ഷാർജ: ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ എമിറാത്തി വനിതകളുടെ നിക്ഷേപത്തിൽ വൻ വർധന. 2026 ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ 270 കോടി ദിർഹമിന്‍റെ ഇടപാടുകളാണ് എമിറാത്തി വനിതകൾ നടത്തിയത്. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപാർട്മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 3,737 എമിറാത്തി വനിതകളുടെ ഉടമസ്ഥതയിലുള്ള 3,385 പ്രോപ്പർട്ടികളിലാണ് ഈ നിക്ഷേപം നടന്നിട്ടുള്ളത്.
എമിറാത്തി വനിതാ ദിനാചരണത്തോട് അനുബന്ധിച്ചാണ് റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപാർട്മെന്റ് ഈ കണക്കുകൾ പുറത്തുവിട്ടത്. 2025ലെ സമാന കാലയളവിനെ അപേക്ഷിച്ച് മികച്ച വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. പ്രോപ്പർട്ടികളുടെ എണ്ണത്തിൽ 1.9 ശതമാനവും, ഉടമസ്ഥരുടെ എണ്ണത്തിൽ 4.2 ശതമാനവും, നിക്ഷേപ മൂല്യത്തിൽ 1.2 ശതമാനവും വർധനവുണ്ടായി.
യു.എ.ഇയിലെ വനിതകളുടെ ശാക്തീകരണത്തിനായി ‘രാഷ്ട്രമാതാവ്’ ശൈഖ ഫാത്തിമ ബിൻത് മുബാറക് ആവിഷ്കരിച്ച ദേശീയ നയത്തിന്‍റെ (2023–2031) വിജയമാണ് ഈ നേട്ടമെന്ന് അധികൃതർ വ്യക്തമാക്കി. ഷാർജ ഭരണാധികാരിയുടെ പത്നി ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ ഭരണനേതൃത്വവും വനിതകൾക്ക് അനുകൂലമായ നിയമസാഹചര്യങ്ങൾ ഒരുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. എമിറേറ്റിന്‍റെ സാമ്പത്തിക വളർച്ചയിലും വികസനത്തിലും വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന നിലപാട് തുടർന്നും സ്വീകരിക്കുമെന്ന് ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപാർട്മെന്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.