കമ്പനി നൽകിയ വ്യാജ രേഖ മുനിസിപ്പാലിറ്റിയിൽ സമർപ്പിച്ചു; ഷാർജയിൽ കേസിൽ കുടുങ്ങിയ പൊന്നാനി സ്വദേശിക്ക്​ മോചനം

ഷാർജ: അബദ്ധത്തിൽ കേസിൽ കുടുങ്ങി ജയിലിലായ പൊന്നാനി സ്വദേശിക്ക്​ 43 ദിവസങ്ങൾക്ക്​ ശേഷം മോചനം. ഡെലിവറി ബോയ്​ ആയിരുന്ന യാക്കൂബ്​ അക്​തറാണ്​ കേസിൽ നിന്ന്​ രക്ഷപ്പെട്ടത്​. മുനിസിപ്പാലിറ്റിയിൽ വ്യാജ രേഖ നൽകി എന്നതായിരുന്നു കേസ്​. നോർക്ക വൈസ്​ ചെയർമാൻ പി. ശ്രീരാമകൃഷ്ണന്‍റെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലാണ്​ യാക്കൂബിന്‍റെ മോചനം സാധ്യമാക്കിയത്​.

ഭക്ഷണ ഡെലിവറി സ്ഥാപനമായ തലബാത്തിന്​ വേണ്ടി ഉപഭോക്​താക്കൾക്ക്​ ഭക്ഷണം എത്തിക്കുന്ന ജോലിയായിരുന്നു യാക്കൂബിന്​. പാകിസ്താനികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമായിരുന്നു തലബാത്തിൽ നിന്ന്​ ഈ സേവനം ഏറ്റെടുത്ത്​ നടപ്പാക്കിയിരുന്നത്​. രണ്ട്​ മാസം മുൻപ്​ ബൈക്കിൽ ഭക്ഷണവുമായി പോകവെ റോളയിൽവെച്ച്​ മുനിസിപ്പാലിറ്റി​ പരിശോധന നടത്തി. പെർമിറ്റ്​ കൈയിൽ കരുതിയില്ല എന്ന കുറ്റത്തിന്​ 1000 ദിർഹം പിഴയീടാക്കി. എന്നാൽ, ഈ തുക യാക്കൂബിന്‍റെ ശമ്പളത്തിൽ നിന്ന്​ കമ്പനി ഈടാക്കി. പെർമിറ്റ്​ ഓഫിസിൽ ഉണ്ടായിരുന്നെന്നും കൈയിൽ കരുതാതിരുന്നത്​ യാക്കൂബിന്‍റെ തെറ്റാണെന്നുമായിരുന്നു കമ്പനിയുടെ വാദം.

പെർമിറ്റാണെന്ന്​ പറഞ്ഞ്​ ഒരു പേപ്പർ യാക്കൂബിന്​ കൈമാറുകയും ചെയ്തു. ഈ രേഖയുമായി മുനിസിപ്പാലിറ്റിയിൽ എത്തിയ യാക്കൂബ്​ പിഴ എഴുതിത്തള്ളാൻ അപേക്ഷ നൽകി. എന്നാൽ, മുനിസിപ്പാലിറ്റിയിൽ നടത്തിയ പരിശോധനയിലാണ്​ ഇത്​ വ്യാജരേഖയാണെന്ന്​ മനസിലായത്​. വാഹനത്തിന്‍റെ നമ്പറും തീയതിയും മാറ്റിയ പെർമിറ്റാണ്​ കമ്പനി യാക്കൂബിനെ ഏൽപിച്ചിരുന്നത്​. ഇതിന്​ ശേഷം അവിടെ നിന്ന്​ മടങ്ങിയ യാക്കൂബിന്​ ദിവസങ്ങൾക്ക്​ ശേഷം​ അധികൃതരിൽ നിന്ന്​ വീണ്ടും വിളിയെത്തി. ഇതിന്​ പിന്നാലെയാണ്​ യാക്കൂബും രണ്ട്​ പാകിസ്താനികളും അറസ്റ്റിലായത്​. ഈ വിവരം അറിഞ്ഞ്​​ യാക്കൂബിന്‍റെ മാതാപിതാക്കൾ നോർക്ക വൈസ്​ ചെയർമാൻ പി. ശ്രീരാമകൃഷ്ണനെ ​ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ ഇടപെടലിൽ നടത്തിയ ​അന്വേഷണത്തിലാണ്​ യാക്കൂബ്​ ഏത്​ ജയിലിലാണെന്ന്​ അറിഞ്ഞത്​. രണ്ട്​ തവണ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി നിരസിച്ചു.

