ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് കഴുത്തറപ്പൻ നിരക്ക്

ദുബൈ: ദുബൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂരിലേക്ക് കഴുത്തറപ്പൻ നിരക്ക്. കേരളത്തിലെ മറ്റ് വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, കണ്ണൂരിലേക്ക് ഈടാക്കുന്നതിൽ ഇരട്ടിയിലേറെ വ്യത്യാസമുണ്ട്. വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിൽ അനുമതി നൽകില്ലെന്ന കേന്ദ്രനിലപാടും എയർ ഇന്ത്യ ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾ സർവിസ് നടത്താതെ മുഖംതിരിച്ചുനിൽക്കുന്നതുമാണ് കണ്ണൂരിലേക്ക് മാത്രം നിരക്ക് കുത്തനെ ഉയരാൻ കാരണം. തിങ്കളാഴ്ച മുതൽ എയർ ഇന്ത്യ കണ്ണൂരിലേക്കുള്ള സർവിസ് നിർത്തിയതും തിരിച്ചടിയായി.

അടുത്ത ആഴ്ച കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് 300-500 ദിർഹമാണ് ദുബൈയിൽനിന്ന് ടിക്കറ്റ് നിരക്ക്. എന്നാൽ, കണ്ണൂരിലേക്ക് ഇത് 900 ദിർഹമിന് മുകളിലാണ്. ചില ദിവസങ്ങളിൽ 1000ത്തിനു മുകളിലാണ് നിരക്ക്. എമിറേറ്റ്സ് വിമാനംപോലും തിരുവനന്തപുരത്തേക്ക് 790 ദിർഹമിന് സർവിസ് നടത്തുന്ന ദിവസം ഗോ എയർ കണ്ണൂരിലേക്ക് ഈടാക്കുന്നത് 1040 ദിർഹമാണ്. ഈ ദിവസം കോഴിക്കോട്ടേക്ക് 310 ദിർഹം മാ ത്രമാണ് നിരക്ക്. സാധാരണ നിരക്ക് കുറവുള്ള ഷാർജയിൽ നിന്ന് പോലും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്രവിലക്ക് ഒഴിവാക്കുന്നതോടെ നിരക്ക് കുറയുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർ. എന്നാൽ, വിലക്ക് നീക്കം കണ്ണൂരിന് ഇരുട്ടടിയാണ് നൽകിയിരിക്കുന്നത്. യാത്രവിലക്കുണ്ടായിരുന്ന സമയത്ത് എയർബബ്ൾ കരാർ പ്രകാരം എയർ ഇന്ത്യ കണ്ണൂരിലേക്ക് സർവിസ് നടത്തിയിരുന്നു. വിലക്ക് നീങ്ങിയതോടെ എയർബബ്ൾ കരാർ അവസാനിച്ചതിനാൽ 28 മുതൽ എയർ ഇന്ത്യ സർവിസ് നിർത്തി. ഇൻഡിഗോയും സർവിസ് നടത്തുന്നില്ല. ഈ വിമാനങ്ങളുടെ വേനൽക്കാല ഷെഡ്യൂളിൽ കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കണ്ണൂരിനെ അവഗണിച്ചിരിക്കുകയാണ്. തൊട്ടടുത്തുള്ള കോഴിക്കോടിന് ഇരട്ടി സർവിസ് നൽകിയപ്പോഴാണ് കണ്ണൂരിനെ മൊത്തത്തിൽ അവഗണിച്ചത്.

വിദേശയാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഒമ്പതാം സ്ഥാനം നേടിയ വിമാനത്താവളമാണ് കണ്ണൂർ. ഓരോ മാസവും 20,000 വിദേശ യാത്രക്കാർ എത്തുന്ന എയർപോർട്ടാണിത്. എന്നിട്ടും, വിദേശ വിമാനങ്ങൾക്ക് ഇവിടേക്ക് അനുമതിയില്ല. തുടക്കം മുതൽ വിമാനത്താവളം നേരിടുന്ന അവഗണനയുടെ തുടർച്ചയാണിതെന്ന് പ്രവാസികൾ ആരോപിക്കുന്നു. നാലാം വർഷത്തിലേക്ക് കടക്കുമ്പോഴും സർക്കാർ തലത്തിൽ ഇടപെടലുണ്ടാകുന്നില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ എം.പിമാരുള്ള ജില്ലയാണ് കണ്ണൂർ. മുഖ്യമന്ത്രിയുടെ നാട് കൂടിയാണ്. സംസ്ഥാന സർക്കാറും രാഷ്ട്രീയ പാർട്ടികളും എം.പിമാരും ഈ വിഷയം കൂടുതൽ ശക്തമായി കേന്ദ്രത്തിൽ ഉന്നയിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. 

Tags:    
News Summary - Excessive fares from Dubai to Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.