേഖലയെ അംഗീകൃത അന്താരാഷ്ട്ര ലോജിസ്റ്റിക്‌സ് കേന്ദ്രമായി മാറ്റുന്നു.
- നേരിട്ടുള്ള ബുക്കിംഗ്: ഷിപ്പിംഗ് ലൈനുകള്‍ക്കും ഫ്രൈറ്റ് ഫോര്‍വേഡര്‍മാര്‍ക്കും കാര്‍ഗോ ഉടമകള്‍ക്കും ആദ്യമായി കാര്‍ഗോ നേരിട്ട് ഐക്കാഡിലേക്ക് ഡെസ്റ്റിനേഷനും ക്ലിയറന്‍സ് പോയിന്റുമായി ബുക്ക് ചെയ്യാം.
- സുഗമമായ കസ്റ്റംസ് പ്രക്രിയകള്‍: ഫുജൈറ ടെര്‍മിനലിലെത്തുന്ന കണ്ടെയ്‌നറുകള്‍ റെയില്‍ വഴി നേരിട്ട് ഐക്കാഡിലെത്തിച്ച് പരിശോധനയും ക്ലിയറന്‍സും പൂര്‍ത്തിയാക്കാം. ഇത് കസ്റ്റംസ് നടപടികള്‍ ലളിതമാക്കാനും ചരക്കുനീക്കം വേഗത്തിലാക്കാനും സഹായിക്കും.
- റോഡ് ഗതാഗതത്തിന് കുറവ്: അബൂദബിയില്‍ പ്രവര്‍ത്തിക്കുന്ന ഇറക്കുമതിക്കാര്‍, കയറ്റുമതിക്കാര്‍, നിര്‍മാതാക്കള്‍ എന്നിവര്‍ക്ക് വെയര്‍ഹൗസുകളിലേക്കും ഉല്‍പ്പാദന കേന്ദ്രങ്ങളിലേക്കും സമീപത്തായി ചരക്കുകള്‍ സ്വീകരിക്കാം. റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത് സഹായകരമാകും.
- പരിസ്ഥിതി സൗഹൃദം: പരമ്പരാഗത ട്രക്കുകളെ അപേക്ഷിച്ച് കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനം, കൃത്യമായ ഷെഡ്യൂളുകള്‍, റോഡുകളിലെ തിരക്ക് കുറയ്ക്കല്‍ എന്നിവയും പുതിയ സര്‍വീസ് ഉറപ്പുനല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.