അഡ്വ. പി.എ ഹക്കിം ഒറ്റപ്പാലത്തിന്‍റെ ഇടപെടലിനെ തുടർന്ന്​ കോടതിയിൽ ഫാറൂഖ് അബ്ദുല്ല അഡ്വക്കേറ്റ്സ് വഴി വിഷയം ധരിപ്പിച്ചു. യാക്കൂബ്​ നിരപരാധിയാണെന്നും ഇദ്ദേഹത്തിന്​ മറ്റ്​ ദുരുദ്ദേശങ്ങളുണ്ടായിരുന്നില്ലെന്നും ശമ്പളം തടഞ്ഞു വച്ച വിവരവും കമ്പനിയെ ഉത്തമവിശ്വാസത്തോടെ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും കോടതിയെ ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ച കോടതി യാക്കൂബിനെയും മറ്റൊരു ജീവനക്കാരനെയും വെറുതെ വിട്ടു. വ്യാജരേഖ കൊടുത്ത പാകിസ്താനിയായ മാനേജർക്ക്​​ മൂന്ന്​ മാസം തടവും അതിന്​ ശേഷം നാടുകടത്തലും ശിക്ഷ വിധിച്ചു.

കേസിൽ പെടാതെ സൂക്ഷിക്കാം:

ഇത്തരം കേസുകളിൽ പ്രവാസികൾ കുടുങ്ങുന്നത്​ സാധാരണ സംഭവമായി മാറിയിരിക്കുകയാണ്​. ഇങ്ങനെ കേസിൽ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങ​ളെ കുറിച്ച്​ അഡ്വ. പി.എ. ഹക്കീം ഒറ്റപ്പാലം പറയുന്നു -'നമ്മുടെ നിഷ്കളങ്കതയെയും അറിവില്ലായ്മയെയും ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുത്. മറ്റുള്ളവർ തരുന്ന രേഖകൾ അതേപടി വിശ്വസിച്ച്​​ സർക്കാർ ഓഫിസുകൾക്ക്​ കൈമാറരുത്​. രേഖകൾ ഒറിജിനലാണെന്ന്​ ക്യൂ.ആർ കോഡ് പോലെയുള്ള സംവിധാനത്തിൽ പരിശോധിച്ച്​ ഉറപ്പുവരുത്തണം. ശമ്പളം കിട്ടിയില്ലെങ്കിൽ ലേബർ കോടതിയിലാണ്​ പരാതി നൽകേണ്ടത്​. ഇതിന്​ ഓൺലൈൻ, ഓഫ്​ലൈൻ സംവിധാനങ്ങളുണ്ട്​.

നമ്മുടെ ഉത്തരവാദിത്തത്തിൽ പെടാത്തതും വിസയിൽ ഉൾപെടാത്തതുമായ ഏതു ജോലി ചെയ്യേണ്ടിവരുമ്പോഴും അത് രേഖാമൂലമുള്ള ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരിക്കണം. ഇത്തരത്തിലുള്ള എന്തെങ്കിലും പ്രശനം വരുമ്പോൾ നമുക്കു ആധികാരികമായി ഉത്തരം പറയാനും രേഖകൾ സമർപ്പിക്കാനും ഇത്​ ഗുണം ചെയ്യും. ഇതുപോലെ നിസ്സാരമായി തോന്നുന്ന പല കാര്യങ്ങളും ഒരുപക്ഷെ നമ്മുടെ ജീവിതമാർഗത്തിനു തന്നെ തടസ്സമായേക്കാം. നമ്മൾ ജീവിക്കുന്ന രാജ്യത്തെ നിയമ സംവിധാനത്തെ കുറിച്ചും നമുക്കു ചുറ്റും നിത്യേന നടക്കുന്ന സംഭവങ്ങളെ കുറിച്ചും അറിയാനും ബോധവാന്മാരാവാനും ശ്രമിക്കുക എന്നതുമാത്രമാണ് പോംവഴി'.

Tags:    
News Summary - fake document case: native of Ponnani caught in a case in Sharjah is released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.