ദുബൈ ഭരണാധികാരിയുടെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാശിദ് അന്തരിച്ചു; 10 ദിവസം ദുഃഖാചരണം
ദുബൈ: ദുബൈ രാജകുടുംബാംഗം ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അന്തരിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സഹോദരനാണ്.
ദുബൈ പൊലീസ് ഡെപ്യൂട്ടി ചെയർമാനും അൽവാസൽ ക്ലബ് പ്രസിഡന്റുമായിരുന്നു. ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ വിയോഗത്തെ തുടർന്ന് ദുബൈയിൽ 10 ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.
അന്തരിച്ച മുൻ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ നാലാമത്തെയും ഇളയതുമായ മകനാണ്. ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ പൊലീസ്, പൊതുസുരക്ഷ വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാൻ, എ.ആർ.എം ഹോൾഡിങിന്റെ ഗ്രൂപ്പ് ചെയർമാൻ, അൽ വസ്ൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
യു.കെ.യിലെ റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ഹർസ്റ്റിൽ നിന്ന് ബിരുദം നേടിയ ശേഷം ദുബൈയിലെ സെൻട്രൽ മിലിട്ടറി കമാൻഡിൽ ചേരുകയായിരുന്നു. പിന്നീട് കമാൻഡർ ഇൻ ചീഫായി. ജബൽ അലി റേസ്‌കോഴ്‌സിന്റെ സാങ്കേതിക രൂപകൽപനയിൽ പങ്കാളിയായിട്ടുണ്ട്. 1960കളുടെ തുടക്കം മുതൽ അൽ വസൽ സ്പോർട്സ് ക്ലബ്ബുമായി അദ്ദേഹത്തിന് ബന്ധമുണ്ട്. അന്ന് ക്ലബ് ‘അൽ സമാലിക്’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, അന്നുമുതൽ അദ്ദേഹം ക്ലബ്ബിന്റെ ബോർഡ് ചെയർമാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.